Sat. Apr 20th, 2024

 

മലപ്പുറം :

മഴക്കെടുതിയെ തുടര്‍ന്ന് ഉരുള്‍ പൊട്ടല്‍ ദുരന്തം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ വയനാട് എം.പി. രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തി. കാലാവസ്ഥ മോശമായി തുടരുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി കവളപ്പാറ പ്രദേശം സന്ദര്‍ശിക്കുമോ എന്ന കാര്യത്തില്‍ ആദ്യം ആശയക്കുഴപ്പമുണ്ടായിരുന്നു.

ആദ്യം മലപ്പുറത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധി ക്യാമ്പിലുള്ളവരുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്നാണ് ഉടന്‍ തന്നെ ദുരന്ത ഭൂമി നേരിട്ടു കാണാന്‍ തീരുമാനമെടുത്തത്. സ്ഥലത്തെത്തിയ രാഹുല്‍ ഗാന്ധി കവളപ്പാറയിലെ തെരച്ചില്‍ ഊര്‍ജിതമാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും നിര്‍ദേശം നല്‍കി.

രാഹുല്‍ ഗാന്ധിയെത്തുമ്പോള്‍ ഒരു ജെ.സി.ബി മാത്രമാണ് ഇവിടെ തെരച്ചില്‍ നടത്താനുണ്ടായിരുന്നത്. ഇതിലുള്ള അതൃപ്തി അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു. ആര്യാടന്‍ ഷൗക്കത്തും മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശും ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. മലപ്പുറം എസ്.പി. യു. അബ്ദുള്‍ കരീമാണ് നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന തെരച്ചില്‍ ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രാഹുല്‍ ഗാന്ധിയോട് വിശദീകരിച്ചത്.

മലപ്പുറം ജില്ലയിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ജില്ലാ കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്തിട്ടുള്ള അവലോകന യോഗത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നുണ്ട്. തിങ്കളാഴ്ച വയനാട് ജില്ലയിലെ ദുരിത ബാധിത പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധിയെ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *