Fri. Apr 19th, 2024

കൊച്ചി:

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ മകളെ അഭിനന്ദിച്ച് എം.ബി രാജേഷ് എം.പി. അതോടൊപ്പം മകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ എതിര്‍ത്ത ഗാംഗുലിയുടെ നിലപാടിനെയും എംബി രാജേഷ് വിമര്‍ശിച്ചു.

ഖുഷ്വന്ത് സിങ്ങിന്റെ പുസ്തകം ഉദ്ധരിച്ചു കൊണ്ടാണ് ഗാംഗുലിയുടെ മകള്‍ സന ഇന്ത്യക്ക് അന്ത്യം കുറിക്കാനുള്ള സംഘ പരിവാറിന്റെ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചത്. കളിക്കുന്ന കാലത്ത് ഗാംഗുലി ക്രീസിൽ നിന്ന് ചാടിയിറങ്ങി ബാറ്റ് വീശിയാൽ പന്ത് ഗ്യാലറിയിൽ നോക്കിയാൽ മതിയായിരുന്നു. ക്രീസ് വിട്ടിറങ്ങി ആഞ്ഞടിച്ച ആ കാലം പിന്നിട്ട ഗാംഗുലി ഇപ്പോൾ അധികാരത്തിന്റെ ക്രീസിൽ തളച്ചിടപ്പെട്ടിരിക്കുകയണെന്ന് എബി രാജേഷ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 

ഈ നിര്‍ണ്ണായക ചരിത്ര സന്ദര്‍ഭത്തില്‍ നീതിയുടെ പക്ഷത്ത്, പൊരുതുന്ന മനുഷ്യരുടെ പക്ഷത്ത് ഗാംഗുലിയില്ലെന്നും പക്ഷേ മകള്‍ സന അവര്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നെന്നും എം.ബി രാജേഷ് പറഞ്ഞു.

വിഖ്യാതമായ ലോര്‍ഡ്‌സിലെ മൈതാനത്ത് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന്റെ ആഹ്ലാദം ഷര്‍ട്ടൂരി വീശി പ്രകടിപ്പിച്ച അന്നത്തെ റിബല്‍ ഇന്ന് മകളോട് അഭിപ്രായം പറയരുതെന്ന് വിലക്കുമ്പോള്‍ അവള്‍ റിബലായി നിലപാട് ഉറക്കെ പറയുന്നു.

മകള്‍ അച്ഛനേക്കാള്‍ ധീരതയും വിവേകവും സത്യസന്ധതയും പുലര്‍ത്തുന്നു. ഇപ്പോള്‍ എനിക്ക് ഗാംഗുലിയോടുള്ള ഇഷ്ടം അവശേഷിക്കുന്നത് ധീരയായ സനയുടെ അച്ഛനെന്ന നിലയില്‍ മാത്രമാണെന്നും എം.ബി രാജേഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

By Binsha Das

Digital Journalist at Woke Malayalam