ലക്നോ:
പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ഉറപ്പുവരുത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ, സ്കൂള്‍ ഉച്ചഭക്ഷണപദ്ധതി നിലനില്‍ക്കുമ്പോഴും ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്കൂളില്‍, വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം വെറും ഉപ്പും റൊട്ടിയും. സംഭവം വിവാദമായത്തോടെ നിരവധി രക്ഷകര്‍ത്താക്കളാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പിഞ്ചു കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതും ഉറപ്പുവരുത്തേണ്ടതുമായ ഒരു സർക്കാർ സ്ഥാപനത്തിൽ നിന്നുമാണ് ഇത്തരം നടപടി ഉണ്ടായിരിക്കുന്നതെന്നാണ് രക്ഷകർത്താക്കളുടെ പ്രതികരണം.
ഒരു വര്‍ഷമായി ഇതാണ് സ്കൂളിലെ അവസ്ഥയെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. ചിലപ്പോഴൊക്കെ ഉപ്പും ചോറുമാണ് നല്‍കാറുള്ളത്. അപൂര്‍വമായി മാത്രമാണ് പാല് വിതരണം സംഭവിക്കുന്നത്. ഏത്തപ്പഴം ഇതുവരെ നല്‍കിയിട്ടില്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സർക്കാർ തന്നെ സംസ്ഥാനവും ഭരിക്കുന്ന ഉത്തർപ്രദേശിലെ മിർസാപുർ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലാണ് പിഞ്ചുങ്ങളോടുള്ള ഈ കൊടും ക്രൂരത.
മിർസാപൂർ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന് റൊട്ടിയും ഉപ്പും മാത്രം നൽകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ, കുട്ടികളോട് സർക്കാരിനോടുള്ള പെരുമാറ്റം അപലപനീയമാണെന്നു പറഞ്ഞുകൊണ്ട്, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിലെ ബി.ജെ.പി. സർക്കാരിനെതിരെ ആഞ്ഞടിച്ചുവെന്ന് ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ടു ചെയ്തു.
“മിർസാപൂരിലെ ഒരു സ്കൂളിൽ ഉച്ചഭക്ഷണമായി വിദ്യാർത്ഥികൾക്ക് ഉപ്പും റൊട്ടിയും നൽകുന്നു. ഉത്തർപ്രദേശിലെ ബി.ജെ.പി. സർക്കാരിന്റെ അവസ്ഥ ഇതാണ്. സർക്കാർ നൽകുന്ന സൗകര്യങ്ങൾ ദിനംപ്രതി വഷളാവുകയാണ്. കുട്ടികളോടുള്ള ഇത്തരം പെരുമാറ്റം അപലപനീയമാണ്.” പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന നൂറോളം വിദ്യാര്‍ത്ഥികള്‍ ഉച്ചഭക്ഷണമായി റൊട്ടിയും ഉപ്പും കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴിയും വ്യാപിക്കുന്നുണ്ട്.
ഈ വിവാദ സംഭവത്തില്‍, അന്വേഷണം നടത്തിയ വിദ്യാഭ്യാസ വകുപ്പ് അധികൃതരും റിപ്പോര്‍ട്ട് സത്യമാണെന്ന് സമ്മതിച്ചു. അന്വേഷണ റിപ്പോർട്ടിന് പിന്നാലെ, സ്കൂളിന്റെ പ്രധാന അധ്യാപകനെയും പഞ്ചായത്ത് സൂപ്പര്‍വൈസറെയും സസ്പെന്‍ഡ് ചെയ്തതായി ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അനുരാഗ് പട്ടേല്‍ വ്യക്തമാക്കി.