Fri. Mar 29th, 2024
തിരുവനന്തപുരം :

കാലവർഷത്തെ നേരിടാൻ ഒറ്റകെട്ടായി പ്രവർത്തിച്ച ജനങ്ങളെ എടുത്തുപറഞ്ഞു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സ്ഥിതിഗതികളെ വിലയിരുത്തി, വാർത്താസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്താനന്തര കാലഘട്ടത്തിൽ ജനങ്ങളുടെ ഒത്തൊരുമ അത്യാവശ്യമാണ്. ദുരിതാശ്വാസ ക്യാംപുകളിൽ പോകുന്നവർ ചിട്ട പാലിക്കണം, അവർ പ്രത്യേക ചിഹ്നങ്ങൾ ധരിച്ച് ക്യാംപുകൾക്കകത്തേക്കു കയറേണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവരും ക്യാംപുകൾക്ക്കത്തേക്കു കയറരുത്. ദുരിതാശ്വാസ പ്രവർത്തനങ്ങളെയും രക്ഷാപ്രവര്‍ത്തനത്തെയും ബാധിക്കുന്ന തരത്തില്‍ ചിലര്‍ വ്യാജ പ്രചാരണം നടത്തുന്നു. ഇത് സ്വന്തം നാടിനോടു തന്നെ ചെയ്യുന്ന ഹീനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മഴ ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. എങ്കിലും, റെഡ് അലർട്ട് നിലവിലുള്ള കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ ഇതു ഗൗരവമായി തന്നെ എടുക്കണം. ഒന്നു രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്. എല്ലാവരും ജാഗ്രത പാലിക്കുക.

ഇത്തവണ മലയോര മേഖലകളിലാണു വലിയ ദുരന്തങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഞായറാഴ്ച രാവിലെ 9 മണി വരെയുള്ള കണക്കുകൾ പ്രകാരം 60 മരണങ്ങളാണുണ്ടായിരിക്കുന്നത്. 1551 ദുരിതാശ്വാസ ക്യാംപുകളിലായി 65548 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഷോളയാര്‍ ഡാം തുറന്നാല്‍ ചാലക്കുടി പുഴയോരത്ത് ജാഗ്രത ഉണ്ടായിരിക്കണം.

മഴ തുടരുന്നതിനാൽ, മണ്ണിനടിയിൽ‌പെട്ടവരെ പുറത്തെടുക്കുന്നതിനു ബുദ്ധിമുട്ടുണ്ടാകുന്നു. മേപ്പാടിയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.വ്യോമസേനകൂടി ചേർന്നാണ് മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവർത്തനത്തിനു നേതൃത്വം കൊടുക്കുന്നത്. ബാണാസുരസാഗർ തുറന്നപ്പോൾ, ഒറ്റ ദിവസം കൊണ്ട് നദിക്കരയിലെ 11,000ൽ പരം ആളുകളെ മാറ്റിപ്പാർപ്പിച്ചു.

വയനാട്ടിൽ ഇപ്പോൾ ആശ്വാസകരമായ കാലാവസ്ഥയാണ്. അതേസമയം, മലയോരങ്ങളിൽ ശക്തമായ മഴ തുടരാനാണ് സാധ്യത.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നൽകാൻ, സാധനങ്ങൾ സമാഹരിച്ച് ഏതെങ്കിലും ക്യാംപിൽ എത്തിക്കുന്നതിനു പകരം ജില്ലകളിലെ കലക്ടിങ് സെന്ററുകളിൽ എത്തിച്ചാൽ മതി.
സഹായ മനസ്ക്കരായ സാധാരണ ജനങ്ങളും സംഘടനകളും കാണിക്കുന്ന താൽപര്യം പ്രശംസയർഹിക്കുന്നതാണ്. ക്യാംപിൽ ആളുകളെ കാണാൻ പോകുന്നവർ ചിട്ട പാലിക്കണം. പ്രത്യേക ചുമതലയില്ലാത്ത ആരും ക്യാംപിനകത്തേക്കു പ്രവേശിക്കരുതെന്നും – മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *