Sat. Apr 27th, 2024
ചേര്‍ത്തല:

ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും പണപ്പിരിവു നടത്തിയ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്. ചേര്‍ത്തല തഹസില്‍ ദാര്‍ ഡി.വൈ.എസ്.പിക്കു നല്‍കിയ പരാതിയെ തുടര്‍ന്ന് അര്‍ത്തുങ്കല്‍ പൊലീസാണ് കേസെടുത്തത്. വഞ്ചനാകുറ്റമാണ് ഓമനക്കുട്ടനെതിരെ ചുമത്തിയിട്ടുള്ളത്.

ചേര്‍ത്തല തെക്ക് പഞ്ചായത്തിലുള്ള ദുരിതാശ്വാസ ക്യാമ്പിലെ അംഗങ്ങളില്‍ നിന്നുമാണ് ഓമനക്കുട്ടന്‍ പണപ്പിരിവ് നടത്തിയത്. 130 കുടുംബങ്ങളുള്ള ക്യാമ്പിലെ ഓരോ കുടുംബത്തില്‍ നിന്നും 70 രൂപ മുതല്‍ 100 രൂപവരെ ഇയാള്‍ പിരിച്ചെടുത്തു. ക്യാമ്പിന്റെ ചുമതലയുള്ള ആളാണ് എന്നു പറഞ്ഞായിരുന്നു പണം പിരിച്ചത്.

അര്‍ത്തുങ്കലിലെ സപ്ലൈകോയുടെ ഗോഡൗണില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുവരുന്ന വണ്ടിക്ക് വാടക നല്‍കണം. ക്യാമ്പ് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്നുമാണ് വൈദ്യുതി കണക്ഷന്‍ നല്‍കിയിരിക്കുന്നത്. ഇതിനും പണം നല്‍കേണ്ടതുണ്ട്. ഇതിനൊന്നും ഉദ്യേഗസ്ഥര്‍ പണം നല്‍കുന്നില്ല എന്നാണ് ചോദിച്ചവരോട് ഇയാള്‍ പറഞ്ഞത്.

തലചായ്ക്കാന്‍ ഇടമില്ലാതെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന പാവങ്ങളില്‍ നിന്നും ഏതാനും ദിവസങ്ങളായി ഇയാള്‍ പണപ്പിരിവു നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ക്യാമ്പിലുള്ള ഒരാള്‍ പുറത്തു പോയി വിവരം പറഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാരനായ ഒരാള്‍ ക്യാമ്പിലെത്തി ഓമനകുട്ടന്‍ പണപ്പിരിവു നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇന്നലെ പിരിവു നടത്തിയതിന്റെ ദ്യശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നത്. ദൃശ്യങ്ങള്‍ വൈറലായതോടെ പണപ്പിരിവ് സംഭവം വിവാദമായി.

പണപ്പിരിവ് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ മന്ത്രി ജി സുധാകരന്‍ ക്യാമ്പില്‍ നേരിട്ടെത്തി. ക്യാമ്പില്‍ കഴിയുന്നവരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി സംഭവം വലിയ വീഴ്ചയാണെന്ന് വ്യക്തമാക്കി. പണപ്പിരിവു നടന്ന സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തും വീഴ്ചയുണ്ടായിട്ടുണ്ട്. ആദ്യഘട്ടമായി പിരിവു നടത്തിയ ഓമനക്കുട്ടനെതിരെ നിയമ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞിരുന്നു.

ഇതിനിടെ പണപ്പിരിവ് സംഭവം നാണക്കേടായതോടെ ഓമനക്കുട്ടനെ സസ്‌പെന്‍ഡ് ചെയ്ത് സിപിഎം നേതൃത്വം തങ്ങളുടെ മാനം രക്ഷിച്ചു. കേസിനു പിന്നാലെ സമാന്തരമായി ഓമനക്കുട്ടനെതിരെ പാര്‍ട്ടി അന്വേഷണവും നടക്കും. ക്യാമ്പിലെ പോരായ്മകള്‍ റവന്യൂ ഉദ്യോഗസ്ഥരെ അറിയിക്കാതെ സ്വന്തം നിലയില്‍ ഓമനക്കുട്ടന്‍ പണപ്പിരിവു നടത്തിയത് ജാഗ്രതക്കുറവാണ് എന്നു മാത്രമാണ് സി.പി.എം നിലപാട്.

ഭക്ഷ്യ സാധനങ്ങള്‍ കൊണ്ടുവരുന്ന വണ്ടിക്കുള്ള വാടകയ്ക്കും വൈദ്യുതിക്കും വേണ്ടി കഴിഞ്ഞ വര്‍ഷം ഇവിടെ ക്യാമ്പു നടത്തിയപ്പോഴും താന്‍ പിരിവെടുത്തതായി ഓമനക്കുട്ടന്‍ പറയുന്നുണ്ട്. ഉദ്യോഗസ്ഥര്‍ പണം നല്‍കാത്തതു കൊണ്ടാണ് ക്യാമ്പിലെ കാര്യങ്ങള്‍ നടത്താന്‍ താന്‍ പണപ്പിരിവു നടത്തിയത് എന്നായിരുന്നു ഓമനക്കുട്ടന്റെ വിശദീകരണം.

അതേസമയം ക്യാമ്പിന്റെ കാര്യങ്ങള്‍ നടത്താന്‍ കണ്‍വീനര്‍മാരായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മുഴുവന്‍ സമയവും ഉദ്യോഗസ്ഥര്‍ തന്നെ ക്യാമ്പിലുണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു. ക്യാമ്പുകള്‍ നടത്തുന്ന കാര്യത്തില്‍ വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇവിടത്തെ ഒരു കാര്യങ്ങള്‍ക്കും പ്രശ്‌നമില്ലെന്നും എല്ലാ ആവശ്യങ്ങള്‍ക്കുമുള്ള പണം സര്‍ക്കാര്‍ മുന്‍കൂറായി നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇതോടെ ഓമനക്കുട്ടന്റെ തട്ടിപ്പായിരുന്നു ക്യാമ്പില്‍ അരങ്ങേറിയതെന്ന് നാട്ടുകാര്‍ക്കും വ്യക്തമായി. എന്നാല്‍ ഇത്രയും ദിവസം ഓമനക്കുട്ടന്‍ പിരിവു നടത്തിയിട്ടും ഉദ്യോഗസ്ഥര്‍ ഒന്നും അറിഞ്ഞില്ലേ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *