ഒരു സ്വാതന്ത്ര്യ ദിനം കൂടെ കടന്നു പോകുമ്പോൾ ഇന്ത്യൻ ഹിന്ദുത്വ സാമ്രാജ്യ സൃഷ്ടാക്കൾ ദക്ഷിണേഷ്യയിൽ ചെയ്തുകൊണ്ടിരിക്കുന്നത് എന്താണ് എന്ന് കൃത്യമായി ബോധ്യപ്പെടേണ്ടത് അനിവാര്യമാണ്.
വികസന സിദ്ധാന്തങ്ങളുമായും ലോകവ്യവസ്ഥയിലെ തന്നെ ലാഭക്കച്ചവടങ്ങളും അതിനോട് ചേർന്ന് നിൽക്കുന്ന സാംസ്‌കാരിക അധിനിവേശത്തെയും അതിനെല്ലാമെതിരായിയുണ്ടായ സാമൂഹിക മുന്നേറ്റ സിദ്ധാന്തങ്ങളെയും പരിശോധിക്കുമ്പോഴേ ഇന്നത്തെ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ടു മുഴുവൻ സാമൂഹിക പ്രതലങ്ങളും വീണ്ടെടുക്കാൻ നമുക്ക് കഴിയൂ.
സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ അന്തസത്ത ഇന്ത്യ എന്ന കേവലമായ ദേശീയ വാദമായിരുന്നില്ല. പല സാംസ്‌കാരിക ഭൗതിക ഭൂവിഭാഗങ്ങളായി പല പ്രതലത്തിൽ നിന്ന ഒരു ജനതയെ അതിന്റെ സാമൂഹിക സ്വഭാവം കണക്കാക്കാതെ അതിൽ സുലഭമായിരുന്ന പ്രകൃതി വിഭവങ്ങളെയും സാമ്പത്തിക ക്രയവിക്രയങ്ങളെയും കൊള്ളയടിച്ച യൂറോപ്യൻ അധിനിവേശ സാംസ്കാരികതയോടുള്ള പ്രതിരോധമായിരുന്നു അതിന്റെ അന്തസത്ത. അതിനെതിരായി പ്രത്യക്ഷത്തിൽ ഈ രാജ്യത്തെ ബഹുഭൂരിപഷം വരുന്ന ആളുകളുടെയും പ്രതിഷേധം രൂപപ്പെട്ടോ എന്നുപോലും യഥാർത്ഥത്തിൽ നാം ശങ്കിക്കേണ്ടിയിരിക്കുന്നു. ബ്രിട്ടീഷ് അധിനിവേശത്തിനു അനേക കാലം മുൻപേ തീർത്തും മനുഷ്യത്വ വിരുദ്ധമായി സാമൂഹിക വിഭജനം നിലനിന്ന ഇവിടുത്തെ ജനാധിപത്യ വിരുദ്ധ സമൂഹത്തിൽ മുകളിൽ നിന്ന് അധികാര രൂപങ്ങളിലൂടെയും സാമ്പത്തിക നയങ്ങളിലൂടെയും നടത്തപെടുന്ന ചൂഷണം എത്രമാത്രം പ്രത്യക്ഷത്തിൽ കീഴാള സമൂഹങ്ങളെ സ്വാധീനിച്ചിട്ടുണ്ടാകും എന്ന് ചോദ്യം ഇക്കാലയളവിൽ വളരെ പ്രധാനമാണ്.
അതിനു കൃത്യമായ കാരണങ്ങളുണ്ട്. ലോക കച്ചവട വ്യവസ്ഥയെ ആശ്രയത്വ സിദ്ധാന്തങ്ങൾ (ഡിപെൻഡൻസി തിയറി) ഉപയോഗിച്ച് പഠിച്ച പോൾ.എ.ബാരൻ. എന്ന സാമൂഹിക ശാസ്ത്രജ്ഞൻ വ്യക്തമാക്കുന്നത് അനുസരിച്ചു ഇന്ത്യയിൽ നിന്നും ബ്രിട്ടീഷ് സാമ്രാജ്യം ഏകദേശം 500 മില്യൺ മുതൽ 1 ബില്യൺ വരെ അമേരിക്കൻ ഡോളറിനു തുല്യമായ സമ്പത്തു കടത്തികൊണ്ടുപോയിട്ടുണ്ട്. ആഭ്യന്തരമായി നിലനിന്ന തുണി വ്യവസായം മുതൽ തുകൽ വ്യവസായം വരെ അനേകം ഉത്പന്നങ്ങൾക്ക് അധിക ചുങ്കം ഏർപ്പെടുത്തുകയും ഈ അസംസ്കൃത വസ്തുക്കൾ യൂറോപ്പിലേക്ക് കടത്തുകയും ചെയ്തു. ലാഭക്കച്ചവടത്തിനായി അവിടെ നിർമിച്ചു തിരികെ വരുന്ന ഉത്പന്നങ്ങൾക്ക് നികുതി കുത്തനെ കുറക്കുകയും ചെയ്തിട്ടാണ് ഇവർ ഇത് നടപ്പാക്കിയത്.
യൂറോപ്പ്യൻ സാമ്രാജ്വത്തിന്റെ ഈ സവിശേഷ സാമ്പത്തിക നയ സമീപനത്തിനെ അദ്ദേഹം വിശേഷിപ്പിച്ചത് ‘ഡിഇന്ഡസ്ട്രിയലൈസേഷൻ’ എന്നാണ്. രാജ്യത്തെ സാമ്പത്തിക വ്യവസായ ക്രമത്തെ തകർക്കുക എന്നതായിരുന്നു അതിന്റെ ലക്‌ഷ്യം. ഈ വ്യവസായങ്ങൾ ഇന്ത്യൻ സാമൂഹികസാഹചര്യത്തിൽ സവർണ വിഭാഗങ്ങൾ ആണ് നിയന്ത്രിച്ചിരുന്നത്. ആ സാമ്പത്തിക ക്രയവിക്രയത്തിൽ സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടരുടെ പങ്ക് വളരെ ശോഷിച്ചതായിരുന്നു. അതുകൊണ്ടു തന്നെ ഈ സാമ്പത്തിക ചൂഷണത്തിൽ പ്രശ്നബാധിതരായവർ മുഖ്യമായും ജാതീയമായ ഉച്ചനീചത്വങ്ങൾക്ക് വിധേയരായവരോ മറ്റു പിന്നോക്ക ജനവിഭാഗങ്ങളോ ആയിരുന്നില്ല. ഹിന്ദു സാമൂഹിക വിഭജനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സാമൂഹിക ഘടന അടിസ്ഥാനപരമായി വിഭജിതമാണെന്ന വസ്തുത പണ്ഡിതനായ ബാരന് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല എങ്കിലും അദ്ദേഹത്തിന്റെ സൈദ്ധാന്തിക അടിത്തറ ഈ കോളനിവത്കരണത്തെ ശക്തമായി എതിർക്കുന്നുണ്ട്. രാജ്യത്തെ സമ്പത്തു ചൂഷണം ചെയ്യപ്പെടുമ്പോൾ അടിത്തട്ടിലുള്ളവരുടെ ജീവിതം കൂടുതൽ രൂക്ഷമാകും എന്നത് പ്രധാനമാണ്.
മറ്റൊരു രാഷ്ട്ര വ്യവസ്ഥയെ ആശ്രയിച്ചുള്ള വികസന നയങ്ങൾ ഒരു രാജ്യത്തിനും ഗുണകരമാകില്ല എന്നാണ് ആശ്രയത്വ സിദ്ധാന്ത സ്കൂളിൽ നിന്നും വരുന്ന സമൂഹശാസ്ത്രജ്ഞന്മാർ തെളിവ് നിരത്തി ഇതുപോലെ വ്യക്തമാക്കുന്നത്.
