കൊച്ചി:
പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ നിരവധി സിനിമാ താരങ്ങളാണ് ഐകൃദാര്‍ഢ്യം പ്രകടിപ്പച്ചത്. രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ തുടരുമ്പോള്‍ പ്രതികരണവുമായി നടന്‍ മമ്മൂട്ടിയും രംഗത്തുവന്നിരിക്കുകയാണ്. രാജ്യത്തിന്‍റെ ഐകൃം ഇല്ലാതാക്കുന്ന എല്ലാത്തിനെയും നിരുത്സാഹപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
“ജാതി,മതം,വിശ്വാസം തുടങ്ങിയ പരിഗണനകള്‍ക്കപ്പുറം ഉയരുമ്പോഴാണ് ഒരു രാഷ്ട്രമായി നാം നിലകൊള്ളുക. ഐക്യത്തിന്റെ ആത്മാവ് ഇല്ലാതാക്കുന്ന എല്ലാറ്റിനെയും നമ്മള്‍ നിരുത്സാഹപ്പെടുത്തണം” മമ്മൂട്ടി ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
നേരത്തെ, ദുല്‍ഖര്‍ സല്‍മാന്‍, പാർവ്വതി തിരുവോത്ത്, പൃഥ്വിരാജ്, സണ്ണി വെയിൻ, അമലാ പോൾ, ഇന്ദ്രജിത്ത് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ലിജോ ജോസ് പല്ലിശേരി, റിമാ കല്ലിങ്കൽ, ആഷിഖ് അബു, ഷെയിൻ നിഗം, ഗീതു മോഹൻദാസ് തുടങ്ങി മലയാളി താരങ്ങളും, ബോളിവുഡ് താരങ്ങളും പൗരത്വ നിയമഭേദഗതിക്കെതിരെ രംഗത്തുവന്നിരുന്നു.
“മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവ നമ്മുടെ ജന്മാവകാശമാണ്, അതിനെ നശിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും നാം ചെറുക്കണം. എന്നിരുന്നാലും, നമ്മുടെ പാരമ്പര്യം അഹിംസയാണെന്ന് ഓർമ്മിക്കുക. സമാധാനപരമായി പ്രതിഷേധിക്കുകയും മെച്ചപ്പെട്ട ഇന്ത്യയ്ക്കായി നിലകൊള്ളുകയും ചെയ്യുക,” എന്നായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.