Mon. Dec 23rd, 2024

ന്യൂ ഡൽഹി:

പൗരത്വ നിയമത്തിനെതിരെ സമരം ചെയ്ത ജാമിയ വിദ്യാർത്ഥികളെ തല്ലിച്ചതച്ച പോലീസ് ഭീകരതക്കെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തു വന്നു. ജനങ്ങളുടെ ശബ്ദത്തെ മോദി സര്‍ക്കാര്‍ ഭയക്കുകയാണ്. യുവാക്കളേയും വിദ്യാര്‍ത്ഥികളേയും അടിച്ചമര്‍ത്തുകയാണെന്നും പ്രിയങ്ക തുറന്നടിച്ചു. മോദി സർക്കാർ ഭീരുവാണന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ  പോലീസ് നടത്തിയ നരനായട്ടെന്നും  പ്രിയങ്ക തുറന്നടിച്ചു.

“രാജ്യത്തെ സര്‍വകലാശാലകളിലേക്ക് പതുങ്ങിച്ചെന്ന് പൊലീസ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയാണ്. ജനങ്ങളെ ശ്രദ്ധിക്കേണ്ട ഒരു സമയത്ത്, വിദ്യാര്‍ത്ഥികളെയും പത്രപ്രവര്‍ത്തകരെയും അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍,” ട്വിറ്ററിലൂടെയാണ് തന്റെ പ്രതിഷേധം പ്രിയങ്ക പങ്കു വെച്ചത്.

“ഇതാണ് ഇന്ത്യന്‍ യുവാക്കള്‍, അവരെ അടിച്ചമര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഇപ്പോഴല്ലെങ്കില്‍ ഉടന്‍ നിങ്ങള്‍ക്ക് അവരുടെ ശബ്ദം കേള്‍ക്കേണ്ടി വരുമെന്നും” പ്രിയങ്ക വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്നാണ് ജാമിയയില്‍ പൊലീസ് അക്രമം അഴിച്ചുവിട്ടത്. പൊലീസ് പ്രവേശിച്ചത് അനുവാദം കൂടാതെയും നിയമം ലംഘിച്ചാണെന്നും സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം രാജ്യമെമ്പാടും ജാമിയയിലെ അക്രമത്തിനെതിരെ വിദ്യാർത്ഥികളും, രാഷ്ട്രീയപ്പാര്‍ട്ടികളും നടത്തി വരുന്ന  പ്രതിഷേധങ്ങള്‍ തുടരുകയാണ്.