Fri. Mar 29th, 2024
ഡൽഹി:

രാജ്യത്തെ കൊവിഡ് വ്യാപനം തടയാൻ ഏപ്രിൽ 14 വരത്തേക്ക് പ്രഖ്യാപിച്ച ലോക്ക് ഡൗൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടാൻ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി ഇന്ന് രാവിലെ നടത്തിയ ചർച്ചയിലാണ് ലോക്ക് ഡൗൺ നീട്ടാൻ തീരുമാനിച്ചത്. എല്ലാ സംസ്ഥാനങ്ങളിലെയും കൊവിഡ് വ്യാപന നിരക്കും പ്രതിരോധപ്രവർത്തനങ്ങളും വിലയിരുത്താൻ വേണ്ടിയായിരുന്നു രാവിലെ 11 മണി മുതൽ വീഡിയോ കോൺഫെറെൻസിങ് വഴി പ്രധാനമന്ത്രി ചർച്ച നടത്തിയത്.

ലോക്ക് ഡൗൺ ഏർപ്പെടുത്തിയത് കൊവിഡ് വ്യാപനം തടയാൻ സഹായകമായി എന്ന വിലയിരുത്തലിൽ മിക്ക സംസ്ഥാനങ്ങളും കൂടുതൽ മെച്ചപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങൾക്കായി ലോക്ക് ഡൗൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടാൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് ഔദ്യോഗിക വിവരം. അതേ സമയം ചില മേഖലകൾക്ക് കൂടി ഇളവ് നല്കാൻ സാധ്യതയുണ്ടെന്ന സൂചനയും ഉണ്ട്. ഇത് സംബന്ധിച്ച വിശദമായ പുതിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുമെന്നാണ് വിവരം. ഒറ്റയടിക്കയ്ക്കുള്ള ലോക്ക് ഡൗൺ പിൻവലിക്കലിനെക്കാൾ ഉചിതം ഘട്ടം ഘട്ടമായ ഇളവുകൾ നല്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടന്നാണ് വിവരം. പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കാനും ആശങ്കകൾ പരിഹരിക്കാനും ഉള്ള നടപടികളും പ്രധാനമന്ത്രി വിളിച്ച ചർച്ചയിൽ ധാരണയായി. ഈ വിഷയത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ കേരളം ആവശ്യപ്പെട്ടിരുന്നു.

By Arya MR