Fri. Apr 19th, 2024
ന്യൂഡല്‍ഹി:

വിവാദമായ നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ പ്രതിയായ അക്ഷയ് സിങ്ങ് നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ ബെഞ്ചാണു വിധി പറഞ്ഞത്. 2017-ലെ വിധിയില്‍ തെറ്റില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി അക്ഷയ് സിങ്ങിന്‍റെ വധശിക്ഷ ശരിവയ്ക്കുകയായിരുന്നു.

കേസിൽ വധശിക്ഷ നടപ്പാക്കാൻ സർക്കാർ അനാവശ്യ ധൃതി കാട്ടുന്നുവെന്നും, രാഷ്ട്രീയ അജണ്ടയാണെന്നുമാണ് പ്രതിഭാഗത്തിന്‍റെ ആരോപണം. കേസിന്‍റെ തുടക്കം മുതൽ രാഷ്ട്രീയ സമ്മർദ്ദം പ്രകടമാണ്. വിചാരണ നീതിപൂർവ്വമല്ല. ഡൽഹി ഗ്യാസ് ചേംബറായതിനാൽ ഇവിടെ പ്രത്യേക വധശിക്ഷ ആവശ്യമില്ലെന്നും പ്രതിഭാഗം ഉന്നയിച്ചു. കോടതി നടപടിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്.

അതെ സമയം, വിധി നടപ്പാക്കുന്നതു വൈകിപ്പിക്കാനാണു പ്രതിഭാഗം അഭിഭാഷകരുടെ ശ്രമമെന്ന് സോളിസിറ്റര്‍ ജനറല്‍ കെകെ വേണുഗോപാല്‍ ആരോപിച്ചു. ചിലര്‍ ദയാഹര്‍ജി നല്‍കി പിന്നീടു പിന്‍വലിക്കുന്നത് ഇതിനു വേണ്ടിയാണ്. അതിനാല്‍ എത്രയും പെട്ടെന്നു വിധി നടപ്പാക്കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.

2012 ഡിസംബര്‍ 16ന് രാത്രിയായിരുന്നു കേസിനാധാരമായ സംഭവം നടക്കുന്നത്. പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും, കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ചെയ്തെന്നാണ് കേസ്. സിംഗപ്പൂരില്‍ ചികിത്സയിലായിരിക്കെ രണ്ടാഴ്ചയ്ക്കു ശേഷം പെണ്‍കുട്ടി മരണത്തിനു കീഴടങ്ങുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറു പേരാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത്. ഇതില്‍ ഒന്നാം പ്രതിയായ റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ വച്ച് ജീവനൊടുക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്നുവര്‍ഷം തടവുശിക്ഷയാണ് വിധിച്ചത്.

മറ്റു പ്രതികളായ മുകേഷ് (29), വിനയ് ശര്‍മ (23), അക്ഷയ് കുമാര്‍ സിങ് (31), പവര്‍ ഗുപ്ത (22) എന്നിവര്‍ക്കാണ് സുപ്രീം കോടതി വധശിക്ഷ വിധിച്ചത്. ഇതില്‍ മൂന്നു പ്രതികള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. അതെ സമയം, അക്ഷയ് സിങ്ങിന്‍റെ ഹര്‍ജി തള്ളിയതില്‍ സന്തോഷമുണ്ടെന്ന് നിർഭയയുടെ അമ്മ ആശാദേവി പ്രതികരിച്ചു.