Thu. Dec 19th, 2024
ന്യൂഡല്‍ഹി:
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ സര്‍വകലാശാലയിലെ
വിദ്യാർത്ഥികള്‍ക്കു നേരെ പോലീസ് നടത്തിയ നരനായാട്ടിൽ ഇന്ത്യ ഗേറ്റിനു മുന്നിൽ
പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും അണിചേർന്നു.
‘രാജ്യത്തിന്റെ അന്തരീക്ഷം വളരെ മോശമാണ്. വിദ്യാർത്ഥികളെ മര്‍ദ്ദിക്കുന്നതിന് പോലീസ് സര്‍വകലാശാല കാമ്പസിനുള്ളില്‍ പ്രവേശിക്കുന്നു. സര്‍ക്കാര്‍ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമം നടത്തുന്നു. ഭരണഘടനയെ സംരക്ഷിക്കുന്നതിനായി നമുക്ക് പോരാടിയേ പറ്റൂ, “പ്രതിഷേധ സമരത്തിൽ പങ്കെടുത്തു കൊണ്ട് പ്രിയങ്ക ഗാന്ധി പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം നടന്ന പ്രതിഷേധ ധര്‍ണയിൽ  കോണ്‍ഗ്രസ് നേതാക്കളായ എകെ ആന്റണി, കെസി വേണുഗോപാല്‍, പിഎല്‍ പുനിയ, അഹമ്മദ് പട്ടേല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല തുടങ്ങിയ നേതാക്കളും പ്രിയങ്കയ്‌ക്കൊപ്പം ധര്‍ണയില്‍ പങ്കെടുത്തു.
അതേസമയം, കൊല്‍ക്കത്തിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച വന്‍ബഹുജന റാലിയിൽ ആയിരക്കണക്കിനാളുകൾ തെരുവിലിറങ്ങി.
പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും സംസ്ഥാനത്ത് നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി മമത ബാനർജി  റാലിയിൽ പങ്കെടുത്തു കൊണ്ട് പറഞ്ഞു.

 

തിരുവനന്തപുരത്തു നടന്ന ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ സംയുക്ത  സത്യാഗ്രഹ സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കൾ പങ്കെടുത്തു സംസാരിച്ചു.

“എല്ലാ മതവിശ്വാസികള്‍ക്കും ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും താമസിക്കാനുള്ള രാജ്യമാണ് ഇന്ത്യ. അത്തരമൊരു രാജ്യത്താണ് ഇങ്ങനെയൊരു നിയമം പാസാക്കിയത്. പൊതുവായ സാംസ്‌കാരിക സവിശേഷതകള്‍ മുന്‍നിര്‍ത്തിയാണ് ഇന്ത്യ എന്ന രാജ്യം രൂപീകരിക്കുന്നത്.  ഇന്ത്യാ എന്ന രാജ്യസങ്കല്‍പ്പം ജനങ്ങള്‍ സൃഷ്ടിച്ചതാണ്”, മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്ന് പ്രപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു.