ന്യൂഡല്‍ഹി:
രാജ്യതലസ്ഥാനത്ത് ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയില്‍ സൗജന്യമായി വൈഫൈ സംവിധാനം ഏര്‍പ്പെടുത്താന്‍ കെജ്രിവാള്‍ നിര്‍ദ്ദേശിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഎ റിപ്പോര്‍ട്ട് ചെയ്തു.
വോയിസ്, എസ്എംഎസ് ഡാറ്റ എന്നിവയാണ് തലസ്ഥാനത്ത് റദ്ദാക്കിയത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദേശപ്രകാരം സേവനം നിര്‍ത്തിവെക്കുകയാണെന്ന് ഭാരതി എയര്‍ടെല്‍ ട്വീറ്റ് ചെയ്തിരുന്നു. മൊബൈല്‍ ഫോണ്‍ സേവനം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ മൊബൈല്‍ കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തലസ്ഥാന നഗരിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സഹചര്യത്തിലാണ് ഇന്‍റര്‍നെറ്റ്, ഫോണ്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയത്. നിരവധി മെട്രോ സ്റ്റേഷനുകള്‍ അടച്ചിടുകയും ചെയ്തിട്ടുണ്ട്. പോലീസിന്‍റെ അനുമതിയില്ലാതിരുന്നിട്ടും ചെങ്കോട്ടയ്ക്ക് സമീപം പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ ഇടതുപക്ഷ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന നൂറോളം പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടത് പ്രക്ഷോഭങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.
മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ഡി രാജ, ചരിത്രകാരനായ രാമചന്ദ്ര ഗുഹ, ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയും സാമൂഹ്യപ്രവര്‍ത്തകനുമായ ഉമര്‍ ഖാലിദ് തുടങ്ങി നിരവധി പ്രമുഖ വ്യക്തിത്വങ്ങളാണ് രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നായി അറസ്റ്റിലായിട്ടുള്ളത്.
സംഘര്‍ഷത്തെ തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള ദേശീയ പാതയായ എന്‍എച്ച് 47 ഉം, മറ്റു പ്രധാന റോഡുകളും അടച്ചിട്ടിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഡല്‍ഹിയില്‍ എത്താതിരിക്കാനാണ് നടപടി.