അമേരിക്കൻ സഹായത്തോടെ ലാറ്റിനമേരിക്കയിൽ നടപ്പാക്കിയ ലാറ്റിൻ അമേരിക്കൻ ഇക്കണോമിക് കമ്മീഷനെതിരെയും ലാറ്റിനമേരിക്കയിൽ അടക്കം അതുണ്ടാക്കിയ സാമൂഹിക പ്രത്യാഘാതങ്ങളേക്കുറിച്ചും വിമർശനാത്മകമായി സമീപിച്ചുകൊണ്ടാണ് എ.ജി. ഫ്രാങ്ക് എന്ന സാമൂഹിക ശാസ്ത്രജ്ഞൻ ആശ്രയ വികസന സിദ്ധാന്തങ്ങൾ രൂപീകരിക്കാൻ തുടങ്ങിയത്. പോൾ ബാരൻ, സമീർ അമിൻ, ഫെർണാണ്ടോ കർദാസോ, ഇമ്മാനുവേൽ വാളർസ്റ്റീൻ. തുടങ്ങിയവർ എല്ലാവരും ഈ ആശ്രയത്വ വികസന സങ്കല്പങ്ങൾ മൂന്നാം ലോക രാജ്യങ്ങൾക്ക് അപകടം നിറഞ്ഞതാണെന്ന് വ്യക്തമാക്കിയതാണ്. നിലവിൽ ആഘോഷിക്കപ്പെടുന്ന യൂറോ അമേരിക്കൻ കേന്ദ്രീകൃതമായി നിലനിൽക്കുന്ന എല്ലാ വികസന സങ്കല്പങ്ങളും മൂന്നാം ലോക രാഷ്ട്രങ്ങളുടെയും വികസ്വര രാഷ്ട്രങ്ങളുടെയും പ്രകൃതി വിഭവങ്ങളും മനുഷ്യവിഭവവും ചൂഷണം ചെയ്തു സമ്പത്തു ചോർത്തിയെടുക്കുകയാണ് എന്ന് ഈ സാമൂഹിക ശാസ്ത്രജ്ഞർ തെളിവ് നിരത്തിയത്.
ഈ സ്കൂളിൽ നിന്ന് വരുന്ന സാമൂഹിക ശാസ്ത്രജ്ഞന്മാരുടെ സൈദ്ധാന്തിക വശങ്ങളെ ഇക്കാലയളവിൽ കൂടുതൽ ശക്തമായി ഈ സ്വാതന്ത്ര്യ ദിനത്തിൽ നാം പരിശോധിക്കേണ്ടത് അനിവാര്യമാണ്.
അതായതു അത് നേരിട്ട് വ്യക്തമാകുന്നത് 90 കൾക്ക് ശേഷം രാജ്യത്തു നടപ്പാക്കിയ നിയോ ലിബറൽ നയങ്ങൾ ഉണ്ടാക്കിയ സമ്പത്തിന്റെ കേന്ദ്രീകരണമാണ്. രാജ്യത്തിന് പുറത്തുനിന്നും അകത്തു നിന്നും മൂലധന നിക്ഷേപങ്ങൾ സ്വീകരിച്ചുകൊണ്ടും പൊതു മുതലിന്റെ ഓഹരികൾ കച്ചവടം ചെയ്തുകൊണ്ടും രാജ്യത്തെ സാമ്പത്തിക ക്രയവിക്രയങ്ങളുടെ തോത് വർധിപ്പിക്കുക എന്നതായിരുന്നു അതിന്റെ ലക്‌ഷ്യം. അതാണ് ഇന്നത്തെ കാലയളവിൽ ഈ സാമൂഹിക സിദ്ധാന്തങ്ങളെ ചുറ്റിപറ്റി സാമൂഹിക നിരീക്ഷണത്തിനു പ്രാധാന്യമുണ്ടാക്കുന്നത്. മൂന്നാം ലോക രാഷ്ട്രങ്ങൾക്കും വികസ്വര രാഷ്ട്രങ്ങൾക്കും സ്വയം പര്യാപ്തമാകാൻ ആ സാമൂഹിക വ്യവസ്ഥയിൽ തന്നെ ആവശ്യമായ മനുഷ്യവിഭവവും പ്രകൃതി വിഭവവും രാജ്യം നിലനില്കുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ ഈ സമ്പത്തു അസന്തുലിതമായിട്ടാണ് വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്തിനകത്തു നിൽക്കുന്ന സാമ്പത്തികമായ അസന്തുലിതാവസ്ഥയെക്കുറിച്ചു പഠിച്ച പാരീസ് സ്കൂൾ ഓഫ് എക്കണോമിക്സ് ലെ ഗവേഷക വിദ്യാർത്ഥി നിതിൻ കുമാർ ഭാരതി ചെയ്ത റിപ്പോർട്ടിൽ (വേൾഡ് ഇനീക്വാലിറ്റി റിപ്പോർട്ട്) വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ സമ്പത്തിന്റെ 60% കേന്ദ്രീകരിച്ചിരിക്കുന്നത് ബ്രാഹ്‌മണ, ബനിയ, ക്ഷത്രിയ ജാതി വിഭാഗങ്ങളിലാണെന്നു പഠനം വ്യക്തമാക്കുന്നു. രാജ്യത്തിനകത്തും തന്നെ സമ്പത്തിനു ജാതീയമായി ഇത്രയും അസന്തുലിതാവസ്ഥ നിലനിൽക്കുമ്പോൾ സാമ്പത്തിക ക്രയവിക്രയങ്ങൾ കൂടുതൽ സ്വകാര്യവത്കരിക്കുന്നതു ഈ വിഭജനത്തിന്റെ തീവ്രത വർധിപ്പിക്കും. ആ സാഹചര്യത്തിൽ മുതലാളിത്ത രാജ്യങ്ങളെയും അവരുടെ മൂലധന ശക്തികളെയും ആശ്രയിച്ചുകൊണ്ടുള്ള വികസനം രാജ്യത്തെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് എത്തിക്കും എന്ന് തന്നെയാണ് ഇപ്പോൾ സംഭവിച്ചിട്ടുള്ള സാമ്പത്തിക അസന്തുലിതാവസ്ഥ വ്യക്തമാക്കി തരുന്നത്. ഈ സാഹചര്യത്തിൽ വേണം ഇന്ത്യയുടെ സാമ്പത്തിക ഘടനയെയും ഇന്ത്യ കോളനിവത്കരിക്കാൻ ശ്രമിക്കുന്ന ഭൂവിഭാഗത്തിന്റെയും സാമൂഹിക ഘടനയും അവരുടെ പ്രത്യേക അവകാശങ്ങളെയും പരിശോധിക്കുവാൻ.
ഇന്ത്യയുടെ സാമ്പത്തിക സാഹചര്യം അടിമുടി ഭീഷണികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. റിസർവ് ബാങ്ക് മുൻ തലവൻ രഖുരാം രാജനുമായും സംഘപരിവാർ നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന് ശേഷം പിന്നീട് സർക്കാർ തന്നെ റിസർവ് ബാങ്ക് ഗവർണ്ണർമാരായി നിയമിച്ച ഊർജ്ജിത് പട്ടേലും, വിരാൽ ആചാര്യയും രാജി വെച്ച് പോകുകയും ചെയ്തിരുന്നു. റിസർവ് ബാങ്കിന്റെയും രാജ്യം നേരിടുന്ന ആകെ സാമ്പത്തിക പ്രശ്നങ്ങളെയും കണക്കാക്കാതെ സംഘപരിവാർ നടത്തുന്ന നയ സമീപനങ്ങളെ ഏറ്റെടുക്കാൻ കഴിയാതെയാണ് അവസാന രണ്ടു പേരുടെയും രാജി എന്ന് വാർത്തകളുണ്ടായി.
മധ്യവർഗത്തിന്റെയും സാധാരണക്കാരുടെയും സാമ്പത്തിക ക്രയങ്ങളിൽ കാര്യമായ വ്യത്യാസം രാജ്യത്തു പ്രതിഭലിക്കുന്നുണ്ട്. മഹിന്ദ്ര, ടാറ്റ , ഹീറോ എന്നിവ പോലെയുള്ള കമ്പനികളുടെ വില്പനയിൽ കുറവ് കാണിക്കുന്നുണ്ട് എന്നാണ് അവർ വ്യക്തമാകുന്നത്.മഹീന്ദ്രയിൽ ഈ ജൂലൈ മാസം 15%വും ടാറ്റയിൽ 34%വും ഹീറോയിൽ 21% വും കച്ചവടത്തിൽ കുറവും താഴ്ചയും ഉണ്ടായി എന്ന് റിപോർട്ടുകൾ ഉണ്ടായി. ബജാജിന്റെയും ഇ ജൂലൈ മാസത്തിൽ 5% കച്ചവടം കുറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക സാഹചര്യത്തെക്കുറിച്ചു ഔദ്യോഗികമായ വാർത്തകൾ ഇല്ലെങ്കിലും ഇതുപോലെയുള്ള സൂചനകളാണ് കൊട്ടിഘോഷിക്കപ്പെടുന്ന ജിഡിപി വലുപ്പത്തിലും നമുക്ക് അതിനെക്കുറിച്ചു മനസിലാക്കാൻ കഴിയുന്ന യാഥാർഥ്യം.
ഈ സാഹചര്യത്തിൽ വേണം ഈ സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യ പോലെയുള്ളൊരു വികസ്വര രാജ്യം എന്തുകൊണ്ട് കാശ്മീർ ജനതക്കുണ്ടായിരുന്ന പ്രത്യേക അധികാര പദവികൾ റദ്ദാക്കി കളയുന്നു എന്ന് പരിശോധിക്കുവാൻ. അതിലേറ്റവും പ്രധാനം കാശ്മീരിന്റെ സാമ്പത്തിക ഘടനയിലും സാംസ്‌കാരിക ഘടനയിലും ഇന്ത്യൻ ദേശ രാഷ്ട്രം ലക്ഷ്യമിടുന്ന മാറ്റങ്ങളാണ്. ഈ നയ സമീപനങ്ങളെ തടയിടാൻ കഴിയുമായിരുന്നതായിരുന്നു പ്രത്യേക അധികാര പദവി. ഈ പ്രത്യേക അധികാര പദവി എടുത്തുകളയപ്പെട്ട ഉടനെ റിലയൻസ് കമ്പനി ജമ്മു കാശ്മീരിൽ പ്രത്യേക ടീമിനെ നിയോഗിച്ച് നിക്ഷേപ സാദ്ധ്യതകൾ പരിശോധിക്കും എന്ന് മുകേഷ് അംബാനി പത്രസമ്മേളനം വിളിച്ച് വ്യക്തമാക്കുക കൂടി ചെയുമ്പോൾ ഇന്ത്യയുടെ കാശ്മീർ കോളനിവത്കരണ സ്വപ്‌നങ്ങൾക്ക് വംശ വെറിയോടൊപ്പം കച്ചവട താല്പര്യങ്ങളുമുണ്ട് എന്ന് വ്യക്തമാകും.
സംഘപരിവാറിന്റെ അഖണ്ഡഭാരത സങ്കല്പവും റിലയൻസും അദാനി ഗ്രൂപ്പും പോലെയുള്ള ഹിന്ദുത്വ കച്ചവട താല്പര്യങ്ങളുള്ള കുത്തകകളും കൂടിയായപ്പോഴാണ് കാശ്മീരിനെ കോളനിവത്കരിക്കുക എന്നത് എളുപ്പം സാധ്യമായത്. കോടിക്കണക്കിനു രൂപ മൂല്യമുള്ള ഹിമാലയത്തിലെ പ്രകൃതി വിഭവങ്ങളും ടൂറിസ്റ്റ് കച്ചവടസാധ്യതയും കുത്തകകളെ കൊതിപ്പിക്കുമ്പോൾ അവിടത്തെ സാംസ്കാരികമായ അധീശത്വമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്. പോൾ ബാരൻ വ്യക്തമാക്കിയ “ഡിഇന്ഡസ്ട്രിയലൈസേഷൻ” തന്നെയായിരിക്കും സംഘ പരിവാർ സർക്കാർ നയപരമായി അവിടത്തെ മുസ്ലിം ജനവിഭാഗത്തോട് ചെയ്യാൻ തയ്യാറെടുക്കുന്നത്. ഒരു സംസ്ഥാന പദവിപോലും നല്കാൻ തയ്യാറാകാതെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി ഒരു വലിയ ഭൂപ്രദേശത്തെ നിലനിർത്തുന്നത് പോലും കേന്ദ്രത്തിന്റെ നയ സമീപനത്തിന് തടയിടാൻ ഒരു ഫെഡറൽ അധികാരം പോലും അവശേഷിക്കാതിരിക്കുവാൻ മാത്രമാണ്. ഹിന്ദുത്വത്തിന്റെ സാംസ്‌കാരിക അധീശത്വം നയപരമായും സൈനികമായും ഇന്ത്യ അടിച്ചേല്പിക്കുന്നതിന്റെ നേർ സാക്ഷ്യമാണ് ഇപ്പോൾ കാശ്മീരിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇമ്മാനുവേൽ വാളർസ്റ്റീൻ എന്ന സാമൂഹ്യ ശാസ്ത്രജ്ഞൻ വിശദീകരിക്കുന്ന ലോകവ്യവസ്ഥ ക്രമമാണ് നമ്മൾ കാശ്മീർ അധിനിവേശവുമായി പുനഃപരിശോധിക്കാൻ തയ്യാറാക്കേണ്ടത്. ഈ ലോകക്രമത്തിൽ വികസിതമായ അമേരിക്കയും, ബ്രിട്ടനും, ജപ്പാനും പോലെയുള്ള കോർ രാജ്യങ്ങളായും അതിനോടടുത്ത പുറംഭാഗത്തിൽ (സെമി പെരിഫറി) ബ്രസീലും, ഇന്ത്യയും പോലെയുള്ള വികസ്വര രാജ്യങ്ങളും, ഏറ്റവും പുറത്തെ ഭാഗത്തിൽ (പെരിഫെറി) ബംഗ്ലാദേശ്, കോംഗോ, നൈജീരിയ പോലുള്ള മൂന്നാംലോക രാഷ്ട്രങ്ങളും നിലനിൽക്കുന്നു.
വാളർസ്റ്റീൻ വ്യക്തമാക്കുന്നത് അനുസരിച്ചു കോർ രാജ്യങ്ങളിലേക്ക് മറ്റു രണ്ടു ഭാഗങ്ങളിൽ നിന്നും വളരെ തുച്ഛമായ സാമ്പത്തിക മൂല്യത്തിന് മനുഷ്യ വിഭവവും പ്രകൃതി വിഭവങ്ങളും കേന്ദ്രീകരിക്കുകയും തിരിച്ചു ഈ കോർ രാജ്യങ്ങളിൽ നിന്ന് അവരുടേതായ ഉത്പന്നങ്ങളും സേവനങ്ങളും തിരികെ വികസ്വര മൂന്നാംലോക രാഷ്ട്രങ്ങളിലേക്കും വിൽപനക്കായി എത്തുകയും ചെയ്യും. അതിനോട് ചേർന്ന് വികസ്വര രാഷ്ട്രങ്ങളിലെ വലിയ മൂലധന ശക്തികൾക്ക് മൂന്നാംലോക രാഷ്ട്രങ്ങളിലെ മനുഷ്യവിഭവവും പ്രകൃതി വിഭവങ്ങളും തുച്ഛമായി ലഭ്യമാകുകയും അവിടെ നിന്നുമുള്ള ഉത്പന്നങ്ങളും സേവനങ്ങളും തിരികെ മൂന്നാം ലോക രാഷ്ട്രങ്ങളിൽ വില്പനക്ക് എത്തുകയും ചെയ്യും.
ലോക വ്യാപാര സംഘടന മുതൽ ലോകബാങ്കും ഇന്റർനാഷണൽ മോണിറ്ററി ഫണ്ടും ഐക്യരാഷ്ട്ര സഭയും അടക്കമുള്ള അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾ ഈ മുതലാളിത്ത രാജ്യങ്ങളുടെ സാമ്പത്തിക താല്പര്യത്തിനു സംരക്ഷണം നൽകുന്ന നയാ സമീപനങ്ങൾ സ്വീകരിക്കുവാൻ നിലനിൽക്കും. ഇക്കാലയളവിൽ ഈ രാജ്യങ്ങളിലെ സാമ്പത്തിക ശക്തികൾ നിയന്ത്രിക്കുന്ന സാഹചര്യങ്ങളാണ് 90 കൾക്ക് ശേഷം ഇന്ത്യയിൽ നടപ്പാക്കിയ വ്യാപാര വാണിജ്യ കരാറുകളിൽ എല്ലാം പ്രതിഫലിക്കുന്നത്. അങ്ങനെ കോർ രാജ്യങ്ങളിലേയ്ക്ക് സെമി പെരിഫറി പെരിഫറി രാജ്യങ്ങളിൽ നിന്ന് സമ്പത്തും വികസനവും പ്രകേന്ദ്രീകരിക്കും. പെരിഫറി രാജ്യങ്ങളിൽ നിന്ന് സെമി പെരിഫറി രാജ്യങ്ങളിലേക്ക് സമ്പത്തും വികസനവും കേന്ദ്രീകരിക്കും.
