Fri. Nov 22nd, 2024
തിരുവനന്തപുരം:

പാലാരിവട്ടം പാലം പൊളിച്ചു പണിയാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനം. നിലവിലുള്ള പാലം പൂര്‍ണമായും പുനര്‍ നിര്‍മിക്കുമെന്നും മെട്രോമാന്‍ ഇ ശ്രീധരനായിരിക്കും നിര്‍മാണത്തിന്റെ മേല്‍നോട്ട ചുമതലയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

പുതിയ പാലത്തിന്റെ രൂപകല്‍പനയും നിര്‍മാണവും ഒരു കൂട്ടം വിദഗ്ധരുടെ മേല്‍നോട്ടത്തിലാകും നടക്കുക. ഇതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിക്കും. അടുത്ത മാസം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പാലം നിര്‍മാണത്തിന്റെ പൊതുമേല്‍നോട്ടം വഹിക്കുന്നതിന് ഇ ശ്രീധരനോട് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം ഈ ചുമതല ഏറ്റെടുക്കാമെന്ന് അറിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

അറ്റകുറ്റപ്പണികള്‍ കൊണ്ടോ മറ്റേതെങ്കിലും വിധത്തില്‍ കേടുപാടുകള്‍ തീര്‍ത്തതുകൊണ്ടോ നിലവില്‍ പാലാരിവട്ടത്തുള്ള മേല്‍പാലത്തിന്റെ ബലക്ഷയം പൂര്‍ണമായി പരിഹരിക്കാന്‍ സാധിക്കില്ലെന്ന് വിശദമായ പരിശോധനകള്‍ക്കു ശേഷം ഇ ശ്രീധരന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അടിസ്ഥാനപരമായി തന്നെ പാലത്തിന് ബലക്ഷയം ഉണ്ടെന്ന അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടു കൂടി പരിഗണിച്ചാണ് പാലം പൊളിച്ചുപണിയാനുള്ള സര്‍ക്കാര്‍ തീരുമാനം.

നിര്‍മ്മാണം കഴിഞ്ഞ് രണ്ടര വര്‍ഷത്തിനുള്ളില്‍ പാലം പൊളിക്കേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ഇ ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പാലം മുഴുവനായും പൊളിച്ചു മാറ്റേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലത്തിന്റെ ഫൗണ്ടേഷന്‍ പൊളിക്കാതെ പിയറുകളും, പിയര്‍ ക്യാപുകളും ശക്തിപ്പെടുത്തുകയാണ് ചെയ്യേണ്ടത്. ബാക്കി ഭാഗങ്ങള്‍ പുതിയതായി തന്നെ നിര്‍മിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലം പുനര്‍ നിര്‍മിക്കാനുള്ള എല്ലാ സാങ്കേതിക സഹായവും നല്‍കുമെന്നും ഇ ശ്രീധരന്‍ അറിയിച്ചു.

പുതുക്കി പണിയുന്ന പാലത്തിന്റെ ഡിസൈനുകള്‍ തയ്യാറായതായും ഒരു വര്‍ഷത്തിനകം പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. പൊളിക്കലും, പുനര്‍ നിര്‍മാണവും സമാന്തരമായി തന്നെ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചെന്നൈ ഐ ഐ ടിയും പാലത്തിന്റെ ബലക്ഷയത്തെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്തി പാലം പുനരുദ്ധരിച്ചാല്‍ എത്രകാലം നിലനില്‍ക്കും എന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ ഐ ഐ ടിയിലെ വിദഗ്ധര്‍ക്കും കഴിഞ്ഞില്ല. ഇതും പാലം പൊളിച്ചു പണിയാനുള്ള തീരുമാനത്തില്‍ നിര്‍ണായകമായി. ഒരു വര്‍ഷത്തിനകം സാങ്കേതിക മികവോടെ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടുള്ള വിജിലന്‍സ് കേസും മറ്റു നടപടികളും അതിന്റെ വഴിക്ക് നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടനം നടന്ന് അധികം വൈകാതെ തന്നെ പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണ തകരാറും ബലക്ഷയവും കണ്ടെത്തിയിരുന്നു. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കരാറുകാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ആകെ 17 പ്രതികളാണുള്ളത്. ഇതില്‍ പൊതുമരാമത്തു വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പടെ നാല് പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. വിജിലന്‍സ് കോടതിയാണ് ഇവരെ സെപ്റ്റംബര്‍ 19 വരെ റിമാന്‍ഡു ചെയ്തത്.

പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞിനെതിരെയും രൂക്ഷമായ ആരോപണമാണ് ഉയര്‍ന്നിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *