Mon. Dec 23rd, 2024

ശക്തമായ മഴയിൽ ഗുജറാത്തിലെ മിക്ക മേഖലകളെയും പ്രളയം ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന അവിടം ഇതിനോടകം തന്നെ നൂറു കണക്കിനാളുകളെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞു. എന്നാൽ, കഴിഞ്ഞ ദിവസം അവിടെ ഒരു പോലീസുകാരൻ നടത്തിയ രക്ഷാപ്രവര്‍ത്തനം ഏറെ ശ്രേദ്ധനേടിയിരിക്കുകയാണ്.

മോര്‍ബി ജില്ലയിലെ കല്യാണ്‍പര്‍ ഗ്രാമത്തിലാണ് സംഭവം. മഴവെള്ളപ്പാച്ചിലിൽ മുങ്ങുകയായിരുന്ന ഒരു വീട്ടില്‍ രണ്ടു കുഞ്ഞുങ്ങൾ അകപ്പെട്ടിരുന്നു. അവിടെയെത്തിയ ഒരു പോലീസുകാരൻ രണ്ടു കുട്ടികളെയും തോളിലേറ്റി, അരയ്ക്കു മുകളില്‍ ഉയര്‍ന്ന വെള്ളത്തിലൂടെ ഒന്നര കിലോമീറ്റര്‍ നടന്നു കരയിലേക്ക് വന്നെത്തുകയായിരുന്നു. മാതൃകാപരമായ ഈ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ, സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടുവരികയാണ്. ഗുജറാത്ത് പൊലീസിലെ കോണ്‍സ്റ്റബിള്‍ പൃഥ്വിരാജ് ജഡേജയാണ് രണ്ടു കുട്ടികളെ തോളിലേറ്റി സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്.

ഇതിന്റെ ദൃശ്യങ്ങള്‍ ഗുജറാത്ത് എ.ഡി.ജി.പി. ഷംഷേര്‍ സിങ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. നവമാധ്യമങ്ങളിൽ ദൃശ്യങ്ങള്‍ വ്യാപിച്ചതോടെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയും പൃഥ്വിരാജിന്റെ ധീരതയെ അഭിനന്ദിച്ചു രംഗത്തുവന്നു.

Leave a Reply

Your email address will not be published. Required fields are marked *