Sat. May 11th, 2024
ന്യൂഡൽഹി:

ജാമിയ മില്ലിയ സർവകലാശാലയിൽ നടന്ന പോലീസ് നരനായാട്ടിനെതിരെ ഡൽഹി ആസ്ഥാനത്തു നടന്ന വിദ്യാർത്ഥികളുടെ ഉപരോധ സമരത്തിന് വിജയം. ജാമിയ ക്യാമ്പസിൽ നിന്ന് ഞാറാഴ്ച അൻപതോളം വിദ്യാർത്ഥികളെ  പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്നു അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളെ പോലീസ് വിട്ടയച്ചതോടെയാണ് ഉപരോധ സമരം വിജയിച്ചത്. എന്നാൽ പോലീസ് ആസ്ഥാനത്തു നടന്നു വന്ന ഉപരോധ സമരം മാത്രമാണ് അവസാനിപ്പിച്ചതെന്നും തങ്ങൾക്കെതിരെ നടക്കുന്ന ആക്രമങ്ങൾക്കെതിരെ സന്ധിയില്ലാതെ പോരാടുമെന്നും ജാമിയ വിദ്യാർത്ഥികൾ അറിയിച്ചു.

ജെഎന്‍യു വിദ്യാര്‍ഥികളും, ജാമിയ വിദ്യാര്‍ഥികളാണുമാണ് സമരത്തിനു നേതൃത്വം നല്‍കിയത്. സിപിഐ എം നേതാവ് ബൃന്ദാ കാരാട്ട്, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, സിപിഐ നേതാവ് ആനി രാജ, ദളിത് നേതാവും ഭീം ആര്‍മി തലവനുമായ ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയവര്‍ പ്രതിഷേധത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്  സമരക്കാര്‍ക്കൊപ്പം അണിചേര്‍ന്നിരുന്നു. അലിഗഢ് മുസ്‌ലിം സര്‍വകലാശാല, ബനാറസ് ഹിന്ദു സര്‍വകലാശാല, ബോംബെ സര്‍വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍  ജാമിയ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മുന്നോട്ട് വന്നു. സമരത്തിനു പിന്തുണയുമായി ദല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സംഘടനയായ ഐസ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷകള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്നാണ് ജാമിയയില്‍ പൊലീസ് അക്രമം അഴിച്ചുവിട്ടത്. പൊലീസ് പ്രവേശിച്ചത് അനുവാദം കൂടാതെയും നിയമം ലംഘിച്ചാണെന്നും സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം രാജ്യമെമ്പാടും ജാമിയയിലെ അക്രമത്തിനെതിരെ വിദ്യാർത്ഥികളും, രാഷ്ട്രീയപ്പാര്‍ട്ടികളും നടത്തി വരുന്ന  പ്രതിഷേധങ്ങള്‍ തുടരുകയാണ്.