Fri. Nov 22nd, 2024

ഡുംക:

പൗരത്വ നിയമഭേദഗതിക്കെതിരെ അസമില്‍ സമാധാനപരമായി പ്രക്ഷോഭം നടത്തുന്നവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കത്തിപ്പടരുമ്പോള്‍ വര്‍ഗ്ഗീയ പരാമര്‍ശവും നടത്തി രംഗത്തെത്തിയിരിക്കുകയാണ് മോദി.

അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് മോദി പറഞ്ഞത്. ജാർഖണ്ഡിലെ ഡുംകയിൽ‌ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകവേയാണ് ഈ വിദ്വേഷ പരാമര്‍ശം.

”അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്ന അസമിലെ സഹോദരി സഹോദരന്മാരെ ഞാന്‍ അഭിനന്ദിക്കുന്നു. സമാധാനപരമായ മാര്‍ഗ്ഗത്തിലൂടെയാണ് അവര്‍ പ്രതികരിക്കുന്നത്” എന്നായിരുന്നു മോദിയുടെ പരാമര്‍ശം.

അതോടൊപ്പം, പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യത്തിന്‍റെ ഭൂരിഭാഗങ്ങളിലും നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ നല്‍കുന്ന കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളെ നരേന്ദ്ര മോദി വിമര്‍ശിച്ചു.

അക്രമം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസും അവരെ പിന്തുണയ്ക്കുന്നവരുമാണ്. അവരുടെ വാക്കുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നതോടെ അവര്‍ പ്രതിഷേധത്തിന്‍റെ തീ പടര്‍ത്തുകയാണെന്നായിരുന്നു നരേന്ദ്ര മോദി അവകാശപ്പെട്ടത്.

അതേസമയം, അസമിലെ പ്രതിഷേധത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ കൂടി ഇന്ന് മരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പൊലീസ് പറയുന്നത് അക്രമം നിയന്ത്രണവിധേയമാണെന്നാണ്. ഈ ഒരു പശ്ചാത്തലത്തിലാണ് മോദിയും അസമില്‍ ശാന്തമായ അന്തരീക്ഷമാണെന്ന് സ്ഥാപിക്കുന്നത്.

 

By Binsha Das

Digital Journalist at Woke Malayalam