തിരുവനന്തപുരം:
സർവീസിലേക്ക് തിരികെ വിളിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ ക്ഷണം നിരസിച്ച് കണ്ണൻ ഗോപിനാഥൻ. രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തിരികെ സർവീസിൽ പ്രവേശിക്കാൻ കണ്ണൻ ഗോപിനാഥനോട് കേന്ദ്രം നിർദ്ദേശിച്ചത്. എന്നാൽ, തിരികെ സർവീസിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കണ്ണൻ കേന്ദ്രത്തിന് മറുപടി നൽകി.
ഇപ്പോൾ തിരികെ വിളിക്കുന്നത് കേന്ദ്രം കൂടുതൽ പീഡിപ്പിക്കാനാണെന്നും സർക്കാറിന്റെ പ്രതികാര ബുദ്ധിയാണ് ഇതിന് പിന്നിലെന്നും കണ്ണൻ അഭിപ്രായപ്പെട്ടു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഏർപ്പെടുത്തിയ വിലക്കും വാർത്താവിനിമയ സംവിധാനങ്ങളുടെ റദ്ദാക്കലിലും പ്രതിഷേധിച്ച് കഴിഞ്ഞ ഓഗസ്റ്റിലാണ് കണ്ണൻ ഐഎഎസ് പദവി രാജിവെച്ചത്. ഓഗസ്റ്റിൽ ജോലി ചെയ്തതിന്റെ അടക്കം ശമ്പളം ഇതുവരെ നൽകിയിട്ടില്ലെന്നും കണ്ണൻ പറഞ്ഞു. ഇതിന് മുൻപും സർവീസിൽ തിരികെ പ്രവേശിക്കാൻ കേന്ദ്രം കണ്ണൻ ഗോപിനാഥനോട് നിർദ്ദേശിച്ചിരുന്നു.