Wed. Jan 22nd, 2025
ന്യൂഡൽഹി:

 
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും ഒരാഴ്ചയായിലേറെയായി നീളുന്ന പ്രതിഷേധത്തിനിടയിൽ ഇരുപതിലധികം പേർ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിൽ ബിജ്നോർ, മീററ്റ്, സംഭാൽ, കാൻപുർ, ഫിറോസാബാദ് എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് ഉണ്ടായത്. അതേസമയം വാരാണസിയില്‍ വെടിയേറ്റ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധ സമരത്തില്‍ നിരവധി ആളുകളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കല്ലെറിയുന്നതിന്റെയും ജലപീരങ്കി ഉപയോഗിക്കുന്നതിന്റേയും വീഡിയോകള്‍ പുറത്തുവന്നിരുന്നു.

ഉത്തർപ്രദേശിൽ ലക്‌നൗ ഉൾപ്പെടെ 22 നഗരങ്ങളിൽ എസ്എംഎസ്, ഇന്റർനെറ്റ് എന്നിവയ്ക്കു വിലക്കുണ്ട്. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനകള്‍ റദ്ദാക്കിയതിനാല്‍ പല വാര്‍ത്തകളും പുറത്തുവരുന്നില്ല. അതേസമയം മീററ്റ്, പിലിഭിത്ത് എന്നിവിടങ്ങളില്‍ ഇപ്പോഴും കര്‍ഫ്യൂ തുടരുകയാണ്.

ഭരണഘടന സംരക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി, ഡൽഹി ജുമാ മസ്ജിദിൽ നിന്ന് ആയിരങ്ങൾ അണിനിരന്ന കൂറ്റൻ പ്രകടനം നടന്നു. പ്രകടനത്തിന് ചന്ദ്രശേഖർ ആസാദ് നേതൃത്വം നൽകി. പ്രതിഷേധക്കാർക്കിടയിൽ നിന്ന് ചന്ദ്രശേഖറിനെ വിട്ടുകിട്ടാൻ ജുമാ മസ്ജിദിനുമുന്നിൽ പൊലീസ് ഏറെ നേരം കാത്തു നിന്നു. രാത്രി ഏറെ വൈകിയും സ്ഥലത്തു സംഘർഷാവസ്ഥ തുടർന്നു.
അതേസമയം മംഗളൂരുവിൽ റിപ്പോർട്ടിങ്ങിനെത്തിയ 8 മലയാളി മാധ്യമപ്രവർത്തകരെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഷ്യാനെറ്റ്, ന്യൂസ് 18, മീഡിയ വൺ ചാനലുകളുടെ പ്രവർത്തകരെ 7 മണിക്കൂർ കസ്റ്റഡിയിൽവെച്ച ശേഷം വൈകിട്ട് കേരള അതിർത്തിയായ തലപ്പാടിയിൽ ഇറക്കിവിട്ടു.