അന്തർദേശീയ തലത്തിലെ രാഷ്ട്രീയ അസ്വാരസ്യങ്ങൾ ടെക്നോളജി ലോകത്തെയും നന്നായി സ്വാധീനിക്കുന്നു. അമേരിക്കയുടെ ഉപരോധത്തിന് പിന്നാലെ ആൻഡ്രോയിഡിന് പകരം, സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെ അവതരിപ്പിച്ച ചൈനീസ് കമ്പനിയായ ഹുവേയ് ഇപ്പോഴിതാ ഗൂഗിൾ മാപ്പിനും ഒരു പകരക്കാരനുമായി എത്തിയിരിക്കുകയാണ്.
മാപ്പ് കിറ്റ് എന്ന പേരിൽ സ്വന്തമായി ഒരു സ്ട്രീറ്റ് നാവിഗേഷൻ സിസ്റ്റം വികസിപ്പിച്ചുവരികയാണ് ഹുവേയ് എന്നാണ് റിപ്പോർട്ട്.
ചൈന ഡെയ്ലിയുടെ റിപ്പോർട്ടിലാണ് എകദേശം നാൽപ്പതോളം ഭാഷകളിൽ പ്രവർത്തിക്കുന്ന പുതിയ മാപ്പ് സർവ്വീസ് ഒക്ടോബറിൽ തന്നെ ഹുവേയ് അവതരിപ്പിച്ചേക്കുമെന്ന്റിപ്പോർട്ട് ചെയ്യുന്നത്.
നേരത്തെ, ഹാർമണി ഓ.എസ്. എന്ന പേരിലാണ്, ആൻഡ്രോയിഡിന് ബദലായ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം
ഹുവേയ് പ്രഖ്യപിച്ചത്. ഇതിനു പിന്നാലെ ഇപ്പോഴിതാ കമ്പനി പുതിയ മാപ്പ് കിറ്റും അവതരിപ്പിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. പ്രാഥമിക ഘട്ടത്തിൽ ഡെവലപ്പർമാർക്ക് മാത്രമായിരിക്കും മാപ്പ് കിറ്റ് ലഭ്യമാക്കുക എന്നും റിപ്പോർട്ടിൽ പറയുന്നു.
അന്താരാഷ്‌ട്ര തലത്തിലെ യു.എസ്. നീക്കങ്ങളുടെ ഭാഗമായി, ഭാവിയിൽ ഗൂഗിൾ മാപ്പ് സേവനങ്ങൾക്കും വിലക്കേർപ്പെടുത്തിയാൽ പോലും, ഉപഭോക്താക്കൾക്ക് മാപ്പ് സൗകര്യം ലഭ്യമാക്കുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്ന് വ്യക്തമാണ്. ആൻഡ്രോയിഡ്, ഗൂഗിൾ ഉപഭോഗം കുറയ്ക്കുകയാണ് ഹുവേയുടെ പദ്ധതി. നിലവിൽ, ഗൂഗിളിന് മാത്രമാണ് സമഗ്രവും വിശ്വസ്തവുമായ ഒരു മാപ്പ് സംവിധാനം ഇത് വരെ അവതരിപ്പിക്കാനായിട്ടുള്ളത്. വളരെയധികം കാലത്തെ നിരന്തര പരിശ്രമത്തിനും ഏറെ നിക്ഷേപങ്ങൾക്കും ഒടുവിലാണ് ഇന്നത്തെ അവസ്ഥയിലേക്ക് ഗൂഗിൾ മാപ്പ് എത്തുന്നത്.
2012ൽ ആപ്പിൾ സ്വന്തം മാപ്പ് ആപ്പ് അവതരിപ്പിച്ചെങ്കിലും ഗൂഗിൾ മാപ്പിനോട് മത്സരിക്കാവുന്നത്ര നിലവാരത്തിലോട്ടു അതിനു എത്തിപ്പെടാൻ കഴിഞ്ഞിരുന്നില്ല.