ഈ പ്രളയ കാലത്തു മാധ്യമങ്ങളിൽ മനുഷ്യത്വത്തിന്റെ മുഖമായി മാറിയത് കൊച്ചിക്കാരനായ നൗഷാദ് എന്ന ഫുട്പാത്ത് കച്ചവടക്കാരനായിരുന്നു . തന്റെ ശേഖരത്തിലുള്ള വസ്ത്രമെല്ലാം കെട്ടിപ്പെറുക്കി ചാക്കിലാക്കി സന്നദ്ധ പ്രവർത്തകർക്ക് കൊടുക്കുന്നത് അത്ഭുതത്തോടെയാണ് മലയാളികൾ വീക്ഷിച്ചത്. എന്നാൽ നമുക്കറിയാത്ത ഒരുപാട് നൗഷാദുമാർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈത്താങ്ങാകുന്നുണ്ട്. മലയാളികൾക്കിടയിലെ നന്മ ഇനിയും വറ്റിയിട്ടില്ലെന്നു ഇവരുടെ പ്രവർത്തികൾ സാക്ഷ്യപ്പെടുത്തുന്നു.
ചാലക്കുടിയിലെ ആന്റോ ഫേഷൻ വെയർ എന്ന തുണിക്കടയുടെ ഉടമസ്ഥനായ ആന്റോയും നൗഷാദിനെ പോലെ കടയിലെ ഭൂരിഭാഗം വസ്ത്രങ്ങളും സംഭാവന നൽകിയിരുന്നു.
വെള്ളമിറങ്ങിയ വീട്ടിലേക്ക് മടങ്ങുന്ന പ്രളയബാധിതർക്ക് ശുചീകരണത്തിനായി പതിനയ്യായിരം ലിറ്റർ ഫിനോയിലാണ് കോഴിക്കോട് ശിശുഭവനിലെ കുട്ടികൾ നിർമിച്ചു നൽകിയത്. നഗരത്തിൽ നിന്ന് പെറുക്കിയെടുത്ത കുപ്പികള്‍ വൃത്തിയാക്കിയാണ് ഇവര്‍ ഫിനോയില്‍ നിറച്ച് നല്‍കിയത്.
പിഞ്ചു മകന്റെ കാന്‍സര്‍ ചികിത്സയ്ക്കായി സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഒരു കുടുംബം. അടൂര്‍ സ്വദേശി അനസാണ് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും മഴക്കെടുതിയില്‍ ദുരന്തം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മുന്നോട്ടു വന്നത്. ഇതിന് പിന്നാലെ അനസിന്റെ വലിയ മനസിനെ അഭിനന്ദിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചറും രംഗത്തെത്തി. അനസിന്റെ നടപടിയെ അഭിനന്ദിച്ചതിനൊപ്പം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ ഉറപ്പുവരുത്താനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
പ്രകൃതിക്ഷോഭത്തില്‍ ദുരിതമനുഭവിക്കന്നവര്‍ക്ക് സഹായവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടികയും രംഗത്തുണ്ട്. മലപ്പുറം ജില്ലയിലെ വാഴക്കാട് വാലില്ലപ്പുഴ, പരപ്പത്ത് എന്ന പ്രദേശത്താണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രതിരോധതാരം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായെത്തിയത്.
ഈലക്കം മാതൃഭൂമിയുടെ ഓണപ്പതിപ്പില്‍ കഥ പ്രസിദ്ധീകരിക്കുമെന്ന് ഉറപ്പ് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ ലഭിക്കുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന് യുവകഥാകൃത്ത് അബിന്‍ ജോസഫ് അറിയിച്ചു.
നാലു വർഷമായി സൗദിയിൽ ഒരു റെസ്റ്റാറ്റാന്റിൽ ജോലി ചെയ്യുന്ന ആസിഫ് അലി എന്ന യുവാവ് തനിക്കു അറബികൾ ടിപ്പായി തരുന്ന പൈസ മുഴുവൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു,
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പറ്റാവുന്ന തുക അയച്ചു അതിന്റെ റെസീറ്റ് തനിക്ക് അയച്ചുതന്നാല്‍ ഒരു മണിക്കൂര്‍ നൃത്തം ചെയ്യാന്‍ താന്‍ തയ്യാറാണെന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പതിമൂന്നുകാരിയുടെ വാഗ്ദ്ദാനം. കൊച്ചി ഇരുമ്പനം സ്വദേശിനിയാണ് വേണി.
തിരുവനന്തപുരം ജില്ലയിലെ വ്ലാത്താങ്കര ഹയർ സെക്കണ്ടറി സ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആദർശ് ആണ് ഈ നന്മയുടെ മറ്റൊരുദാഹരണം. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സമാഹരിക്കാനുള്ള ഒരു പ്രോജക്ടുമായി ആദർശ് മുഖ്യമന്ത്രിയെ കണ്ടിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ആദർശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തമായി സംഭാവന നൽകുന്നുണ്ട്.
പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ് വാങ്ങിയതിന് സമ്മാനമായി കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് പതിനാറുകാരനായ ഹൃദ്യുത് ഹേംരാഗ് മാതൃകയായി. പത്താം ക്ലാസിൽ ഫുൾ എ പ്ലസ് വാങ്ങിയതിന് വിവിധയിടങ്ങളിൽ നിന്ന് സമ്മാനമായി കിട്ടിയ തുകയാണ് ഹൃദ്യുത് സംഭാവന നൽകിയത്. കൂത്തുപറമ്പിലെ അദ്ധ്യാപക ദമ്പതിമാരായ രാജന്റെയും പ്രഷീനയുടെയും മകനാണ് ഹൃദ്യുത്. ഇപ്പോൾ മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്നു.
പ്രളയസഹായം തേടിയെത്തിയ സന്നദ്ധ പ്രവർത്തകർക്ക് തെരുവിലിരുന്ന സുഖമില്ലാത്ത കുട്ടി അവന്റെ ബാഗിൽ നിന്നും ഒരു രൂപ നൽകുന്ന വിഡിയോ വൈറൽ ആയിരുന്നു. അവന്റെ സ്നേഹത്തിൽ ഹൃദയം നിറഞ്ഞ യുവാക്കൾ അവന് നോട്ട് നൽകിയപ്പോൾ അതുവാങ്ങാൻ കൂട്ടാക്കാതെ തിരിച്ചു കൊടുക്കുകയാണ് ഈ കുട്ടി.
ദുരിതബാധിതർക്ക് കൈത്താങ്ങായി തലസ്ഥാനത്തെ മാധ്യമപ്രവർത്തകർ നിലമ്പൂർ പോത്തുകല്ലിലേക്ക് രണ്ടു ലോഡ് സാധനങ്ങൾ അയച്ചു. ദുരന്തബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കഥാകൃത്ത് ടി.പത്മനാഭന്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കി.
ഫേസ്ബുക്ക് കൂട്ടായ്മയായ ജി.എന്‍.പി.സി. (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) മൂന്ന് ലോഡ് അവശ്യ സാധനങ്ങള്‍ നിലമ്പൂരിലെത്തിച്ചു. ഗ്രൂപ്പ് അഡ്മിന്‍ അജിത്ത്, നടന്‍ ജോജു ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് സാധനങ്ങള്‍ എത്തിച്ചത്. ഭക്ഷണസാമഗ്രികളും വസ്ത്രങ്ങളും മരുന്നുകളും നിറച്ച മൂന്ന ലോഡുകളാണ് ജി.എന്‍.പി.സി. ഗ്രൂപ്പ് അംഗങ്ങള്‍ ദുരിതബാധിതര്‍ക്കായി സമാഹരിച്ച് എത്തിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു വര്‍ഷത്തെ എം.പി പെന്‍ഷന്‍ തുകയാണ് നടനും മുൻ എം.പിയുമായ ഇന്നസെന്റ് സംഭാവന നല്‍കിയത്. മുന്‍ എം.പിയെന്ന നിലയില്‍ ലഭിക്കുന്ന ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുകയാണ് നല്‍കിയതെന്നും മൂന്ന് ലക്ഷം രൂപയുടെ ചെക്ക് തൃശൂര്‍ കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ എസ്. ഷാനവാസിന് കൈമാറിയെന്നും ഇന്നസെന്റ് ഫേസ്ബുക്കില്‍ കുറിച്ചു.
ഒരു സിനിമയുടെ സെറ്റ് തന്നെ മഴക്കെടുതിയില്‍പ്പെട്ട ആളുകള്‍ക്കു ദുരിതാശ്വാസ ക്യാമ്പായി ഒരു സംവിധായകൻ നൽകിയിരിക്കുകയാണ്. തൃശൂര്‍ ചാഴൂരിലെ ശ്രീനാരായണ മെമ്മോറിയല്‍ എച്ച്.എസ്.എസില്‍ ഒരുക്കിയ സെറ്റാണ് ക്യാമ്പ് ആക്കിയത്. ‘വാട്ടര്‍ ലെവല്‍’ എന്ന സിനിമയുടെ സെറ്റാണിത്. ചാഴൂര്‍ സ്വദേശിയായ ജി. വിഷ്ണുവാണ് സംവിധായകന്‍. വിഷ്ണുവിന്റെ അമ്മയും ഇപ്പോള്‍ ഈ ക്യാമ്പിലുണ്ട്.
സിനിമ മേഖലയിൽ ഉള്ളവർ ‘പത്തെങ്കില്‍ പത്ത്, നൂറെങ്കില്‍ നൂറ്. കരുതലിന് അങ്ങനെ കണക്കൊന്നുമില്ല, എന്ന് പറഞ്ഞു ആരംഭിച്ച ചലഞ്ചിൽ ആഷിക് അബു, റിമ കല്ലിങ്കല്‍, ഷഹബാസ് അമന്‍, ജസ്റ്റിന്‍ വര്‍ഗീസ്, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവർ പങ്കെടുത്ത് സംഭാവന നൽകി.
നടന്‍ ഇന്ദ്രജിത്തും ഭാര്യ പൂർണ്ണിമയും നേതൃത്വം നല്‍കുന്ന അന്‍പോട് കൊച്ചി ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവമാണ്. ഇവരെ കൂടാതെ പാര്‍വതി, സരയു തുടങ്ങി നിരവധി താരങ്ങൾ അൻപോട് കൊച്ചിക്കൊപ്പം പ്രവർത്തിക്കുന്നു.നടന്‍ ടൊവീനോ തോമസ് സ്വന്തം നിലയില്‍ സാധനങ്ങള്‍ എത്തിച്ചു. സംവിധായകന്‍ മുഹ്‌സിന്റെ നേതൃത്വത്തിലുള്ള സംഘം വീടുകള്‍ വൃത്തിയാക്കാന്‍ മുന്നിട്ടിറങ്ങി.
ഇവർ മാത്രമല്ല.. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവരും മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടാത്തതുമായ മനസ്സിൽ നന്മയുടെ ഉറവ വറ്റിയിട്ടില്ലാത്ത നൂറു കണക്കിന് പേർ ദുരിതാശ്വാസ സഹായവുമായി രംഗത്തുണ്ട്.