കഴിഞ്ഞ ദിവസം, ഇരട്ടപ്പദവിയുടെ പേരില്‍ മുന്‍ ഇന്ത്യന്‍താരം രാഹുല്‍ ദ്രാവിഡിന് നോട്ടീസ് അയച്ച ബി.സി.സി.ഐയുടെ നടപടിയെ ശക്തമായി വിമർശിച്ചിരിക്കുകയാണ് ദ്രാവിഡിന്റെ സഹകളിക്കാരൻ കൂടിയായിരുന്ന, മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ദൈവം രക്ഷിക്കട്ടേയെന്ന് ഗാംഗുലി പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇപ്പോഴത്തെ പുതിയ ഫാഷനാണ് ഇതുപോലുള്ള ഭിന്നതാല്‍പര്യമെന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനുള്ള മികച്ച മാര്‍ഗം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു ഗാംഗുലിയുടെ പ്രതികരണം.
ഇന്ത്യൻ ക്രിക്കറ്റിൽ യുവതാരങ്ങളുടെ ഉയർച്ചയ്ക്ക് ചുക്കാൻ പിടിച്ചുവരുന്ന മുൻ ഇന്ത്യൻ താരമാണ് രാഹുൽ ദ്രാവിഡ്.
ബി.സി.സി.ഐ ഓംബുഡ്‌സ്മാനും എത്തിക്‌സ് ഓഫീസറുമായ (റിട്ട.) ജസ്റ്റിസ് ഡി.കെ ജെയ്നാണ് ഇരട്ട പദവി വഹിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന്, രാഹുല്‍ ദ്രാവിഡിന് നോട്ടീസ് അയച്ചത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡ്, നിലവിൽ , ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്സ് ഉടമസ്ഥരായ ഇന്ത്യ സിമന്റ്‌സിന്റെ വൈസ് പ്രസിഡന്റ് പദവിയിൽ കൂടി തുടരുന്നതാണ് ഇതിന് കാരണം.
മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അംഗമായ സഞ്ജീവ് ഗുപ്തയാണ് ഇതിനെതിരെ പരാതി നല്‍കിയത്. ഓഗസ്റ്റ് 16ന് മുമ്പ് ദ്രാവിഡിനോട് നേരിട്ട് ഹാജരായി മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദ്രാവിഡിന്റെ വിശദീകരണത്തിനനുസരിച്ചായിരിക്കും ബി.സി.സി.ഐ നടപടി ഉണ്ടാവുക.
നേരത്തെ, ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും സൗരവ് ഗാംഗുലിക്കു തന്നെയും ബി.സി.സി.ഐ. സമാനമായ രീതിയില്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഗാംഗുലിയുടെ വിമർശനത്തിന് പിന്തുണയുമായി മുന്‍ താരം ഹര്‍ഭജന്‍ സിങും ഇപ്പോൾ രംഗത്ത് എത്തിയിട്ടുണ്ട്.