തിരുവനന്തപുരം :
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തമായതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇതിനെ തുടർന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന് (ബുധനാഴ്ച) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസർകോട് എന്നീ ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളതീരത്ത് ന്യൂനമര്‍ദം ശക്തിയാര്‍ജിച്ച സാഹചര്യത്തില്‍ ശനിയാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്ന് ദുരന്തനിവാരണ അഥോറിറ്റിയും കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും മുന്നറിയിപ്പു നല്കി.
ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു. ഇടുക്കി, ആലപ്പുഴ, കണ്ണൂർ, കോട്ടയം, തൃശൂർ, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. നിരവധി സ്കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന പശ്ചാത്തലത്തിൽ ആണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 95 ആയി. കവളപ്പാറയിൽ നിന്ന് മാത്രം ഇതുവരെ 23 മൃതദേഹങ്ങൾ കണ്ടെടുത്തു. ഇനി 36 പേരെയാണ് കവളപ്പാറയിൽ നിന്ന് കണ്ടെത്താനുള്ളത്.
സോയിൽ പൈപ്പിംഗ് പ്രതിഭാസം കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് കാരശേരി, കൊടിയത്തൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പൈക്കാടൻ മലയുടെ താഴ്വരയിൽ താമസിക്കുന്ന 10 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഭൂമിക്കടിയിൽ മണ്ണിനു ദൃഢത കുറഞ്ഞ ഭാഗത്തു പശിമയുള്ള കളിമണ്ണു പോലുള്ള വസ്തു ഒഴുകി പുറത്തേക്കു വരുന്നതിനെയാണ് സോയിൽ പൈപ്പിംഗ് എന്നു വിളിക്കുന്നത്. ഇവ ഭൂമിക്കടിയിൽ തുരങ്കം പോലെ രൂപപ്പെട്ട ഭാഗത്തുകൂടിയാണ് പുറത്തേക്ക് ഒഴുകുന്നത്.
സംസ്ഥാനത്ത് രണ്ട് ലക്ഷത്തി അൻപത്തി അയ്യായിരം പേരാണ് ഇപ്പോൾ ക്യാമ്പുകളിൽ കഴിയുന്നത്. സംസ്ഥാനത്ത് 838 വീടുകൾ പൂർണമായും 8718 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. ദുരിതബാധിതർക്കുളള ധനസഹായം മന്ത്രിസഭായോഗത്തിൽ പ്രഖ്യാപിക്കും.