ഈ ലോക വ്യവസ്ഥയുമായി ബന്ധപ്പെട്ടു ഇപ്പോൾ ഇന്ത്യ നേരിടുന്ന സാമൂഹിക മാറ്റങ്ങളുടെ തെളിവുകൾ മാധ്യമ റിപ്പോർട്ടുകളിൽ നിന്ന് ചികഞ്ഞെടുക്കാൻ കഴിയുന്നത് ഇവയാണ്. അതായതു ലോകത്തെ മാനുഷിക വികസന സൂചികയിൽ 2018 കണക്കനുസരിച്ചു ഇന്ത്യ 130ആമത്തെ രാജ്യമാണ് ഇത് തെളിയിക്കുന്നത് ജനങ്ങളുടെ ജീവിത നിലവാരത്തിന്റെ പിന്നോക്കവസ്ഥയാണ്. ഐക്യരാഷ്ട്ര സഭയുടെ 2019 ലെ റിപ്പോർട്ട് അനുസരിച്ചു വേൾഡ് ഹാപ്പിനെസ് ഇൻഡക്സിൽ ഇന്ത്യ 140 എന്ന നിലയിലാണ്. ഇതനുസരിച്ച് പാക്കിസ്ഥാൻ, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ പുറകിലാണ് ഇന്ത്യയിലെ പൗരന്മാരുടെ ജീവിത നിലവാരം.
2018 ൽ 133 റാങ്കിൽ നിന്നിരുന്ന രാജ്യമാണ് ഇന്ത്യ എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. വി ദി ഹങ്കർ ലൈഫ് എന്ന സന്നദ്ധ സംഘടന 2018 ൽ വിശപ്പിനെക്കുറിച്ചു 119 രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ ഇന്ത്യ 103ആമത് സ്ഥാനത്താണ് നിലനിൽക്കുന്നത്. 2017ൽ ഇന്ത്യ ഈ റാങ്ക് പട്ടികയിൽ 100 ആമത് ആയിരുന്നതാണ് പിന്നോട്ടു പോയത്. ലോക സാമ്പത്തിക ഫോറത്തിന്റെ 2017 ൽ ലോക ലിംഗ വിവേചനത്തിന്റെ അളവിൽ 108മത്തേതായി മാറി, 2006 ൽ നടത്തിയ കണക്കിൽ നിന്നും 10 സ്ഥാനങ്ങൾ പിറകോട്ടു മാറി എന്നാണ് റിപ്പോർട്ടുകൾ.
ഇതെല്ലാം ലോക വ്യവസ്ഥയിൽ ഇന്ത്യ സെമി പെരിഫെറി രാജ്യങ്ങളുടെ പട്ടികയിൽ നിന്നും പുറത്തായികൊണ്ട് മൂന്നാം ലോക രാഷ്ട്രങ്ങളുടെ പട്ടികയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്. വളർന്നു വരുന്ന ജി.ഡി.പി. വലിയൊരു സ്ഥൂല ഘടനയായി വരുന്നുണ്ട് എങ്കിലും അത് ജനജീവിതത്തിലും ആഗോള വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനത്തിലും ഗുണപരമായ മാറ്റം ഉണ്ടാക്കുന്നില്ല എന്നതാണ് വാസ്തവം. ഇതിനോട് അനുബന്ധപെടുത്തി കൂടി കാശ്മീരിൽ ഉണ്ടായിട്ടുള്ള രാഷ്ട്രീയ സാഹചര്യത്തെ വിലയിരുത്താൻ രാജ്യത്തെ പൗര ജനങ്ങൾക്ക് കഴിയേണ്ടിയിരിക്കുന്നു.
കാശ്മീരിലും സംഭവിക്കാൻ പോകുന്നത് മറ്റൊന്നായിരിക്കില്ല. ഇന്ത്യൻ ദേശരാഷ്ട്രം കാശ്മീരിൽ വികസനം എന്ന് കൊട്ടിഘോഷിച്ചു നടപ്പാക്കാൻ പോകുന്നത് റിലയൻസ് പോലെയുള്ള സാമ്പത്തിക ശക്തികളുടെ താല്പര്യങ്ങളായിരിക്കും. അതിനോടൊപ്പം ഇന്ത്യൻ ദേശരാഷ്ട്രം ആഭ്യന്തരമായി നടത്തി വരുന്ന മുസ്ലിം വംശഹത്യയുടെ വളരെ പ്രത്യക്ഷമായ സൈനിക രൂപമായിരിക്കും കാശ്മീരിൽ ഇനി കാണാൻ കഴിയുക.
ഇമ്മാനുവേൽ വാളർസ്റ്റീൻ വ്യക്തമാക്കുന്നത് പോലെ ഇന്ത്യ എന്ന ദേശരാഷ്ട്രത്തിനു അതിന്റെ കച്ചവട വംശീയ താല്പര്യങ്ങൾ നടപ്പാക്കാൻ കഴിയുന്ന അതിന്റെ പ്രകൃതി വിഭവങ്ങളും മനുഷ്യവിഭവവും കൊള്ളയടിക്കാൻ കഴിയുന്ന ഒരു കോളനിയായി മാറ്റുവാൻ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്നതിലൂടെ സാധ്യമായി എന്നതാണ് വസ്തുത. അതായത് ഇന്ത്യ എന്ന രാജ്യം ലോക വ്യവസ്ഥയിൽ പെരിഫറിയിലേയ്ക്ക് നീങ്ങി മൂന്നാം ലോക രാഷട്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിന്റെ സാമ്പത്തിക തകർച്ചയിലേയ്ക്ക് കശ്മീരിനെ കൂടി പിടിച്ചു കണ്ണി ചേർക്കുകയാണ് ഇന്ത്യ. ദക്ഷിണേന്ത്യയിൽ അഖണ്ഡ ഭാരതം എന്ന പുതിയ ദരിദ്ര രാഷ്ട്ര ക്രമം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഇതിന്റെ പരിണിത ഫലം.
ലോക വ്യവസ്ഥയിൽ തന്നെ ജീവിത നിലവാരത്തിന്റെ തോതുകളിൽ ഇന്ത്യ പുറകോട്ടു പോകുന്നതിനെ തടഞ്ഞു നിർത്താൻ ഈ കച്ചവട സാധ്യതകൾ കൊണ്ട് കഴിയുകയുമില്ല. ഇന്ത്യക്കകത്തും നടന്നുകൊണ്ടിരിക്കുന്ന മുസ്ലിം വംശഹത്യയുടെ തുടർച്ചയും കുത്തകകളുടെ സാമ്പത്തിക ചൂഷണവും മാത്രമായിരിക്കും ഇനി കാണാനിരിക്കുന്നത്. ഈ സ്വാതന്ത്ര്യ ദിനത്തിൽ ഇത്തരം വിഷയങ്ങൾ കൂടി പരിഗണകളിൽ വരുമ്പോഴേ നമ്മുടെ പൗരബോധത്തിന്റെ വ്യാപ്തി കേവലം അടിച്ചേൽപ്പിക്കപ്പെടുന്ന വൈകാരികമായ ദേശഭക്തിയിൽ അധിഷ്ഠിതമാകേണ്ട ഒന്നല്ലെന്നും ബോധ്യമാകുകയുള്ളൂ.
അരവിന്ദ് വി.എസ്.
പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ നിന്നും എം.എ. സോഷ്യോളജി കഴിഞ്ഞു. ഇപ്പോൾ ദി ക്രിട്ടിക് എന്ന ഓൺലൈൻ പോർട്ടലിൽ ജോലി ചെയുന്നു.