Sun. Dec 22nd, 2024
കൊച്ചി:

എയ്ഡഡ് സ്‌കൂളുകളിലെയും കോളജുകളിലെയും കോഴ വാങ്ങിയുള്ള അധ്യാപക നിയമനത്തെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍. എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. അധ്യാപകരെ നിയമിക്കാന്‍ സ്‌കൂള്‍, കോളേജ് മാനേജര്‍മാര്‍ക്കുള്ള അധികാരത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും ഈ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

സര്‍ക്കാരിന്റ ഉടമസ്ഥതയിലുള്ള സ്‌കൂളുകളിലും കോളേജുകളിലും നിയമനം നടത്തുന്നതു പോലെ അടിസ്ഥാന യോഗ്യതകള്‍ ഉള്ളവരെ തന്നെയാണ് എയ്ഡഡ് വിദ്യാലയങ്ങളിലും നിയമിക്കുന്നത് എന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. അതിനാല്‍ അധ്യാപക നിയമനത്തിനുള്ള അധികാരം മാനേജര്‍മാരില്‍ നിന്നും മാറ്റി പി.എസ്.സിക്കു നല്‍കേണ്ടതില്ല. മാനേജര്‍മാര്‍ നിയമനം നടത്തുന്ന നിലവിലെ രീതിയില്‍ അപാകതകളില്ലെന്നും സര്‍ക്കാര്‍ പറയുന്നു. പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാനാണ് സര്‍ക്കാരിനു വേണ്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

പൊതുപ്രവര്‍ത്തകനായ എം.കെ. സലീം നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്.

കേരളത്തിലെ എയ്ഡഡ് വിദ്യാലയങ്ങളില്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കുന്നത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. വ്യക്തമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമനങ്ങള്‍ നടത്താന്‍ മാനേജ്‌മെന്റുകളെ അനുവദിക്കുന്നത് ഭരണഘടന പ്രകാരമുള്ള തുല്യനീതിയുടെ ലംഘനമാണെന്നും എം.കെ. സലീം ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച ഈ ഹര്‍ജിയെ തുടര്‍ന്നാണ് സര്‍ക്കാരിനോടും പി.എസ്.സിയോടും നിലപാടറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ഹര്‍ജിയില്‍ മറുപടി നല്‍കാതെ സര്‍ക്കാര്‍ വൈകിപ്പിക്കുകയായിരുന്നു. ഒടുവില്‍ കോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സത്യവാങ്മൂലം സമര്‍പ്പിച്ചത്.

എന്നാല്‍ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായാണ് സര്‍ക്കാര്‍ ഇപ്പോള്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഭരണഘടനയിലെ 14, 16 വകുപ്പുകള്‍ പ്രകാരമുള്ള തുല്യനീതിയുടെ നിഷേധമാണ് നിലവിലെ രീതിയെന്ന സലിമിന്റെ വാദവും സര്‍ക്കാര്‍ തള്ളി. നിയമന രീതികളില്‍ മാറ്റം വരുത്തുന്നത് നയപരമായ തീരുമാനങ്ങളില്‍ ഉള്‍പ്പെടുന്നതാണ് എന്നും സര്‍ക്കാര്‍ വാദിക്കുന്നു.

എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്. കഴിഞ്ഞ അറുപതു വര്‍ഷത്തോളമായി ഈ രീതി തുടരുന്നുണ്ടെങ്കിലും ഇത്തരം വിദ്യാലയങ്ങളില്‍ നിയമനം നടത്തുന്നത് അതാത് മാനേജ്‌മെന്റുകള്‍ തന്നെയാണ്.

സംസ്ഥാനത്തെ ഭൂരിഭാഗം എയ്ഡഡ് സ്‌കൂളുകളും വിവിധ സമുദായ സംഘടനകളുടെയും വന്‍കിടക്കാരായ എയ്ഡഡ് സ്ഥാപന ഉടമകളുടെയും കീഴില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഈ മാനേജ്‌മെന്റുകള്‍ നിയമിക്കുന്ന അധ്യാപകരെ പിന്നീട് വിദ്യാഭ്യാസ വകുപ്പ് അംഗീകരിക്കുകയും സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കു നല്‍കുന്ന അതേ രീതിയില്‍ ശമ്പളവും ആനുകൂല്യങ്ങളും അനുവദിക്കുകയും ചെയ്യും.

