Wed. Jan 22nd, 2025

ചെന്നൈ:

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാട് വ്യക്തമാക്കി മക്കള്‍ നീതി മയ്യം സ്ഥാപകന്‍ കമല്‍ഹാസന്‍. ദേശീയ പൗരത്വ നിയമം മോദി സർക്കാരിനെ കൊണ്ട് പിൻവലിക്കുന്നവരെ തനിക്കു വിശ്രമമില്ലന്ന് കമലാഹാസൻ വ്യക്തമാക്കി.

തമിഴ് ജനതയുടെയും രാജ്യത്തിന്റെയും താല്‍പ്പര്യങ്ങളെ മോദി സർക്കാർ വഞ്ചിച്ചു. അവര്‍ യജമാനന്മാരെയാണ്  അനുസരിക്കുന്നത്. അവരുടെ യജമാനന്മാര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയാം. അധികാരം ജനങ്ങള്‍ക്ക് കൂടി ഉണ്ടാകുമ്പോള്‍ മാത്രമാണ്  ജനാധിപത്യ പ്രക്രിയ പൂർത്തിയാവുക. ഒരു ‘പുതിയ ഇന്ത്യ’ ജനിക്കുമെന്ന് മധുരമായി നുണ പറഞ്ഞ് അധികാരത്തിലെത്തിയ ബിജെപി ജനങ്ങളെ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അവര്‍ ഒരു ഭേദഗതി കൊണ്ടുവന്നിരിക്കുകയാണ്. ഒരു പാകിസ്ഥാന്‍ ഹിന്ദുവിനെ ഇതില്‍ ഉള്‍പ്പെടുത്തുമ്പോള്‍ എന്തുകൊണ്ടാണ് ശ്രീലങ്കന്‍ ഹിന്ദു അഭയാര്‍ഥികളെ നിയമത്തില്‍ ഉള്‍പ്പെടുത്താത്തത് എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

ഇത് കേന്ദ്രസര്‍ക്കാരിന്റെ ഒരു തരം ഗൂഢാലോചനയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, കര്‍ഷക ആത്മഹത്യകള്‍, പെട്രോള്‍ വിലവര്‍ധന തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളിലൊന്നും മോദി സര്‍ക്കാർ നടപടി സ്വീകരിച്ചില്ല. ഇതിന്റെ പകരമായി മതപരമായ രീതിയില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്.

ഇന്ത്യയിലെമ്പാടും വിവിധ സര്‍വകലാശാലകളില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തേയും അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. വിദ്യാര്‍ത്ഥി സമൂഹത്തിന് നേരെയുള്ള ഓരോ അക്രമം ജനാധിപത്യം ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള പ്രഹരമാനിന്നും  അദ്ദേഹം കൂട്ടിചേർത്തു.

പൗരത്വഭേദഗതി നിയമം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ബാധിക്കില്ലെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്ഥാവന കമല്‍ ഹാസന്‍ തള്ളി. ഹിന്ദു രാഷ്ട്രത്തെക്കുറിച്ചുള്ള അവരുടെ ആഗ്രഹം സാക്ഷാത്കരിക്കുന്നതിനുള്ള ആദ്യപടിയാണ് ഇതെന്നും അതിനെ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ ഇന്ത്യയിലെ പല ജനകീയ നടന്മാരും സംസാരിക്കാന്‍ തയ്യാറാകാത്തല്ല, അവര്‍ക്ക് ആശങ്കയുണ്ടെന്നാണ് കമല്‍ഹാസന്‍ പ്രതികരിച്ചത്. തൂത്തുക്കുടി പോലീസ് വെടിവെപ്പ്  പോലുള്ള സംഭവങ്ങള്‍ അവരെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ചിലര്‍ക്ക് ബിജെപിയോടുള്ള ഭയം നിലനില്‍ക്കുന്നുണ്ടെന്നും മിക്ക ശബ്ദങ്ങളേയും അവര്‍ അടക്കിനിര്‍ത്തുകയാണെന്നും കമല്‍ ഹാസന്‍ പ്രതികരിച്ചു.