Thu. Dec 19th, 2024

ഷാങ്ഗായി:

യുഎസ് ചരക്കുകള്‍ക്കുമേല്‍ ഡിസംബര്‍ 15 ന് നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്ന അധിക തീരുവ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലിന്റെ കസ്റ്റംസ് താരിഫ് കമ്മീഷന്‍ ഞായറാഴ്ച അറിയിച്ചു.

ലോകത്തെ രണ്ട് വലിയ സമ്പദ് വ്യവസ്ഥകൾ  തമ്മില്‍ ‘ഒന്നാം ഘട്ട’ വ്യാപാര കരാര്‍ വെള്ളിയാഴ്ച അംഗീകരിച്ചതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം.

കരാറുകള്‍ക്കും കിംവദന്തികള്‍ക്കും ലോകവിപണിയെ മാസങ്ങളോളം വട്ടം കറക്കിയതിനുമൊടുവില്‍ വ്യാപാര തര്‍ക്കം അയയുന്നതിന് സമാനമായാണ് ചൈന യുഎസില്‍ നിന്നുള്ള കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് മേലുളള നികുതി കുറയ്ക്കുന്നത്.

ധാന്യം, ഗോതമ്പ്, യുഎസ് നിര്‍മ്മിത വാഹനങ്ങള്‍, വാഹന ഭാഗങ്ങള്‍ എന്നിവയ്ക്കാണ് ചൈന ഡിസംബര്‍ 15 മുതല്‍ നികുതി ഈടാക്കാനിരുന്നത്.

എന്നാല്‍ മറ്റ് യുഎസ് ചരക്കുകള്‍ക്ക് മേല്‍ ഇതിനകം നടപ്പാക്കി വരുന്ന നിരക്കുകള്‍ തുടരുമെന്ന് ചൈനീസ് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

സമത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തില്‍, അമേരിക്കയുമായി നിലനില്‍ക്കുന്ന അടിസ്ഥാന ആശങ്കകള്‍ പരിഹരിച്ച് സാമ്പത്തിക, വാണിജ്യ ബന്ധങ്ങളുടെ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.

2017 ല്‍ വാങ്ങിയ തുകയില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 200 ബില്യണ്‍് ഡോളറിന്റെ ചരക്കുകളും സേവനങ്ങളും ഇറക്കുമതി ചെയ്യാമെന്ന് ചൈന ഇതിനകം കരാര്‍ ചെയ്തിട്ടുണ്ട്.

അതേസമയം 250 ബില്യണ്‍ ഡോളര്‍ വിലവരുന്ന ചൈനീസ് സാധനങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് യുഎസ് വ്യാപാര പ്രതിനിധിയും അറിയിച്ചിട്ടുണ്ട്.