അതേസമയം ലക്ഷക്കണക്കിന് രൂപയാണ് അധ്യാപകരുടെ നിയമനം നടത്തുമ്പോള്‍ മാനേജ്‌മെന്റുകള്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കോഴയായി വാങ്ങാറുള്ളത്. ഇത്തരം സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ പ്രധാന വരുമാന മാര്‍ഗവും ഇതു തന്നെയാണ്.

സര്‍ക്കാര്‍ സ്‌കൂളുകളിലെയും കോളജുകളിലെയും അധ്യാപക നിയമനം പി.എസ്.സി.ക്ക് വിടണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. എന്നാല്‍ മാറി മാറി വന്ന ഇടതു വലതു സര്‍ക്കാരുകള്‍ മാനേജ്‌മെന്റുകളുടെ സമര്‍ദ്ദത്തിന് വഴങ്ങി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോവുകയായിരുന്നു.

ഹര്‍ജി കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്. ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടായില്ലെങ്കില്‍ മേല്‍കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് ഹര്‍ജിക്കാര്‍. പൊതു ഖജനാവില്‍ നിന്നും ശമ്പളം നല്‍കുന്ന നിയമനങ്ങളില്‍ സംവരണം പാലിക്കുന്നില്ലെന്ന വിഷയം കൂടി ഇതോടൊപ്പം ഉള്‍പ്പെടുത്തും. നിയമനം പി.എസ്.സി.ക്കു തന്നെ വിടണമെന്ന് മേല്‍കോടതിയിലും ശക്തമായിതന്നെ ആവശ്യപ്പെടുമെന്നും ഹര്‍ജിക്കാര്‍ പറയുന്നു.

ജനകീയ നിലപാടുകള്‍ സ്വീകരിക്കുന്നു എന്നവകാശപ്പെടുന്ന ഇടതു സര്‍ക്കാരാണ് ഇത്തരത്തിലൊരു സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. സമുദായ സംഘടനകളുടെയും വമ്പന്മാരായ മാനേജ്‌മെന്റുകളുടെയും സമ്മര്‍ദ്ദം തന്നെയാണെന്ന് ഈ നിലപാടിന് പിന്നിലെന്ന് വ്യക്തം. സംവരണത്തിനു വേണ്ടി വാദിക്കുന്ന ഏതെങ്കിലും സംഘടനകള്‍ തങ്ങള്‍ക്കൊപ്പം ഉറച്ചു നില്‍ക്കാന്‍ തയ്യാറാകുമോ എന്നാണ് ഹര്‍ജിക്കാര്‍ ഉറ്റുനോക്കുന്നത്.

രണ്ടു ലക്ഷത്തോളം തൊഴിലവസരങ്ങളാണ് എയ്ഡഡ് മേഖലയിലുള്ളത്. ഈ നിയമനങ്ങള്‍ പി.എസ്.സിക്കു വിടണമെന്നു തന്നെയാണ് ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ യുവജന സംഘടനകളെല്ലാം ആവശ്യപ്പെടുന്നത്.

സ്വകാര്യ മാനേജ്‌മെന്റുകള്‍ക്കനുകൂലമായി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയതില്‍ ഇടത് യുവജന സംഘടനയായ എ.ഐ.വൈ.എഫ് ശക്തമായ പ്രതിഷേധം രെഖപ്പെടുത്തി. എയ്ഡഡ് മേഖലയില്‍ നടക്കുന്നത് വലിയ സാമൂഹിക അനീതിയാണെന്നും സര്‍ക്കാര്‍ ഈ തീരുമാനം തിരുത്തണമെന്നും സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ആവശ്യപ്പെട്ടു. വിഷയം ഇടതുമുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും മഹേഷ് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *