Sat. Apr 27th, 2024
ദെഹ്‌റാദൂണ്‍:

ഉത്തരേന്ത്യയിലും ശക്തമായ മഴയിലുണ്ടായ പ്രളയത്തിൽ നിരവധി പേരെ കാണാനില്ല. ഉത്തരാഖണ്ഡിലും അയൽ സംസ്ഥാനമായ ഹിമാചൽ പ്രദേശിലുമാണ് നാശനഷ്ട്ടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 18 പേരെ കാണാനില്ലെന്നും നിരവധിപേര്‍ കുടുങ്ങികിടക്കുന്നതായുമാണ് റിപ്പോര്‍ട്ട്. ഉത്തരകാശി മേഖലയിലാണ് വെള്ളപ്പൊക്കത്തില്‍ ഇതുവരെ 18 പേരെ കാണാതായിരിക്കുന്നത്. ടോണ്‍സ് നദി കരകവിഞ്ഞൊഴുകിയതോടെ കരയിലെ 20 വീടുകളാണ് ഒലിച്ചുപ്പോയത്. പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഗംഗോത്രി ഹൈവേ വഴിയുള്ള ഗതാഗതം സ്തംഭിപ്പിച്ചു. പാതിവഴിയില്‍ അകപ്പെട്ട മാനസരോവര്‍ യാത്രികരെ, അവിടെ എത്തിയ സംസ്ഥാന ദുരന്തനിവാരണ സേനയാണ് രക്ഷപ്പെടുത്തിയത്.

മേഘവിസ്‌ഫോടനത്തിനു പിന്നാലെ പെയ്ത ശക്തമായ മഴയാണ് ഉത്തരാഖണ്ഡില്‍ കനത്തനാശമുണ്ടാക്കിയത്. അതേസമയം, ദുരിതബാധിത പ്രദേശങ്ങളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനു ആക്കം കൂട്ടാനും അപകടസാധ്യതയുള്ള മേഖലകളില്‍നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനും മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നല്‍കി. ദുരന്തബാധിത മേഖലകളില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന തുടങ്ങിയവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

എന്നാൽ, നിരവധിയിടങ്ങളിൽ റോഡുകള്‍ അടർന്നുപോയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത അവസ്ഥ നിലനിൽക്കുന്നുണ്ട്. അടുത്ത മൂന്നുദിവസം കൂടി ഉത്തരകാശി മേഖലയില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഹിമാചല്‍പ്രദേശിലാവട്ടെ കനത്തമഴയോടൊപ്പം മഞ്ഞുവീഴ്ചയും പ്രളയദുരന്തത്തെ രൂക്ഷമാക്കി. ഷിംല, കുളു, മാണ്ഡി തുടങ്ങിയ മേഖലകളിലാണ് കനത്തമഴയെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായത്. മാണ്ഡിയിലെ പലപ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പലയിടത്തും റോഡ് ഒലിച്ചുപോയതിനാല്‍ ദേശീയ പാത അഞ്ചിൽ മൂന്നിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്. കുളുവിലെ ബീസ് നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നു.

ലേ-മണാലി റോഡിലും ഉരുള്‍പൊട്ടലിനെതുടര്‍ന്ന് ഗതാഗത തടസമുണ്ടായി. ഈ മേഖലയിൽ പലഭാഗങ്ങളിലായി മലയാളികളടക്കമുള്ള വിനോദസഞ്ചാരികള്‍ കുടുങ്ങികിടക്കുന്നതായാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തത്. മഴകെടുതി തുടർന്നേക്കുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച ഷിംല, കുളു ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി നൽകി.

Leave a Reply

Your email address will not be published. Required fields are marked *