Sat. Jan 18th, 2025

 

കണ്ണൂര്‍:

മട്ടന്നൂര്‍ നടുവനാട് ഒരു വീട് പൂര്‍ണമായും തകര്‍ന്നു വീണു. കെ.എസ്.ഇ.ബി ജീവനക്കാരനായ ഇസ്മായിലിന്റെ വീടാണ് ഇന്നലെയുണ്ടായ മഴയില്‍ തകര്‍ന്നത്. വീട്ടില്‍ താമസക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ശനിയാഴ്ച മട്ടന്നൂര്‍ മേഖലയില്‍ കനത്ത മഴ ഉണ്ടായിരുന്നു. മഴയില്‍ വീടിന് പിന്നില്‍ നിന്നും മണ്ണിടിഞ്ഞു തുടങ്ങിയതോടെയാണ് ഭാഗികമായി തകരാന്‍ തുടങ്ങിയത്. ഏറെ വൈകാതെ വീട് പൂര്‍ണമായും ഇടിഞ്ഞു വീണു.

ഉള്ളതെല്ലാം വിറ്റു പെറുക്കിയും വായ്പയെടുത്തും മുപ്പതുലക്ഷം രൂപയോളം ചെലവഴിച്ചാണ് ഇസ്മയില്‍ ഈ വീട് നിര്‍മിച്ചത്. വീട്ടിലേക്ക് വാഹനങ്ങളെത്തുന്ന വഴിയില്ലാത്തിനാല്‍ അതും നിര്‍മാണച്ചെലവ് വര്‍ധിപ്പിച്ചിരുന്നു. ഏറെ ബുദ്ധിമുട്ടിയാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ എട്ടുമാസത്തോളം മാത്രമാണ് ഇസ്മയിലിനും കുടുംബത്തിനും ഈവീട്ടില്‍ താമസിക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ പ്രളയ കാലത്തുണ്ടായ മണ്ണിടിച്ചിലില്‍ വീടിന് വിള്ളലുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഇവിടെ നിന്നും മാറിത്താമസിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഇടിഞ്ഞു വീണ മണ്ണ് പലപ്പോഴായി കുറെയൊക്കെ മാറ്റിയിരുന്നു. ഈ മണ്ണു മുഴുവന്‍ മാറ്റിയതിന് ശേഷം ഇത്തവണത്തെ മഴക്കാലം കൂടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരാമെന്ന തീരുമാനത്തിലായിരുന്നു കുടുംബം. ഇതിനിടെയാണ് കണ്ണടച്ചു തുറക്കും മുമ്പെ വീട് നിലം പൊത്തിയത്.

പതിനഞ്ചു ലക്ഷത്തോളം രൂപ വായ്പയെടുത്തും സ്വര്‍ണം വിറ്റുമാണ് ഇസ്മയില്‍ തന്റെ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത്. ഇതിനിടെ വീടിന്റെ വായ്പ തിരിച്ചടവിനായി ബാങ്കുകാരും നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. കഴിഞ്ഞ എട്ടുമാസത്തോളമായി ബാങ്കില്‍ നിന്നും വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നതായി ഇസ്മയില്‍ പറയുന്നു. അപകടാവസ്ഥയിലായ വീട്ടില്‍ താമസിക്കാന്‍ കഴിയാതായതോടെ ഇസ്മായില്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. വായ്പ തിരിച്ചടവിന് സാവകാശം തേടി ബാങ്ക് അധികാരികളെ ബന്ധപ്പെട്ടെങ്കിലും അവരും കരുണ കാണിച്ചില്ല. തുടര്‍ന്ന് കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലായിരുന്നു. ഇതിനിടെയാണ് എല്ലാം തകിടം മറിഞ്ഞത്.

ഇന്നലെ മഴയത്ത് വൈദ്യുതി ലൈനുകളിലെ അറ്റകുറ്റപ്പണികളുടെ തിരക്കിലായിരുന്നു ഇസ്മയില്‍. നാട്ടുകാര്‍ക്ക് വെളിച്ചം നല്‍കാനുള്ള തിരക്കിട്ട ഓട്ടത്തിനിടെ സ്വന്തം കിടപ്പാടം കൂടി ഇല്ലാതായ അവസ്ഥയിലാണ് ഇസ്മായില്‍.

Leave a Reply

Your email address will not be published. Required fields are marked *