Fri. Apr 26th, 2024
തിരുവനന്തപുരം:

അഭയ കേസില്‍ വിചാരണക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ 53-ാം സാക്ഷിയായ ആനി ജോണാണ് തിങ്കളാഴ്ച കൂറുമാറിയത്. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം അഞ്ചായി. വിചാരണക്കിടെ നാല് സാക്ഷികള്‍ നേരത്തെ തന്നെ കൂറുമാറിയിരുന്നു.

അഭയ കൊല്ലപ്പെട്ട ദിവസം കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റില്‍ സിസ്റ്ററിന്റെ ശിരോ വസ്ത്രവും ചെരിപ്പും കോടാലിയും കണ്ടു എന്നായിരുന്നു ആനി ജോണ്‍ നേരത്തേ സി ബി ഐക്ക് മൊഴി നല്‍കിയിരുന്നത്. അതേസമയം ശിരോ വസ്ത്രം മാത്രമാണ് കണ്ടത് എന്നാണ് ആനിജോണ്‍ വിചാരണക്കിടെ ഇന്ന് കോടതിയില്‍ പറഞ്ഞത്.

ആദ്യ ദിവസം നടന്ന വിചാരണയില്‍ കേസിലെ 50-ാം സാക്ഷി സിസ്റ്റര്‍ അനുപമയും രണ്ടാം ദിവസം നാലാം സാക്ഷിയായിരുന്ന സഞ്ജു പി മാത്യുവും വിചാരണക്കിടെ കൂറുമാറിയിരുന്നു. 21-ാം സാക്ഷി നിഷാ റാണി, 23-ാം സാക്ഷി അച്ചാമ്മ എന്നിവരാണ് കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ മറ്റു രണ്ടു പേര്‍.

2009-ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് ആഗസ്റ്റ് 26ന് വിചാരണ ആരംഭിച്ചത്. തിരുവനന്തപുരം സി ബി ഐ പ്രത്യേക കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *