ദുബായ്:
ദുബായിൽ വണ്ടിച്ചെക്കു കേസിൽ അറസ്റ്റു ചെയ്യപ്പെട്ട ബി.ഡി.ജെ.എസ്. നേതാവും എൻ.ഡി.എ. കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിക്കു വേണ്ടി അടിയന്തിരമായി ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് തുഷാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.
തുഷാർ വെള്ളാപ്പള്ളി ദുബായിൽ അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ കേന്ദ്രം ഭരിക്കുന്ന സഖ്യ കക്ഷിയായ ബി.ജെ.പി പോലും ഇടപെടാൻ അമാന്തിച്ചു നിന്നിരുന്നു. എന്നാൽ തുഷാറിന്റെ ആരോഗ്യ നിലയിൽ ആശങ്കയുണ്ടെന്നും അടിയന്തിരമായി ഇടപെടണം എന്നും അപേക്ഷിച്ചാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് മുഖ്യമന്ത്രി കത്തെഴുതിയത്. ദുബായിലെ വാരാന്ത്യ അവധി ദിനങ്ങൾക്ക് മുന്നേ തന്നെ തുഷാറിനെ ജാമ്യത്തിൽ പുറത്തിറക്കാനായിരുന്നു മുഖ്യമന്ത്രിയുടെ തിടുക്കത്തിലുള്ള ഇടപെടൽ.
തുടർന്ന് പ്രവാസി വ്യവസായി യൂസഫ് അലി ജാമ്യത്തുക കോടതിയിൽ കെട്ടിവെച്ചതോടു കൂടി തുഷാറിന്റെ മോചനം സാധ്യമാകുകയായിരുന്നു. “ആപത്ത്ഘട്ടത്തില്‍ കൂടെ നിന്നവരോടുള്ള കടപ്പാട് അനിര്‍വചനീയമാണ്” എന്നായിരുന്നു തുഷാർ വെള്ളാപ്പള്ളി ഫേസ്‌ബുക്കിൽ കുറിച്ചത്.
തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം:
എല്ലാവരും തുല്യരല്ലേ? തുഷാർ കൂടുതൽ തുല്യനാണോ?
തുഷാർ വെള്ളാപ്പള്ളിക്കെതിരെ പരാതി കൊടുത്ത നാസിൽ അബ്ദുള്ളയും മലയാളി പ്രവാസിയാണ്. അപ്പോൾ രണ്ടു മലയാളികൾ തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ ഒരാൾക്ക് വേണ്ടി മാത്രം കേരള മുഖ്യമന്ത്രി പക്ഷം പിടിച്ചു കേന്ദ്രത്തിൽ വരെ സമ്മർദ്ദം ചെയ്യുന്നതിന്റെ യുക്തിയെ ചോദ്യം ചെയ്യുകയാണ് സോഷ്യൽ മീഡിയ. ഈ കേസ് ഒരു കള്ളക്കേസാണെന്നു കേരള സർക്കാർ അന്വേഷിച്ചു ഉറപ്പു വരുത്തിയിട്ടാണോ തുഷാറിന് വേണ്ടി മാത്രം സർക്കാർ നിലകൊള്ളുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്.
അതെ സമയം നസീൽ അബ്ദുല്ല സാമ്പത്തിക കേസിൽ കുരുങ്ങി ഒരു വർഷം ദുബായ് ജയിലിൽ കഴിയേണ്ടി വന്നിട്ടുണ്ടെന്നും, തുഷാർ വെള്ളാപ്പള്ളിയിൽ നിന്നും തുക കിട്ടാത്തതിനാൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വായ്പകൾ എടുത്തതിന്റെ തിരിച്ചടവുകൾ മുടങ്ങിയത് മൂലമാണ് അദ്ദേഹത്തിന് ജയിലിൽ കിടക്കേണ്ടി വന്നതെന്നും ആദ്ദേഹത്തിന്റെ നാട്ടുകാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. നസീറിന്റെ വീട്ടുകാരും ഇത് സ്ഥിരീകരിച്ചു. ഇതോടെ ഈ വിഷയത്തിലെ സർക്കാരിന്റെ ഇരട്ട നീതിയെ കുറിച്ച് വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
കക്ഷി രാഷ്ട്രീയത്തിനതീതമായ കൈത്താങ്ങ്:
മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ എൻ.ഡി.എ. കൺവീനർക്കു വേണ്ടി അടിയന്തര ഇടപെടൽ നടത്തി കേന്ദ്രത്തിനയച്ച കത്തു കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ഇടത് സൈബർ പ്രവർത്തകർ. ബി.ജെ.പിയുടെ ഫാസിസത്തിനെതിരെ നേർക്ക് നേരെ പൊരുതുന്ന സി.പി.എം. അണികൾക്ക് ഇനിയും ഇത് ഉൾക്കൊള്ളാൻ ആയിട്ടില്ല. പ്രത്യേകിച്ചും നാസിൽ അബ്ദുല്ലയുടെ കുടുംബം കടുത്ത സി.പി.എം. അനുഭാവികൾ കൂടിയാണ്.
സർക്കാർ ന്യായം:
“തുഷാറിന്റെ അറസ്റ്റ് ഒരു അസ്വാഭാവികതയാണ്.. അവിടെ പോകുമ്പോൾ ആണ് ചതിക്കുഴിയിൽ വീണത്.. ബി.ജെ.പിക്കാരന്റെ സംരക്ഷണവും മുഖ്യമന്ത്രിയിൽ നിക്ഷിപ്തമാണ്.. ഏറ്റവും മഹനീയമായ ദൗത്യമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.. നിങ്ങൾ അതിനെ പ്രശംസിക്കൂ..
തുഷാറിനെ പോലെയാണോ ആവിടെ ജയിലിൽ കിടക്കുന്ന ആളുകള്.. ??” എന്ന് പറഞ്ഞായിരുന്നു മന്ത്രി സഭയിലെ രണ്ടാമനായ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ഈ വിഷയത്തിൽ സർക്കാരിനെ ന്യായീകരിച്ച് രംഗത്തെത്തിയത്. ഇതോടെ സോഷ്യൽ മീഡിയയിലെ പ്രതിഷേധം കൂടുതൽ കനക്കുകയാണ് ചെയ്തത്.