കൊച്ചി:
പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഫസ്റ്റ് ഇഫര്‍മേഷന്‍ റിപ്പോര്‍ട്ട് (FIR), ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്‌മെന്റ്(FIS) എന്നിവയുടെ പകര്‍പ്പുകള്‍ വ്യക്തമായി ടൈപ്പു ചെയ്ത് പ്രിന്റഡ് രൂപത്തില്‍ സൂക്ഷിക്കണമെന്ന് കേരള ഹൈക്കോടതി. ഈ രേഖകളെല്ലാം പകര്‍പ്പുകളായി ടൈപ്പ് ചെയ്ത് പ്രിന്റഡ് രൂപത്തിലായിരിക്കണം കോടതികള്‍ക്കും, പ്രോസികൂട്ടര്‍മാര്‍ക്കും കൈമാറേണ്ടതെന്നും ഇതിനായി സംസ്ഥാന പോലീസ് മേധാവി അടിയന്തരമായി ഉത്തരവിറക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന എഫ്.ഐ.ആറിന്റെയും, എഫ്.ഐ.എസിന്റെയും ഒറിജിനല്‍ രൂപം കൈയെഴുത്തായി തന്നെ തുടരാമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ഇവയുടെ പകര്‍പ്പുകള്‍ സിഡിയിലേക്ക് പകര്‍ത്തി കോപ്പികളായി സൂക്ഷിക്കണം.
ടൈപ്പ് ചെയ്ത പ്രിന്റഡ് പകര്‍പ്പുകളോടൊപ്പം കയ്യെഴുത്ത് രൂപത്തിലുള്ള എഫ്.ഐ.ആറുകളും, എഫ്.ഐ.എസ്സുകളും സ്റ്റേഷനുകളില്‍ പ്രത്യേകം സൂക്ഷിക്കണം. ടൈപ്പ് ചെയ്തവ സിഡിയിലേക്ക് മാറ്റി സൂക്ഷിക്കണം ആവശ്യപ്പെടുമ്പോള്‍ ഇവയുടെ പ്രിന്റ് കോടതികള്‍ക്കും പ്രോസിക്കൂട്ടര്‍ക്കും നല്‍കണമെന്നും കോടതി വ്യക്തമാക്കി.
മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമ്പോഴും, സാധാരണ ജാമ്യപേക്ഷ സമര്‍പ്പിക്കുമ്പോഴും, അപേക്ഷകള്‍ക്കൊപ്പം, റിമാന്‍ഡ് റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള രേഖകളുടെയും പകര്‍പ്പുകളും ഇനിമുതല്‍ വ്യക്തമായ അക്ഷരത്തില്‍ ടൈപ്പ് ചെയ്ത് നല്‍കാനും കോടതി ഉത്തരവിട്ടു.
പലപ്പോഴും കയ്യെഴുത്ത് രൂപത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമായി വായിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ ഈ രേഖകളുടെ യഥാര്‍ത്ഥ ഉള്ളടക്കം മനസിലാക്കുന്നതിനായി കോടതിയുടെ വിലയേറിയ സമയം വളരെയധികം നഷ്ടമാകാറുമുണ്ട്. ഇതു കൂടി പരിഗണിച്ചാണ് ഇപ്പോഴത്തെ ഉത്തരവ്. ഇതു കൂടാതെ 24 മണിക്കൂറിനുള്ളില്‍ എഫ്.ഐ.ആറിന്റെ പകര്‍പ്പുകള്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണമെന്ന് 2016 മുതല്‍ നിലവിലുള്ള സുപ്രീംകോടതി വിധി കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.