Thu. Dec 19th, 2024

ന്യൂഡൽഹി:

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ചെങ്കോട്ടക്ക് മുന്നിൽ   പ്രതിഷേധത്തിൽ പങ്കെടുത്ത സിപിഐഎം മുതിര്‍ന്ന നേതാക്കളായ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടിനെയും അറസ്റ്റ് ചെയ്തു. സിപിഐ നേതാവ് ഡി രാജയും അറസ്റ്റിലാണ്. സമരത്തിലുണ്ടായിരുന്ന ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയും സാമൂഹ്യപ്രവര്‍ത്തകനുമായ ഉമര്‍ ഖാലിദിനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഡൽഹി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തു നീക്കിയത്.

നേരത്തെ തന്നെ ചെങ്കോട്ടയിൽ സമരത്തിൽ പങ്കെടുത്തിരുന്ന ജാമിയ സര്‍വ്വകലാശാലയിലെ വിദ്യാർത്ഥികളെ ഉൾപ്പടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. നൂറുക്കണക്കിന് വിദ്യാർത്ഥികളെ ഇതിനകം പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു.

ഡൽഹിയിൽ  ഇന്റര്‍നെറ്റ്  സേവനമുൾപ്പടെ  വിലക്കേർപ്പെടുത്തിയിരിക്കുകായാണ്. സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച്  സേവനങ്ങള്‍ റദ്ദ് ചെയ്യുകയാണെന്ന് എയര്‍ടെല്‍  ട്വീറ്റ് ചെയ്തിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനു ബംഗളുരുവിൽ ചരിത്രകാരനും,സാമൂഹിക പ്രവർത്തകനുമായ  രാമചന്ദ്ര ഗുഹയെ പോലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിയുടെ പോസ്റ്റര്‍ കൈവശം വെച്ചതിനും ഭരണഘടനയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനും പൊലീസ് തന്നെ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണെന്ന് രാമചന്ദ്ര ഗുഹ മാധ്യമങ്ങളോട് പ്രതികരിച്ചു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും 144 ഏര്‍പ്പെടുത്തിയും കേന്ദ്ര സർക്കാർ മെട്രോസ്‌റ്റേഷനുകള്‍ അടച്ചിട്ടും ഇന്റര്‍നെറ്റ് റദ്ദാക്കിയും  ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ജനങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും കോണ്‍ഗ്രസ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.