Mon. Nov 25th, 2024
കോഴിക്കോട്:

 
താമരശ്ശേരി രൂപതയ്ക്കും, ബിഷപ്പിനുമെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ. വൈദികന്‍ പ്രതിയായ ബലാത്സംഗക്കേസില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ആദ്യം ബിഷപ്പ് മിജിയോസ് ഇഞ്ചനാനിയിലിന് അടുത്തു പരാതി നല്‍കിയെങ്കിലും നീതിപൂര്‍വമായ ഇടപെടൽ ഉണ്ടായില്ല.

വൈദികൻ മനോജ് പ്ലാക്കൂട്ടത്തിനെതിരായ കേസിൽ താമരശ്ശേരി ബിഷപ്പിനെതിരെയും വീട്ടമ്മ പോലീസിൽ മൊഴി നൽകിയിരിന്നു. ഇരയായ വീട്ടമ്മയുടെ മൊഴിയുടെ വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തു വിട്ടത്.

ആദ്യം പീഡന പരാതി ബിഷപ്പിനു നല്‍കിയപ്പോള്‍ രണ്ട് വൈദികരെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. പരാതിക്കു പരിഹാരം ഉണ്ടാക്കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. അതുകൊണ്ട് അന്ന് പോലീസില്‍ പരാതി നല്‍കിയില്ല.

പരാതി നല്‍കാതിരിക്കാന്‍ സഭയില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായതായും പൊലീസിന് വീട്ടമ്മ നൽകിയ മൊഴിയിൽ പറയുന്നു. മതപരമായ ചട്ടക്കൂടിനുള്ളിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് ബിഷപ്പിനെ സമീപിച്ചത്. സംഭവം കഴിഞ്ഞ് ഏഴുദിവസത്തിനകം താമരശേരി ബിഷപ്പിനെ കണ്ട് വൈദികനെതിരെ പരാതി നല്‍കിയതാണ്.

ഇതിനു ശേഷം വിദേശത്ത് പോയ പരാതിക്കാരി സമീപകാലത്താണ് നാട്ടില്‍ തിരിച്ചെത്തിയത്. ഭീഷണിപ്പെടുത്തല്‍ മൂലമാണ് ഇതുവരെ പോലീസില്‍ പരാതി നല്‍കാതിരുന്നതെന്നും വീട്ടമ്മ പറയുന്നു.

ചേവായൂര്‍ നിത്യസഹായ മാത പളളിവികാരിയായിരിക്കെ ഫാ.മനോജ് ജേക്കബ് പ്ലാക്കൂട്ടം കുട്ടികള്‍ ഇല്ലാതിരുന്ന സമയത്തു തന്നെ കണ്ണാടിക്കലില്‍ വീട്ടില്‍വെച്ച് പീഡിപ്പിച്ചെന്നാണ് നാല്‍പ്പത്തിയഞ്ചുകാരിയായ വീട്ടമ്മ നല്‍കിയ പരാതി. 2017 ജൂണ്‍ 15 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.

വീട്ടമ്മ നല്‍കിയ പരാതിയില്‍ കോഴിക്കോട് ചേവായൂര്‍ പോലീസ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ബിഷപ്പിന്റെ മൊഴി ഉടനെ രേഖപ്പെടുത്തുമെന്നാണ് സൂചന. അതേസമയം പ്രതിയായ ഫാ. മനോജ് പ്ലാക്കൂട്ടം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.