Mon. Dec 23rd, 2024
ശ്രീനഗര്‍:

കശ്മീര്‍ സന്ദര്‍ശനത്തിനായെത്തിയ പ്രതിപക്ഷ സംഘത്തെ, വിമാനത്താവളത്തിൽ വച്ച് തന്നെ തടയുകയും തിരിച്ചയക്കുകയും ചെയ്തു പോലീസ്. കനത്ത നിയന്ത്രണത്തിൽ ദിവസങ്ങൾ നീക്കികൊണ്ടു വരുന്ന കാശ്മീർ ജനങ്ങളെ കാണാൻ, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ എത്തിയ പ്രതിപക്ഷ സംഘത്തെയാണ് ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് മടക്കി അയച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിചേരുകയായിരുന്ന സംഘത്തെ പുറത്തുകടക്കാന്‍പ്പോലും അനുവദിച്ചിരുന്നില്ല. അതിനു പുറമെ നേതാക്കള്‍ മാധ്യമങ്ങളെ കാണുന്നതിൽ നിന്നും തടയുകയും വിലക്കുകയും ചെയ്തു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍, കശ്മീരിന്റെ നിലവിലെ അവസ്ഥയെ വിലയിരുത്തുകയായിരുന്നു സംഘത്തിന്റെ പ്രധാന സന്ദര്‍ശന ലക്ഷ്യം.

മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിക്ക് പുറമേ, പ്രധാന നേതാക്കളായ ഗുലാം നബി ആസാദ്, സി.പി.ഐ. നേതാവ് ഡി. രാജ, മനോജ് ജാ, മജീദ് മേമന്‍, ശരദ് യാദവ് തുടങ്ങിയവരും മറ്റു പ്രതിപക്ഷ കക്ഷി നേതാക്കളുമാണ്,
കശ്മീർ സന്ദർശനത്തിനായി ശ്രീനഗർ വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. നേരത്തെ, രാഷ്ട്രീയ നേതാക്കള്‍ കശ്മീരിലേക്ക് വരരുതെന്ന് പോലീസും ഉദ്യോഗസ്ഥരും പ്രതിപക്ഷസംഘത്തോട് ആവശ്യപ്പെട്ടിരുന്നു.

മുൻപും, രണ്ടു തവണ കശ്മീർ സദർശിക്കാൻ എത്തിച്ചേർന്നിരുന്ന, മുതിർന്ന നേതാവ് ഗുലാംനബി ആസാദിനെ ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് മടക്കിഅയച്ചിരുന്നു.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ദിവസം മുതൽ ഇന്ന് വരെ ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും അവിടേക്ക് ചെല്ലാനുള്ള അനുമതി നൽകാൻ കേന്ദ്രം തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *