Sat. Apr 20th, 2024

 

ന്യൂഡല്‍ഹി:

വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപങ്ങള്‍ക്കുമേല്‍ കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ ഏര്‍പ്പെടുത്തിയ സര്‍ചാര്‍ജ് പിന്‍വലിച്ചു. വിദേശത്തു നിന്നും പോര്‍ട്ട് ഫോളിയോകളില്‍ ഉള്‍പ്പെടെ നിക്ഷേപിക്കുന്നവര്‍ക്കുള്ള കെ.വൈ.സി വ്യവസ്ഥകളും ഉദാരമാക്കാനാണ് പുതിയ തീരുമാനം.

കഴിഞ്ഞ മാസമാണ് നിലവിലെ ആദായ നികുതികള്‍ക്കു പുറമേ സൂപ്പര്‍ റിച്ച് ടാക്‌സ് എന്ന പേരില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നികുതി സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയത്. ഓഹരികളിലെ മൂലധന നിക്ഷേപങ്ങളിലുള്ള വരുമാനത്തിലും ഈ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച താഴേക്ക് പോവുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തു. ഇതിനിടെ സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള തീരുമാനം വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപങ്ങളിലും തിരിച്ചടിയുണ്ടാക്കി. ബജറ്റില്‍ പ്രഖ്യാപിച്ച സര്‍ചാര്‍ജ് തങ്ങള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന് വ്യക്തമായ എഫ്.പി.ഐ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും കൂട്ടത്തോടെ പിന്‍വലിയാന്‍ തുടങ്ങി. ഇക്വിറ്റി മാര്‍ക്കറ്റില്‍ നിക്ഷേപിച്ചിരുന്ന 8319 കോടി രൂപയാണ് ആഗസ്റ്റ് മാസം ആദ്യത്തെ രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ പിന്‍വലിക്കപ്പെട്ടത്.

എഫ്.പി.ഐ നികുതിയും പുതിയതായി ബജറ്റില്‍ ഏര്‍പ്പെടുത്തിയ സൂപ്പര്‍റിച്ച് ടാക്സും ഇന്ത്യന്‍ വിപണിയിലെ വിദേശ നിക്ഷേപത്തില്‍ അനിശ്ചിതത്വം ഉണ്ടാക്കി. വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ കൂട്ട്‌ത്തോടെ പിന്‍വലിഞ്ഞത് ഓഹരി വിപണിയിലും വലിയ ക്ഷീണമുണ്ടാക്കി. വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്നും ഒഴിഞ്ഞു പോകുന്നത് അന്താരാഷ്ട്ര തലത്തിലും സാമ്പത്തിക രംഗത്ത് രാജ്യത്തിന് വലിയ തിരിച്ചടിയാകുമെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് സര്‍ചാര്‍ജുകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുന്നത്.

ഓഹരികളില്‍ നിന്നുള്ള മൂലധന വരുമാനത്തിനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന അധിക സര്‍ചാര്‍ജും പിന്‍വലിച്ചു. ഓഹരികളിലുള്ള ആഭ്യന്തര നിക്ഷേപത്തിലും കുറവുണ്ടായതോടെ ഇതിലും സര്‍ചാര്‍ജ് ഉണ്ടാകില്ലെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് വ്യക്തമാക്കി.

രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ക്കും അവയിലെ മൂലധന നിക്ഷേപമായ ഏയ്ഞ്ചല്‍ ഫണ്ടിനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന എയ്ഞ്ചല്‍ ടാക്‌സിലും ഇളവു നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകളുടെ ആദായ നികുതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡംഗത്തിന്റെ മേല്‍ നോട്ടത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

ജി.എസ്.ടി നികുതി വരുമാനത്തില്‍ വന്‍ കുറവുണ്ടായതാണ് ഓഹരി നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനത്തിനുള്‍പ്പെടെ സര്‍ചാര്‍ജ് ഏര്‍പ്പെടുത്താന്‍ ധനമന്ത്രിയെ പ്രേരിപ്പിച്ചത്. ഈ തീരുമാനം ഓഹരി വിപണിയില്‍ ഉള്‍പ്പെടെ വലിയ തിരിച്ചടിക്ക് കാരണമാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *