Sat. Apr 27th, 2024
ദാദ്ര നാഗര്‍ ഹവേലി:

സ്വതന്ത്രമായി പ്രവർത്തിക്കാനാവാത്തതിനെ തുടർന്ന്, മലയാളി ഐ.എ.എസുകാരൻ രാജിവച്ചു. കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര നാഗര്‍ ഹവേലിയില്‍, ഊര്‍ജ്ജ-നഗരവികസന വകുപ്പ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്ന, കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഐ.എ.എസ്. ഉദ്യോഗസ്ഥൻ കണ്ണന്‍ ഗോപിനാഥാണ് രാജിവച്ചത്.

ഓഗസ്റ്റ് 21 നാണ്, സര്‍വീസില്‍ നിന്ന് വിരമിക്കുന്നതായി കാണിച്ച്‌, കണ്ണന്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയത്.

എല്ലാവരുടെയും ശബ്ദമാവാനാണ് താന്‍ ഐ.എ.എസ്. തിരഞ്ഞെടുത്തത്. എന്നാല്‍ ഇപ്പോള്‍ തന്റെ തന്നെ ശബ്ദമില്ലാതാവുന്ന അവസ്ഥയാണുള്ളതെന്നും ഉദ്യോഗസ്ഥനായിരിക്കുമ്പോൾ പലതും തുറന്നു പറയാനാവില്ലെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.

ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലെന്നും കണ്ണന്‍ അത് ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹത്തെ അറിയാവുന്നവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

എൻജിനീയറായിരുന്ന കണ്ണൻ, മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളില്‍ കളക്ടറായിരിക്കുന്ന കാലത്ത്, പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തിയതു സാങ്കേതികവിദ്യയിലൂടെയാണ്.
പ്രകൃതിദുരന്തങ്ങളില്‍ മുന്നറിയിപ്പു നല്‍കാന്‍ ആപ്പ്, വൈദ്യുതി മുടക്കം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സ്മാര്‍ട്‌ഫോണ്‍ എന്നിങ്ങനെയുള്ള പരീക്ഷണങ്ങള്‍ക്കുശേഷം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളെ മാറ്റത്തിന്റെ പുതിയ പാതയിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമങ്ങളും നടത്തിയിരുന്നു.

എന്നാലും, 2018 ലെ പ്രളയസമയത്ത് കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്കിറങ്ങി, താനാരെന്നു വെളിപ്പെടുത്താതെ അരിച്ചാക്കുകൾ ചുമക്കുകയും അപ്രതീക്ഷിതമായി, ആലപ്പുഴ ജില്ലാ കലക്ടർ കണ്ണനെ തിരിച്ചറിയുകയും ചെയ്തതോടെയാണ്, കണ്ണൻ എന്ന ഐ.എ.എസ്സുകാരനെക്കുറിച്ചു ജനങ്ങൾ അറിഞ്ഞു തുടങ്ങിയത്.

നിലവിൽ, ഇതുവരെ കണ്ണന്റെ രാജിക്കത്ത് സ്വീകരിച്ചതായി ആഭ്യന്തരസെക്രട്ടറി അറിയിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *