Fri. Jan 10th, 2025
വയനാട് :

വയനാട്ടിൽ കനത്തമഴയെ തുടർന്നുണ്ടായ, വന്‍ ഉരുൾപൊട്ടലിൽ നിരവധിപേർ പുതഞ്ഞു പോയെന്ന് സംശയം. ഏകദേശം 40 ഓളം പേരെയാണ് മേപ്പാടി പുത്തുമലയിലുണ്ടായ ദുരന്തത്തിൽ കാണ്മാനില്ലാത്തത്.
മൂന്നു പേരെ രക്ഷപ്പെടുത്തി. ഒരു എസ്റ്റേറ്റ് പാടി, മുസ്‌ലിം പള്ളി, ക്ഷേത്രം എന്നിവ പൂർണമായും മണ്ണിലായി.

വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് എസ്റ്റേറ്റ് മേഖലയില്‍ ഭീതിയിലാഴ്ത്തുന്ന പ്രകൃതി ദുരന്തമുണ്ടായത്. ശക്തമായ മഴയില്‍ ഇളകി മറിഞ്ഞു വന്‍ ശബ്ദത്തോടെ മലമ്പ്രദേശം മുഴുവനായും ഇടിഞ്ഞു താഴേക്കു വരുകയായിരുന്നു. അപകടമുണ്ടായ സമയം എസ്റ്റേറ്റ് പാടിയിലും ആരാധനാലയങ്ങളിലും നിരവധിപേർ ഉണ്ടായിരുന്നതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ശക്തമായ ഒഴുക്കിൽപ്പെട്ട് വന്ന 3 പേരെ നാട്ടുകാരാണു രക്ഷിച്ചത്. എത്രപേരാണ് അവിടെ കുടുങ്ങികിടക്കുന്നതെന്നും കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. രക്ഷാപ്രവർത്തകർ ഇവിടെ ഇതുവരെ എത്തിച്ചേർന്നിട്ടില്ലെന്ന് മന്ത്രി സി.കെ. ശശീന്ദ്രൻ അറിയിച്ചു. ഉരുൾപൊട്ടലിനെക്കുറിച്ചു കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ പ്രതികരിച്ചത്. വഴിയിൽ ഏറെ തടസ്സങ്ങളുണ്ട്, രക്ഷാപ്രവർത്തനത്തിന് അടിയന്തര സഹായമെത്തിക്കുമെന്നും റവന്യുമന്ത്രി കൂട്ടിച്ചേർത്തു. ദുരന്തത്തെ ചെറുക്കാൻ സംസ്ഥാന സർക്കാർ സൈന്യ സഹായം തേടിയിട്ടുണ്ട്.

സൈനിക എൻജിനീയറിങ് ഫോഴ്സിന്റെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഉരുള്‍പൊട്ടലില്‍ വയനാട് മുട്ടില്‍മലയിലെ പഴശ്ശി ആദിവാസി കോളനിയിലെ മഹേഷ്, ഭാര്യ പ്രീതി എന്നി ദമ്പതികള്‍ മരിച്ചു. നാലരയോടെയുണ്ടായ ഉരുള്‍പൊട്ടലിൽ, ഇവരുടെ വീടിനു മുകളിലേക്കു മണ്ണും കല്ലും ഉരുൾപൊട്ടി വീഴുകയായിരുന്നു.

ദുരന്ത സാഹചര്യത്തെ മുന്നിൽ കണ്ട് വയനാട് ചുരത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വയനാട് ചുരത്തിൽ രാത്രി 12 മുതൽ രാവിലെ ആറു വരെ വാഹന ഗതാഗതം അനുവദിക്കില്ല. വൈകീട്ട് 6 മുതൽ രാവിലെ 6 വരെ ഹെവി വെഹിക്കിളുകൾക്കും നിരോധനം ഏർപ്പെടുത്തി. സൈലന്റ് വാലി ദേശിയേ‍ാദ്യാനത്തിലേക്കുള്ള സന്ദർശനവും നിരേ‍ാധിച്ചിട്ടുണ്ട്.
സഞ്ചാരികൾക്കുള്ള ബുക്കിങും നിർത്തിവച്ചു. ഒരാഴ്ചയായി സൈലന്റ് വാലി മേഖലയിൽ കനത്തമഴയാണ്. മരങ്ങൾ കടപുഴകി പലയിടത്തും യാത്ര തടസപ്പെട്ടിരിക്കുന്നു.

വനംജീവനക്കരുടെ സംഘമെത്തിയാണ് ഇവിടുത്തെ ആദിവാസി ഊരുകളിലെ തടസങ്ങൾ മാറ്റാനുള്ള സഹായംങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞപ്രളയകാലത്ത് സൈലന്റ് വാലിയിൽ വൻ നാശനഷ്ടമാണു സംഭവിച്ചത്.

മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ നാളെ രാവിലെ 7ന് തുറക്കും. മൂന്ന് ഷട്ടറുകൾ തുറന്ന് 35 ക്യൂമെക്സ് വെള്ളം തുറന്നുവിടാനാണ് ആലോചന. ആങ്ങമുഴി, സീതത്തോട് തുടങ്ങിയ മേഖലകളിൽ ജലനിരപ്പ് ഉയരും.

ഇപ്പോൾ, കോഴിക്കോട് ജില്ലയിലാകെ പത്തു ദുരിതാശ്വാസ ക്യാംപുകളാണ് പ്രവർത്തിക്കുന്നത്. 138 കുടുംബങ്ങളിലെ 477 പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.

കുറ്റ്യാടി പശുക്കടവ് മവട്ടം വനത്തിലും ഉരുൾപൊട്ടി, എക്കൽ പ്രദേശം ഒറ്റപ്പെട്ടു കിടക്കുകയാണ്. മഴ കനത്തു പെയ്യുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. വയനാട് എം.പി. രാഹുൽ ഗാന്ധിയും കേരളത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടിയന്ത സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട കേരള പോലീസ് നമ്പർ (അതാത് ജില്ലകളുടെ എസ്.ടി.ഡി. കോഡ് ചേർത്ത് വിളിക്കുക ) :

1070 , 1077

#keralaalerts

Leave a Reply

Your email address will not be published. Required fields are marked *