Fri. Apr 19th, 2024

കൊച്ചി ബ്യൂറോ:

പൗരത്വഭേദഗതി ബില്ലിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം കത്തിപ്പടരുമ്പോള്‍ കെെകോര്‍ത്ത്  സുഡാനി ഫ്രം നെെജീരിയ ടീം. പൗരത്വ ഭേദഗതി-എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാർഡിന്റെ ചടങ്ങിൽ നിന്നും  സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകനും, തിരക്കഥാകൃത്തും, നിർമ്മാതാക്കളും വിട്ടുനില്‍ക്കും.

“പൗരത്വ ഭേദഗതി-എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാർഡിന്റെ ചടങ്ങിൽ നിന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകൻ എന്ന നിലക്ക്‌ ഞാനും തിരക്കഥാകൃത്ത്‌ മുഹ്സിൻ പരാരിയും നിർമ്മാതാക്കളും വിട്ടുനിൽക്കും”- സംവിധായകന്‍ സക്കറിയ മുഹമ്മദ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ പ്രഖ്യാപിച്ച അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ ആയിരുന്നു.

ചിത്രത്തിലെ പ്രകടനത്തിന് നടി സാവിത്രിക്കും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരുന്നു. പുരസ്‌കാര പരിപാടികൾ ഡൽഹിയിൽ നടക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ നയങ്ങളോടുള്ള പ്രതിഷേധ സൂചകമായി അണിയറ പ്രവര്‍ത്തകര്‍ ചടങ്ങ് ബഹിഷ്‌കരിച്ചിരിക്കുന്നത്.

 

By Binsha Das

Digital Journalist at Woke Malayalam