Wed. Jan 22nd, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് കനത്തുപെയ്തുകൊണ്ടിരിക്കുന്ന മഴയെ തുടർന്നു, മൂന്ന് ജില്ലകളിലും ഒരു താലൂക്കിലും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലും കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം,കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ നേരത്തെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

വയനാട് ജില്ലയിൽ, പ്രൊഫഷണല്‍ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അംഗൻ വാടികൾക്കും അവധി ബാധകമാണ്‌. എന്നാൽ, യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകളെ അവധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മോഡൽ റെസിഡെൻഷ്യൽ സ്കൂളുകൾക്കും അവധി ബാധകമായിരിക്കില്ല.

ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും മഴ ശക്തമായ സാഹചര്യത്തിലുമാണ് നാളെ അവധി പ്രഖ്യാപിക്കുന്നതെന്ന് മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗന്‍വാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വരെ അവധി ബാധകമായിരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള പരീക്ഷകള്‍ അതെപടി നടക്കും.

ഇടുക്കി ജില്ലയിലും പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയവും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മദ്രസ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *