ബ്രസീല്‍ :
കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മഴയും വെള്ളപ്പൊക്കവും നാശം വിതച്ചതിന്റെ ഞെട്ടല്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. അതു കൊണ്ടുതന്നെയാണ് ആമസോണ്‍ മഴക്കാടുകള്‍ കത്തിയെരിയുന്നത് നമ്മുടെ ശ്രദ്ധയില്‍ കാര്യമായി പതിയാതെ പോയതും. ഏതാനും ദിവസങ്ങളായി അഗ്‌നി താണ്ഡവമാടുകയാണ് ആമസോണ്‍ മഴക്കാടുകളില്‍. ബ്രസീല്‍ പാരഗ്വായ് അതിര്‍ത്തി മേഖലകളില്‍ ഇപ്പോഴും കത്തിപ്പടരുന്ന കാട്ടുതീ ലോകത്തിലെ ഏറ്റവും വലിയ മഴക്കാടിനെ ഒന്നടങ്കം ഇല്ലാതാക്കുമോ എന്ന ഭയത്തിലാണ് പ്രകൃതി സ്‌നേഹികള്‍.
ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത വിധത്തിലാണ് ആമസോണ്‍ മഴക്കാടുകളില്‍ കാട്ടുതീ ആളിപ്പടരുന്നത്. ആമസോണില്‍ നിന്നും ഉയരുന്ന പുക സാവോ പോളോയുടെ ആകാശത്തെയാകെ വിഴുങ്ങിക്കഴിഞ്ഞു. നഗരത്തില്‍ നട്ടുച്ചയ്ക്കുപോലും ഇപ്പോള്‍ രാത്രിയുടെ പ്രതീതിയാണ്.
ഏറ്റവും ഒടുവില്‍ ലഭിക്കുന്ന അല്പമെങ്കിലും ആശ്വാസം പകരുന്ന വാര്‍ത്ത ആമസോണിനെ ഈ അഗ്നി പ്രളയത്തില്‍ നിന്നും രക്ഷിക്കാന്‍ സൂപ്പര്‍ ടാങ്കര്‍ വിമാനങ്ങള്‍ മഴ പെയ്യിക്കുന്നു എന്നതാണ്. ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലിസാണ് അമേരിക്കയുടെ സൂപ്പര്‍ ടാങ്കറുകള്‍ വാടകക്കെടുത്ത് തീ അണക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ബൊളീവിയ – ബ്രസീല്‍ അതിര്‍ത്തിയില്‍ എത്തിയ സൂപ്പര്‍ ടാങ്കര്‍ വിമാനങ്ങള്‍ വെള്ളിയാഴ്ച മുതല്‍ മഴപെയ്യും പോലെ ജലവര്‍ഷം നടത്തി തീ അണക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. 76,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ബോയിങ് 747 സൂപ്പര്‍ എയര്‍ ടാങ്കറുകളാണ് ആമസോണ്‍ മഴക്കാടുകള്‍ക്ക് മുകളില്‍ മഴ പെയ്യിച്ചു കൊണ്ടിരിക്കുന്നത്. സൂപ്പര്‍ ടാങ്കര്‍ വിമാനങ്ങള്‍ തീ അണയ്ക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇതുവരെ ബ്രസീല്‍, പാരഗ്വായ് അതിര്‍ത്തിയില്‍ മാത്രം കത്തി നശിച്ചത് 360 ചതുരശ്ര കിലോമീറ്ററോളം മഴക്കാടുകളാണ്. കഴിഞ്ഞ വര്‍ഷം ബാധിച്ചതിനേക്കാള്‍ 80 ശതമാനത്തിലധികം ഇടങ്ങളിലേക്ക് ഇത്തവണ തീ വ്യാപിച്ചു. അടുത്ത കാലത്തായി എല്ലാ വര്‍ഷവും പതിവായി ഇവിടെ കാട്ടുതീ ഉണ്ടാകുന്നതും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
കാട്ടുതീ ഉണ്ടാകാനുള്ള കാരണങ്ങള്‍
സ്വാഭാവികമായ കാട്ടുതീ ആമസോണ്‍ കാടുകളില്‍ ഉണ്ടാകാറുള്ളതാണ്. വേനല്‍ക്കാലത്ത് ഉണ്ടാകുന്ന കാട്ടുതീയില്‍ താഴെ വീണു കിടക്കുന്ന ഇലകളും, ഉണങ്ങിയ പുല്ലും ചെറിയ തൈകളും ഉള്‍പ്പെടുന്ന അടിക്കാട് മാത്രമേ കത്തി നശിക്കാറുള്ളൂ. കാടിന്റെ മേല്‍ക്കൂര പോലെ സ്ഥിതിചെയ്യുന്ന ഉയരത്തിലുള്ള മരങ്ങള്‍ക്ക് ഇത്തരം ചെറിയ തീപിടിത്തങ്ങള്‍ പരിക്കൊന്നും ഏല്‍പിക്കാറില്ലെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ റെട്ട് ബട്ട്‌ലര്‍ പറയുന്നു.
വരണ്ട കാലാവസ്ഥ തീപിടത്തത്തിന് കാരണമാകാറുണ്ടെങ്കിലും പലപ്പോഴും അതു മാത്രമല്ല കാരണമെന്ന് ബ്രസീല്‍ ബഹിരാകാശ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരും പറയുന്നു. കാട്ടുതീ ഉണ്ടാകുന്നതിനു പിന്നില്‍ മനുഷ്യരുടെ പ്രവൃത്തികള്‍ തന്നെയാണ് പ്രധാന കാരണമെന്നും പ്രകൃതി ശാസ്ത്രജ്ഞരും പരിസ്ഥിതി സംഘടനകളും വ്യക്തമാക്കുന്നുണ്ട്. കൃഷിക്കാരും, കന്നുകാലികളെ വളര്‍ത്തുന്നവരും, മരംവെട്ടു മാഫിയയും തങ്ങളുടെ ആവശ്യങ്ങള്‍ക്കു വേണ്ടി കാടു വെട്ടിത്തെളിക്കാനായി മനഃപൂര്‍വം കാടിനു തീയിടുന്നുണ്ട് എന്നാണ് പ്രകൃതി സ്‌നേഹികള്‍ പറയുന്നത്.
ആമസോണിലെ തീപിടിത്തത്തിന്റെ സാക്ഷ്യമായി ഉപഗ്രഹ ചിത്രങ്ങള്‍.
ആമസോണ്‍ കാടുകളിലുണ്ടായ അസാധാരണമായ തീപിടിത്തത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് പുറത്തു വന്ന ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ബ്രസീല്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ദ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച് ആണ് ചിത്രങ്ങള്‍ പുറത്തു വിട്ടത്. ബ്രസീലിന്റെ വടക്കന്‍ സംസ്ഥാനമായ റോറൈമ പുകയില്‍ മൂടി നില്‍ക്കുന്ന ഉപഗ്രഹചിത്രവും ഈ കൂട്ടത്തിലുണ്ട്. ആമസോണാസ് സംസ്ഥാനത്തെയാണ് തീ കൂടുതല്‍ ബാധിച്ചതെന്നും ചിത്രങ്ങള്‍ കാണിച്ചു തരുന്നു.
വര്‍ഷം തോറുമുണ്ടാകുന്ന ഈ കാട്ടുതീ കൂടാതെ ആമസോണ്‍ മേഖലയിലെ പകുതിയിലധികം പ്രദേശത്തും മറ്റു പലതരം പാരിസ്ഥിതിക ഭീഷണികളും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. ആമസോണ്‍ മഴക്കാടുകളുടെ പകുതിയോളം പ്രദേശം ബ്രസീലില്‍ ഉള്‍പ്പെടുന്നതാണ്. 72,843 തീപിടിത്തങ്ങളാണ് ബ്രസീലില്‍ ഉള്‍പ്പെടുന്ന വനമേഖലയില്‍ മാത്രം 2019ല്‍ ഉണ്ടായത്. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ മാത്രം 870 ചതുരശ്ര മൈല്‍ മഴക്കാടുകളാണ് അഗ്നി വിഴുങ്ങിയത്.
ആമസോണിനെ രക്ഷിക്കാന്‍ ആവശ്യപ്പെട്ട് ലോക ജനത
ആമസോണിലെ കാട്ടുതീ ലോകത്തെ കാലാവസ്ഥയെ എത്രമാത്രം ബാധിക്കുമെന്ന് മറ്റു രാജ്യക്കാരും തിരിച്ചറിഞ്ഞു കഴിഞ്ഞു. ആമസോണിനെ രക്ഷിക്കാന്‍ മുറവിളി കൂട്ടി ആയിരക്കണക്കിന് പ്രകൃതി സ്‌നേഹികളാണ് വിവിധ രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തെരുവിലിറങ്ങിയത്. ഫ്രാന്‍സ്, ബ്രിട്ടന്‍, അര്‍ജന്റീന, കൊളംബിയ തുടങ്ങിയ രാജ്യങ്ങളില്‍ പതിനായിരങ്ങള്‍ ആമസോണ്‍ കാടുകളുടെ രക്ഷക്കായി തെരുവിലിറങ്ങി തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചു. ഇതോടെ ആമസോണിലെ തീ അന്താരാഷ്ട്ര തലത്തില്‍ രാഷ്ട്രീയ വിഷയം കൂടിയായി മാറി.
തീ അണയ്ക്കുന്നതില്‍ ബ്രസീലിന്റെ ഭാഗത്തു നിന്നുമുണ്ടായ അനാസ്ഥയും ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സൊനാരൊ നടത്തിയ അഭിപ്രായ പ്രകടനവും വലിയ പ്രതിഷേധം വിളിച്ചു വരുത്തി. തന്റെ ഭരണം മോശമാണെന്നു കാണിക്കാന്‍ കര്‍ഷക എന്‍.ജി.ഒ.കള്‍ തീയിട്ടതാണ് എന്നായിരുന്നു പ്രസിഡന്റിന്റെ അഭിപ്രായ പ്രകടനം. ജെയിര്‍ ബോല്‍സൊനാരോ സ്വീകരിച്ചു വരുന്ന പരിസ്ഥിതി നയങ്ങള്‍ക്കെതിരെ ബ്രസീലിനുള്ളില്‍ ഏറെ നാളായി ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നു വരുന്നുണ്ട്. ഇതിനിടെ പ്രസിഡന്റിന്റെ ഭാഗത്തു നിന്നുമുണ്ടായ കര്‍ഷക വിരുദ്ധ അഭിപ്രായ പ്രകടനം പ്രതിഷേധം ഒന്നുകൂടി വര്‍ധിപ്പിക്കാനും ഇടയാക്കി.
തീപിടിത്തം ഇതുവരെ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ബ്രസീലിനെതിരെ മറ്റു രാജ്യങ്ങളും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ ബാഹ്യ ഇടപെടല്‍ അനുവദിക്കില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ബ്രസീല്‍. ഇത് ബ്രസീലിന്റെ ആഭ്യന്തര പ്രശ്‌നമാണെന്നും വിദേശരാജ്യങ്ങള്‍ ഇടപെടേണ്ട എന്നുമാണ് ബ്രസീലിയന്‍ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സൊനാരൊ പ്രതികരിച്ചത്. യൂറോപ്പിനേക്കാള്‍ വലുതാണ് ആമസോണ്‍. ഇത്രയും വലിയൊരു തീപിടിത്തത്തെ നേരിടാനുള്ള ഉപകരണങ്ങളോ ആള്‍ബലമോ തങ്ങള്‍ക്കില്ലെന്നും ബൊല്‍സോനാരോ പറഞ്ഞു.
ഇതിനിടെ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ശക്തമായതിനെ തുര്‍ന്ന് ആമസോണിലെ കാട്ടുതീ അണയ്ക്കാന്‍ കൂടുതല്‍ സൈന്യത്തെ നിയോഗിക്കാന്‍ ബ്രസീല്‍ തീരുമാനിച്ചു. പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്‍പ്പെടെ ബ്രസീലിനെതിരെ സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്നാണ് നടപടി.
ഇതിനിടെ ബ്രസീലിലെ ആമസോണ്‍ മഴക്കാടുകള്‍ക്കുള്ളില്‍ വസിക്കുന്ന നിരവധി ആദിവാസി ഗോത്ര വര്‍ഗങ്ങളുണ്ട്. ഇവരുടെ സ്ഥിതിയെന്താണെന്ന് ആര്‍ക്കും അറിയാന്‍ കഴിഞ്ഞിട്ടില്ല.
ആമസോണ്‍ ഒരു മുന്നറിയിപ്പാണ്
ആമസോണ്‍ മഴക്കാടുകളിലെ തീപിടിത്തത്തെക്കുറിച്ച്, കഷ്ടമായിപ്പോയി എന്നു പറയുക മാത്രമല്ല വേണ്ടത്. അത് നമ്മളെ എങ്ങനെ ബാധിക്കുമെന്നു കൂടി അറിയണം. നമ്മുടെ അന്തരീക്ഷത്തിലുള്ള ഓക്‌സിജന്റെ 20 ശതമാനവും സംഭാവന ചെയ്യുന്നത് ആമസോണ്‍ മഴക്കാടുകളാണ്.
ഈ ഭൂമിയില്‍ ആകെയുള്ള ഉഷ്ണ മേഖലാ വനങ്ങളുടെ 40 ശതമാനം മഴക്കാടുകളാണ്. ലോകത്തിന് കിട്ടുന്ന ശുദ്ധജലത്തില്‍ 20 ശതമാനം നല്‍കുന്നതും ആമസോണ്‍ മഴക്കാടുകളാണ്. 40,000-ല്‍ അധികം സ്പീഷിസുകളില്‍ പെട്ട ചെടികളുടെയും മരങ്ങളുടെയും, മൂവായിരത്തിലധികം പഴ വര്‍ഗങ്ങളുടെയും കലവറ കൂടിയാണ് ആമസോണ്‍ മഴക്കാടുകള്‍. ഈ വനങ്ങള്‍ നശിച്ചാല്‍ അത് പരിസ്ഥിതി സന്തുലനത്തില്‍ വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. ഇതുമൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും ലോക ജനതയെ മുഴുവനായി തന്നെ ബാധിക്കും.
ഇനി ചിന്തിക്കാം എല്ലാ വാര്‍ത്തകളും പോലെ ഒരു വാര്‍ത്ത മാത്രമായി ഒതുങ്ങുന്നതാണോ ആമസോണിലെ തീപിടിത്തം നമുക്കെന്ന്. ആമസോണിനെ രക്ഷിക്കാന്‍ കൈ കോര്‍ക്കുന്ന ലോക ജനതക്കൊപ്പം ധാര്‍മിക പിന്തുണയെങ്കിലും നല്‍കി നമുക്ക് ഒപ്പം നില്‍ക്കാം. നമ്മുടെ നാട്ടില്‍ ഇനി ബാക്കിയുള്ള സസ്യങ്ങളും കാടുകളുമെങ്കിലും നശിപ്പില്ലെന്നും ഇപ്പോഴെങ്കിലും തീരുമാനമെടുക്കാം.