Sat. Apr 20th, 2024
കൊച്ചി :

ലഷ്‌കര്‍ ഇ ത്വയ്ബ സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി കൊച്ചിയില്‍ അറസ്റ്റിലായി. മാടവന സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീം ആണ് ശനിയാഴ്ച എറണാകുളം സി.ജെ.എം. കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ പോലീസിന്റെ പിടിയിലായത്. കൊച്ചിയിലെ ഒരു അഭിഭാഷകന്‍ മുഖേനയാണ് ഇയാള്‍ കീഴടങ്ങാനായി കോടതിയിലെത്തിയത്. ഇതിനിടെ റഹിമിനെ തിരിച്ചറിഞ്ഞ പോലീസ് ഉടന്‍ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് അബ്ദുള്‍ റഹിം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായത്. തീവ്രവാദ ബന്ധം ആരോപിച്ച് പോലീസ് തന്നെ തെരയുകയാണെന്നും കോടതി മുഖേന ഹാജരാകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് റഹിം അഭിഭാഷകന്‍ മുഖേന ഹര്‍ജി നല്‍കി. എന്നാല്‍ നിലവില്‍ കോടതിയില്‍ കേസുകളൊന്നും ഇല്ലാത്തതിനാല്‍ ഇയാള്‍ക്ക് കീഴടങ്ങാന്‍ കഴിയുന്ന സാഹചര്യമില്ലായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകാന്‍ ഏതെങ്കിലും തരത്തിലുള്ള സംരക്ഷണം കിട്ടുമോ എന്നറിയാന്‍ വേണ്ടിയായിരുന്നു അഭിഭാഷകന്റെ സഹായത്തോടെ ഇയാള്‍ കോടതിയില്‍ എത്തിയത്.

ഇതിനിടെ റഹിമിനെ പിന്തുടര്‍ന്നെത്തിയ പോലീസ് സംഘം കോടതി മുറിയില്‍ നിന്നും ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. റഹിമിനെ ചോദ്യം ചെയ്യലിനായി കൊച്ചിയില്‍ നിന്നും കൊണ്ടുപോയെങ്കിലും എങ്ങോട്ടാണ് കൊണ്ടു പോയതെന്നോ ഇനി എന്താണ് തുടര്‍ നടപടികള്‍ എന്നോ പോലീസ് വ്യക്തമാക്കിയിട്ടില്ല. തീവ്രവാദ ബന്ധം സംശയിക്കുന്ന കേസ് ആയതു കൊണ്ടുതന്നെയാണ് പോലീസ് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിടാത്തത്.

അതേസമയം തനിക്ക് തീവ്രവാദ സംഘടനകളുമായി യാതൊരു ബന്ധവുമില്ല എന്നാണ് റഹിമിന്റെ നിലപാട്. ചില ബിസിനസ് ഗ്രൂപ്പുകള്‍ തന്നെ കെണിയില്‍ പെടുത്തിയതാണ് എന്നാണ് റഹിം പറഞ്ഞത്.

ബഹറിനിലായിരുന്ന റഹിം രണ്ടു ദിവസം മുന്‍പാണ് കൊച്ചിയിലെത്തിയത്. ബിസിനസ് കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ബഹറിനില്‍ പോയത്. ഇതല്ലാതെ തനിക്ക് മറ്റൊരു ബന്ധവുമില്ല. ഇത് കോടതിയില്‍ ബോധിപ്പിക്കാനാണ് എത്തിയതെന്നും റഹിം പറയുന്നു.

കേരളം ഉള്‍പ്പെടെ തെക്കെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് തീവ്രവാദ സംഘം നുഴഞ്ഞു കയറി എന്നായിരുന്നു കഴിഞ്ഞ ദിവസം ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച വിവരങ്ങള്‍. മലയാളി ഉള്‍പ്പെടുന്ന ലഷ്‌കര്‍ ഇ ത്വയ്ബയുടെ ആറംഗ സംഘം തമിഴ് നാട്ടില്‍ എത്തിയിട്ടുണ്ട് എന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. പാകിസ്ഥാന്‍ സ്വദേശി അടക്കമുള്ളവര്‍ ശ്രീലങ്കയില്‍ നിന്നും കടല്‍മാര്‍ഗം തമിഴ് നാട്ടിലേക്ക് കടന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. ഈ സംഘത്തെ സഹായിച്ചത് തൃശൂര്‍ സ്വദേശിയാണെന്നും ഇന്റലിജന്‍സ് വിഭാഗം വ്യക്തമാക്കിയിരുന്നു. പിന്നീടാണ് കൊടുങ്ങല്ലൂര്‍ മാടവന സ്വദേശി അബ്ദുള്‍ ഖാദര്‍ റഹിം എന്ന പേര് രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചത്. ഇയാളുടെ സഹായത്തോടെയാണ് ഭീകരര്‍ ശ്രീലങ്കയില്‍ നിന്നും എത്തിയത് എന്നും രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഇന്റലിജന്‍സ് നിര്‍ദേശത്തെ തുടര്‍ന്ന് റഹിമിന്റെ കൊടുങ്ങല്ലൂര്‍ മാടവനയിലെ വീട്ടിലും പോലീസ് ഇന്നലെ തെരച്ചില്‍ നടത്തിയിരുന്നു. ബഹറിനില്‍ നിന്നും നാട്ടിലെത്തിയതു മുതല്‍ റഹീമിന്റെ നീക്കങ്ങളെല്ലാം പോലീസ് ഇടവിടാതെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് കൊച്ചിയിലെ കോടതിയില്‍ കീഴടങ്ങാനെത്തുമെന്ന വിവരവും പോലീസിന് ലഭിച്ചത്. അതേസമയം തീവ്രവാദ സംഘവുമായി അബ്ദുള്‍ ഖാദര്‍ റഹിമിന് യഥാര്‍ത്ഥത്തില്‍ ബന്ധമുണ്ടോ. എങ്ങനെയാണ് ഇവരുമായി അടുപ്പം എന്ന കാര്യങ്ങളെക്കുറിച്ച് എന്തെങ്കിലും സൂചനയുള്ളതായി പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

തീവ്രവാദികള്‍ ദക്ഷിണേന്ത്യയില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നതോടെ ഇന്നലെ മുതല്‍ ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ഹൈ അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ റഹീമുമായി ബന്ധമുള്ളതായി കരുതുന്ന ഒരു സ്ത്രീയെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നതായി സൂചനയുണ്ട്. റഹിമിന്റേതെന്നു സംശയിക്കുന്ന യാത്രാ രേഖകളും അന്വേഷണത്തില്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

 

പോലീസുകാര്‍ കയറിയിറങ്ങാനും നാട്ടുകാര്‍ സംശയ ദൃഷ്ടിയോടെ നോക്കാനും തുടങ്ങിയതോടെ ആധിയിലാണ് കൊല്ലിയില്‍ വീട്.

തമിഴ്‌നാട്ടിലേക്ക് കടന്ന ലക്ഷ്‌ക്കര്‍ ഇ ത്വയ്ബ ഭീകരന്‍മാരുടെ കൂട്ടത്തില്‍ കൊടുങ്ങല്ലൂര്‍ മാടവന സ്വദേശി റഹിമും ഉണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇന്നലെ നടത്തിയ വെളിപ്പെടുത്തല്‍ കൊല്ലിയില്‍ വീടിനു മേല്‍ ഇടിത്തീ വീണ അവസ്ഥയാണ് സൃഷ്ടിച്ചത്. വെള്ളിയാഴ്ച രാവിലെ മുതല്‍ പോലീസുകാര്‍ ഈ വീട്ടില്‍ കയറിയിറങ്ങുകയാണെന്ന് റഹിമിന്റെ പിതാവ് അബ്ദുള്‍ ഖാദര്‍ ആശങ്കയോടെ പറഞ്ഞു. മകന്‍ പോലീസ് പിടിയിലായി എന്ന് അല്പം മുമ്പു വന്ന വാര്‍ത്തയും കുടുംബത്തിന് വലിയ ഞെട്ടലുണ്ടാക്കി.

പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്ന പേരിലും, ആരോഗ്യ പ്രവര്‍ത്തകരുടെ രൂപത്തിലും പല വേഷത്തില്‍ ഇന്നലെ മുതല്‍ പോലീസ് വന്നിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു. റഹീമിനെ കുറിച്ചും കുടുംബത്തെ കുറിച്ചും ചോദ്യങ്ങള്‍ ചോദിച്ചതല്ലാതെ മകനെ കുറിച്ച് യാതൊരു വിവരവും പോലീസുകാര്‍ നല്‍കിയിരുന്നില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. സംഭവം വലിയ ഞെട്ടലുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരുടെ ചോദ്യങ്ങള്‍ ഭയന്ന് പുറത്ത് പോകാന്‍ പോലൂം കഴിയാത്ത അവസ്ഥയിലാണ് കൊല്ലിയില്‍ വീട്ടുകാര്‍.

ബഹറൈനില്‍ നേരത്തേ വര്‍ക്ക് ഷോപ്പ് നടത്തിയിരുന്ന റഹിം 18 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ആറു മാസം മുന്‍പാണ് നാട്ടില്‍ മടങ്ങിയെത്തിയത്. തുടര്‍ന്ന് ആലുവയ്ക്ക് സമീപം വര്‍ക്ക് ഷാപ്പ് നടത്തിയിരുന്നു. പിന്നീട് ഒരു മാസം മുന്‍പാണ് വിസിറ്റിംഗ് വിസയില്‍ ബഹറൈനിലേക്ക് പോയത്. ഇതിനിടെ മൂന്ന് ദിവസം മുന്‍പ് ഫോണ്‍ വിളിച്ച മകന്‍ രണ്ട് ദിവസത്തിനു ശേഷം നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു എന്നും വീട്ടുകാര്‍ പറഞ്ഞു. മകനെ അറസ്റ്റു ചെയ്ത സംഭവം കൂടി കേട്ടതോടെ വാര്‍ത്തകളുടെ സത്യാവസ്ഥ എന്തെന്നറിയാതെ ഉരുകിത്തീരുകയാണ് വൃദ്ധരായ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള റഹീമിന്റെ കുടുംബം.

 

ദക്ഷിണേന്ത്യയിലും അതീവ ജാഗ്രത

തമിഴ് നാട്ടിലെത്തിയ തീവ്രവാദി സംഘത്തിലെ ഒരാള്‍ പാക് പൗരനായ ഇല്യാസ് അന്‍വറാണെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. വേളാങ്കണ്ണി പള്ളിയില്‍ ഉള്‍പ്പെടെ ആക്രമണത്തിന് ഇവര്‍ക്ക് പദ്ധതിയിട്ടിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്.

ഇതിനിടെ സംശയിക്കപ്പെടുന്നവര്‍ക്കായി കേരളത്തിലും തമിഴ്‌നാട്ടിലും പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. കര്‍ണാടകയിലും, പുതുച്ചേരിയിലും, ദില്ലിയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തന്ത്ര പ്രധാന മേഖലകളിലും ആരാധനാലയങ്ങളിലും സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനിടെ ഭീകരര്‍ക്ക് സഹായം ചെയ്തതായി സംശയിക്കുന്ന ആറുപേരെ തിരുവാരൂരിലെ മുത്തുപ്പേട്ടയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. ഒരു സ്ത്രീ ഉള്‍പ്പെടെ ആറുപേരാണ് കസ്റ്റഡിയിലായത്. ശ്രീലങ്കയുമായി ഏറ്റവും അടുത്ത സ്ഥലമായതിനാല്‍ കനത്ത പോലീസ് പരിശോധനയാണ് മുത്തുപ്പേട്ടയില്‍ നടക്കുന്നത്. ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ കൂടുതലുള്ള നാഗപട്ടണത്തിനടുത്തുള്ള വേദാരണ്യത്തും പോലീസ് തെരച്ചില്‍ ശക്തമായി തുടരുന്നുണ്ട്.

ഇതിനിടെ ഭീകരര്‍ എന്ന് സംശയിക്കുന്ന രീതിയില്‍ വേഷപ്രച്ഛന്നരായ രണ്ടുപേരെ വ്യാഴാഴ്ച രാത്രി കണ്ടതായി കോയമ്പത്തൂരില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇവര്‍ താമസിച്ചിരുന്ന ലോഡ്ജിലും പോലീസ് പരിശോധന നടത്തി. അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെടെ ഏഴായിരത്തോളം പോലീസുകാരെയാണ് തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ വിന്യസിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *