Sat. Jan 18th, 2025

കൊച്ചി:

നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ‘അസെന്‍ഡ് 2020’ ആഗോള നിക്ഷേപ സംഗമമൊരുക്കി സംസ്ഥാന സർക്കാർ.

ജനുവരി 9,10 തിയ്യതികളില്‍ കൊച്ചി ബോള്‍ഗാട്ടിയിലെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലാണ് ആഗോള നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നത്.

നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കാന്‍ 100 മികച്ച പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. 60 പദ്ധതികള്‍ വ്യവസായ വകുപ്പ് നേരിട്ടും നാല്‍പതോളം പദ്ധതികള്‍ മറ്റു സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും അവതരിപ്പിക്കും.

രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള വ്യവസായങ്ങള്‍ ആകര്‍ഷിക്കാന്‍ സാധിക്കുന്ന കേന്ദ്രമായി കേരളത്തെ മാറ്റുന്നതിനുള്ള സുപ്രധാന നാഴികക്കല്ലായി അസെന്‍ഡ് 2020 നെ മാറ്റുമെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍ വ്യക്തമാക്കി.

ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍, വിനോദസഞ്ചാരം, അടിസ്ഥാന സൗകര്യം, പെട്രോകെമിക്കല്‍സ്, കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണം, മത്സ്യബന്ധനം, ഗതാഗതം തുടങ്ങി വിവിധ മേഖലകളിലുള്ള വൈവിധ്യമാര്‍ന്ന പദ്ധതികളുടെ നീണ്ട നിരയാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് വ്യവസായ വകുപ്പ് അറിയിച്ചു.

കൊച്ചി മെട്രോ മൂന്നാംഘട്ടം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ്, അമ്പലമുകള്‍ പെട്രോ കെമിക്കല്‍ പാര്‍ക്ക്, ആമ്പല്ലൂര്‍ ഇലക്ട്രോണിക്‌സ് പാര്‍ക്ക്, വിമാനച്ചിറകുകളുടെ നിര്‍മാണം, അന്തര്‍വാഹിനികളുടെ അടക്കം അറ്റകുറ്റപ്പണിയും ലക്ഷ്യമിടുന്ന കിന്‍ഫ്ര ഡിഫന്‍സ് പാര്‍ക്ക്, കണ്ണൂരില്‍ ഹോട്ടലുകളും കണ്‍വന്‍ഷന്‍ കേന്ദ്രവും ഉള്‍പ്പെടുന്ന വിനോദസഞ്ചാര, വ്യാപാര സിറ്റി, തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ ഇടനാഴി എന്നിവയാണ് ആഗോള നിക്ഷേപക സംഗമത്തില്‍ അവതരിപ്പിക്കുന്ന ചില പ്രധാന പദ്ധതികള്‍.

കൂടാതെ തിരുവനന്തപുരത്ത് ഒരുക്കുന്ന ബയോ 360 ജൈവശാസ്ത്ര പാര്‍ക്ക്, പച്ചക്കറികള്‍, മാംസം, മത്സ്യം, ഔഷധങ്ങള്‍ എന്നിവ കേടുകൂടാതെ സൂക്ഷിക്കുന്നതിന് പുതുവൈപ്പിനില്‍ ആരംഭിക്കുന്ന അതിശീത സംഭരണകേന്ദ്രം എന്നിവയും നിക്ഷേപകരെ ആകര്‍ഷിക്കുന്ന പദ്ധതികളാണ്.

ബിസിനസ് നടത്തിപ്പ് സുഗമമാക്കുന്ന സമീപനത്തിന്റെ ഭാഗമായി പുതിയ നയങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും സര്‍ക്കാര്‍ തുടക്കമിട്ടിരിക്കയാണ്.

വ്യവസായങ്ങള്‍ക്ക് ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പുനഃപരിശോധിക്കുകയും തടസ്സരഹിതമായ ആശയവിനിമയം സാധ്യമാക്കുന്ന വിധം നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കും സംരംഭകര്‍ക്കും പ്രയോജനകരമായ ഇലക്ട്രോണിക് സംവിധാനങ്ങളും സർക്കാർ  ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്.