Wed. Dec 18th, 2024
വയനാട് :

കന്യാസ്ത്രീ പീഡനക്കേസുമായി ബന്ധപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തതിന്റെ പേരിൽ മാധ്യമ ശ്രദ്ധ നേടിയിരുന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ സന്യാസിനി സമൂഹമായ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സഭയിൽ നിന്ന് പുറത്താക്കിയതായി സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻ ജോസഫ് അറിയിച്ചു. മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിൽ യോഗത്തിലായിരുന്നു തീരുമാനം.

കൊച്ചിയിൽ കന്യാസ്ത്രീകൾ സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്തതോടെയാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരെ സഭ തിരിഞ്ഞത്. കാനോനിക നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ മതിയായ വിശദീകരണം എഴുതി നൽകാൻ ആവശ്യപ്പെട്ട് നേരത്തേ ലൂസിക്കു നോട്ടീസ് ലഭിച്ചിരുന്നു.

കാനോന്‍ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ ലംഘിച്ചതായി കാണിച്ച് കത്തോലിക്ക സഭ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തു, വിലക്ക് മറികടന്ന് തുടർച്ചയായി മാധ്യമങ്ങൾക്ക് അഭിമുഖം നൽകി, ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാർ വാങ്ങി, ശമ്പളം മഠത്തിലേക്ക് നൽകിയില്ല, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യചെലവുണ്ടാക്കി, വസ്ത്രധാരണച്ചട്ടം ലംഘിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് ലൂസി കളപ്പുരയ്‍ക്കെതിരെ സഭ ഉന്നയിച്ചിരുന്നത്.

സഭ നിർദ്ദേശ പ്രകാരം കൂടെ പ്രവർത്തിക്കുന്ന കന്യാസ്ത്രീകൾ പോലും തന്നോട് സഹകരിക്കുന്നില്ലെന്ന് സിസ്റ്റർ ലൂസി മാധ്യമങ്ങളോട് തുറന്ന് പറഞ്ഞിരുന്നു. ഇടവക പ്രവർത്തനങ്ങളിൽ നിന്നും വേദപാഠ ക്ലാസുകളിൽ നിന്ന് മാറ്റി നിർത്തിയതായും വൈദികമേലധ്യക്ഷന്മാർ പല പ്രസംഗങ്ങളിലും തന്നെ വിമർശിച്ച് അപകീർത്തിപ്പെടുത്തുന്നതായും സിസ്റ്റർ ലൂസി കളപ്പുരക്കൽ പറഞ്ഞിരുന്നു.

അതേസമയം, സഭയുടെ തീരുമാനത്തെ നിയമപരമായി നേരിടും എന്നാണ് സിസ്റ്റർ ലൂസി പ്രതികരിച്ചത്. ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത നടപടി സഭാ വിരുദ്ധമല്ലെന്നാണ് സിസ്റ്റർ ലൂസിയുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *