Thu. Apr 25th, 2024
പ്രോവിഡന്‍സ് :

ഇന്ത്യയുടെ മികച്ച ഫിനിഷർ ധോണിയ്ക്ക് പിൻഗാമി പിറക്കുകയാണ്, വേറെയാരുമല്ല അത് ഋഷഭ് പന്ത് തന്നെ. ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി 20 പരമ്പരയിൽ, കഴിഞ്ഞ രണ്ടു മത്സരങ്ങളിലും അലക്ഷ്യമായി വിക്കറ്റ് കളഞ്ഞതിനെ തുടർന്ന്, വിമർശകരുടെ പഴികേൾക്കുകയായിരുന്നു ഋഷഭ് പന്ത്. എന്നാൽ, അവസാനത്തെ കളി പന്ത് കസറി. 42 പന്തില്‍ നിന്ന് നാലു ബൗണ്ടറിയും നാലു സിക്‌സും സഹിതം 65 റണ്‍സോടെ പുറത്താകാതെ നിന്ന പന്തിന്റെ ഇന്നിങ്‌സ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. സിക്സ് അടിച്ച് കളി അവസാനിപ്പിക്കുന്ന ധോണിയുടെ ശൈലിയെ ഓർമിപ്പിക്കും വിധം, 19-ാം ഓവറില്‍ ആദ്യ പന്തിൽ തന്നെ സിക്‌സർ പറത്തി ഋഷഭ് പന്ത് കളി അവസാനിപ്പിച്ചു.

വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി 20 വിജയിച്ച്, ഇന്ത്യ പരമ്പര തൂത്തുവാരുകയും ചെയ്തു.

നിർണായകമായ ഈ ഇന്നിംഗ്സിലൂടെ സാക്ഷാൽ ധോണിയെ തന്നെ മറികടന്നുകൊണ്ടാണ് പന്തിന്റെ തിരിച്ചു വരവ്.

ട്വന്റി 20-യില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡാണ് പന്ത് ധോണിയിൽ നിന്നും കവർന്നെടുത്തിരിക്കുന്നത്. 2017-ല്‍ ഇംഗ്ലണ്ടിനെതിരേ ബെംഗളൂരുവില്‍ ധോണി നേടിയ 56 റണ്‍സിന്റെ റെക്കോഡാണ് പന്ത് തിരുത്തികുറിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ സെഞ്ചൂറിയനില്‍ ധോണി തന്നെ നേടിയ 52 റണ്‍സാണ് മൂന്നാം സ്ഥാനത്ത്.

മൂന്നാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ബാറ്റിംഗ് നിര, അഞ്ചു പന്തു ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. മൂന്നാം വിക്കറ്റില്‍ പന്ത്-കോലി സഖ്യം ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ, വെറും 77 പന്തില്‍ നിന്നും 105 റണ്‍സാണ് ഇരുവരും അടിച്ചുകൂട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *