തിരുവനന്തപുരം :
കേരളത്തിലെ ലക്ഷോപലക്ഷം സാധാരണക്കാരായ ഉദ്യോഗാർത്ഥികളുടെ ഏക ആശ്രയമാണ് പി.എസ്.സി. പ്രൊഫഷണൽ കോഴ്‌സിന് ചേരാനോ, എയ്ഡഡ് വിദ്യഭ്യാസ സ്ഥാപനങ്ങളിലും മറ്റും വലിയ തുക കൊടുത്ത് ജോലി വാങ്ങാനോ, വിദേശങ്ങളിൽ പോകണോ, അധികാര കേന്ദ്രങ്ങളിൽ സ്വാധീനമില്ലാത്തവരോ ആയ ലക്ഷക്കണക്കിന് യുവജനങ്ങളാണ് ഊണും ഉറക്കവും ഉപേക്ഷിച്ച് തൂപ്പു ജോലി മുതലുള്ള സർക്കാർ ജോലിക്കായി പി.എസ്.സി. പരീക്ഷകൾക്ക് തയ്യാറെടുക്കുന്നത്.
വർഷങ്ങളുടെ പരിശ്രമങ്ങൾക്കും, കാത്തിരിപ്പിനും ശേഷമാണ് അവർക്കു റാങ്ക് ലിസ്റ്റിൽ കയറി കൂടാനും, ജോലി ലഭിക്കാനും അവസരം ലഭിക്കുന്നത്. റാങ്ക് ലിസ്റ്റിൽ കയറിയിട്ട് പോലും വർഷങ്ങളായി നിയമനം കിട്ടാത്തവരും ഉണ്ട്. എങ്കിലും ഓരോ പരീക്ഷക്കും ലക്ഷങ്ങളാണ് അപേക്ഷിക്കുന്നത്. അവരുടെ സ്വപ്നം ഒരു സർക്കാർ ജോലിയാണ്. എന്നാൽ അധ്വാനിച്ചു പഠിച്ച് പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾ വഞ്ചിതരാകുന്നു എന്നാണു ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങൾ തെളിയിക്കുന്നത്.
വളരെ യാദൃശ്ചികമായാണ് പി.എസ്.സി പരീക്ഷയിലെ ക്രമക്കേടുകൾ പുറം ലോകം അറിഞ്ഞത്. അതായത് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ. നേതാക്കൾ ഒരു എസ്.എഫ്.ഐ ക്കാരനെ കുത്തിയില്ലെങ്കിൽ ഇത് പുറത്തറിയില്ലായിരുന്നു. കുത്തിയാൽ പോലും ഈ പ്രതികളുടെ വീട്ടിൽ പരീക്ഷയുടെ ഉത്തരക്കടലാസ് കണ്ടെത്തിയില്ലെങ്കിലോ, അല്ലെങ്കിൽ ഈ പ്രതികൾ റാങ്ക് ലിസ്റ്റിൽ ആദ്യ സ്ഥാനങ്ങൾക്ക് പകരം അവസാന സ്ഥാനങ്ങളിൽ വന്നിരുന്നെങ്കിലോ ഈ പരീക്ഷ ക്രമക്കേട് ആരും സംശയിക്കില്ലായിരുന്നു.
വിദ്യാര്‍ത്ഥിയെ കുത്തിയ ശിവരഞ്ജിത്തിന്റെ വീട്ടിലും യൂണിയന്‍ ഓഫീസിലും ബണ്ടില്‍ കണക്കിന് പരീക്ഷാ പേപ്പറുകളാണ് കണ്ടെത്തിയത്. ഇതിനെപ്പറ്റി പോലീസ് ചോദിച്ചപ്പോള്‍ ശിവരജ്ഞിത്ത് പറഞ്ഞത്, ‘താന്‍ പരീക്ഷ പേപ്പര്‍ മോഷ്ടിച്ചിട്ടില്ല. അലക്ഷ്യമായി കോളേജിലെ ജീവനക്കാരന്‍ പരീക്ഷ പേപ്പര്‍ ഇട്ടപ്പോള്‍ വെറുതേ കളയേണ്ടല്ലോ എന്നു കരുതി സൂക്ഷിച്ചതാണന്ന്’. തനിക്കിതില്‍ യാതൊരു പങ്കുമില്ലെന്നാണ് ശിവരഞ്ജിത്തിന്റ വാദം.
ഉത്തരക്കടലാസ് കണ്ടെത്തിയെങ്കിലും ഒന്നാം റാങ്കുകാരന്റെ വീട്ടിൽ നിന്നും ഒരു പി.എസ്.സി പരീക്ഷ പഠന സഹായി ബുക്ക് പോലും കണ്ടെത്തിയില്ല എന്നതായാണ് രസകരം. കഷ്ടപ്പെട്ടു പഠിച്ച് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളെ മണ്ടന്മാരാക്കി സര്‍വകലാശാല പരീക്ഷയെഴുതുന്ന എസ്.എഫ്.ഐ നേതാക്കളുടെ കഥ ഈ സംഭവത്തോടെയാണ് മാധ്യമശ്രദ്ധ നേടിയത്.
പ്രതികളുടെ വീട്ടിൽ നിന്നു യൂണിവേഴ്‌സിറ്റി ഉത്തരകടലാസുകൾ പിടികൂടിയതിനൊപ്പം കോളജിലെ കായിക വകുപ്പു മേധാവിയുടെ വ്യാജ സീലും കണ്ടെത്തിയിരുന്നു. ഇതുപയോഗിച്ചാണ് പ്രതികൾ പി.എസ്.സി പരീക്ഷയിൽ ഗ്രേസ് മാർക്കു നേടാനുള്ള സ്‌പോർട്‌സ് സർട്ടിഫിക്കറ്റു നിർമ്മിച്ചതെന്നാണ് ഉയർന്നു വന്ന ആരോപണം. കേസന്വേഷിക്കുന്ന പൊലീസ് സംഘവും ഇക്കാര്യം സ്ഥിരീകരിച്ചു.
എന്നാൽ ഈ വിഷയം തീർത്തും ലാഘവബുദ്ധിയോടെയാണ് പി.എസ്.സി കൈകാര്യം ചെയ്തത്. വകുപ്പുതല പരിശോധന നടത്താനാണ്, സംഭവത്തിനു ശേഷം ചേർന്ന പി.എസ്.സി യോഗം തിരുമാനിച്ചത്. അതു നടത്തുന്നതോ പി.എസ്.സിയുടെ തന്നെ ഭാഗമായ ഉദ്യോഗസ്ഥരും.
ആറര ലക്ഷം പേർ എഴുതിയ പി.എസ്.സി സിവിൽ പൊലിസ് ഓഫീസർ പരീക്ഷ കടുപ്പമായതുകൊണ്ട് തന്നെ കട്ട് ഓഫ് മാർക്ക് 29.67 ആയിരുന്നു. ഈ പരീക്ഷയിൽ 78.33 മാർക്ക് നേടിയാണ് ശിവരഞ്ജിത്ത് ഒന്നാം റാങ്ക് നേടിയത്. രണ്ടാം പ്രതി നസീമിന് 65.33 മാർക്കോടെ 28-ാം റാങ്കാണ് കിട്ടിയത്. കുത്തു കേസിൽ പ്രതിയായാലും പത്താം ക്ലാസ് യോഗ്യത മാത്രം ആവശ്യമുള്ള പോലീസ് പരീക്ഷക്ക് ഒന്നാം റാങ്ക് വാങ്ങിക്കൂടെ എന്ന് പറഞ്ഞായിരുന്നു ഈ വിഷയത്തെ സൈബർ സഖാക്കൾ പ്രതിരോധിച്ചത്.
എന്നാൽ പി.എസ്.സി ഒന്നാം റാങ്കുകാരനുമായ ആര്‍ ശിവരഞ്ജിത്ത്, എം.എ. ഫിലോസഫി ആദ്യ സെമസ്റ്റര്‍ പരീക്ഷ രണ്ടു തവണ എഴുതിയിട്ടും ജയിച്ചില്ലെന്നു പിന്നീടുള്ള അന്വേഷണത്തിൽ മനസ്സിലായി. 2018 മേയില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ ശിവരഞ്ജിത്തിനു ലോജിക് എഴുത്തു പരീക്ഷയ്ക്കു ലഭിച്ചതു പൂജ്യം മാര്‍ക്കായിരുന്നു. ഇന്റേണല്‍ കൂടി ചേര്‍ത്തപ്പോള്‍ നൂറില്‍ ആറു മാര്‍ക്കായി.
ക്ലാസിക്കല്‍ ഇന്ത്യന്‍ ഫിലോസഫിയ്ക്ക് 4 മാര്‍ക്ക്, വെസ്റ്റേണ്‍ ഫിലോസഫി: ഏന്‍ഷ്യന്റ് മിഡീവിയല്‍ ആന്‍ഡ് മോഡേണ് 6.5, മോറല്‍ ഫിലോസഫിക്ക് 39 എന്നിങ്ങനെയായിരുന്നു മറ്റു പേപ്പറുകളുടെ മാര്‍ക്ക്. ജനുവരിയില്‍ ഒന്നാം സെമസ്റ്റര്‍ വീണ്ടും എഴുതിയപ്പോള്‍ ഈ വിഷയങ്ങള്‍ക്ക് മാര്‍ക്ക് യഥാക്രമം 12, 3.5, 46.5 എന്നായിരുന്നു. ലോജിക്കിന് 13 മാര്‍ക്കും കിട്ടി. ഒരു പേപ്പര്‍ ജയിക്കാന്‍ ഇന്റേണല്‍ ഉള്‍പ്പെടെ 100 ല്‍ 50 വേണം.
ഒക്ടോബറില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷയില്‍ ഫിലോസഫിക്കല്‍ കൗണ്‍സലിങ് : ഇന്ത്യന്‍ ആന്‍ഡ് വെസ്റ്റേണ്‍ പേപ്പറിന് 15 മാര്‍ക്ക് ഇന്റേണല്‍ ലഭിച്ചതിനാല്‍ 52 മാര്‍ക്ക് നേടി. അതേസമയം കാന്റ് ആന്‍ഡ് ഹെഗല്‍ പേപ്പറിന് ഇന്റേണലിനു 15 മാര്‍ക്ക് ലഭിച്ചിട്ടും 35.5 മാര്‍ക്കേ ശിവരഞ്ജിത്തിനു ലഭിച്ചിട്ടുള്ളൂ. പി.എസ്.സി പരീക്ഷയിലെ 28-ാം റാങ്കുകാരനായ രണ്ടാം പ്രതി എ.എന്‍. നസീമിനും എം.എ. ഫിലോസഫി ആദ്യ സെമസ്റ്ററിന്റെ പരീക്ഷ രണ്ടു തവണ എഴുതിയിട്ടും പരാജയപ്പെട്ടിരുന്നു.
യൂണിവേഴ്‌സിറ്റി പരീക്ഷയിലും ക്രമക്കേട് :
തുടർന്നുള്ള അന്വേഷണത്തിൽ ശിവരഞ്ജിത്തിന്റെ ഡിഗ്രി പരീക്ഷാ ഫലവും സംശയത്തിന്റെ നിഴലിലാണ്. ആദ്യ സെമസ്റ്ററുകളില്‍ ശിവരഞ്ജിത്തിന് മാര്‍ക്ക് വളരെ കുറവായിരുന്നു.ആദ്യ സെമസ്റ്ററില്‍ ആറ് വിഷയങ്ങളില്‍ ആകെ ജയിച്ചത് ഒരു വിഷയത്തില്‍ മാത്രം. സപ്ലിമെന്ററി പരീക്ഷയില്‍ നാലാം ശ്രമത്തിലാണ് ആദ്യ സെമസ്റ്റര്‍ പാസായത്.
എന്നാൽ അതേ വിദ്യാർത്ഥി അവസാന രണ്ട് സെമസ്റ്ററുകളില്‍ ഇയാള്‍ എ ഗ്രേഡും ബി ഗ്രേഡുമാണ് നേടിയിട്ടുള്ളത്. അഞ്ചാം സെമസ്റ്ററില്‍ ഫിസിക്കല്‍ കെമിസ്ട്രിയില്‍ 80 മാര്‍ക്ക് ലഭിച്ചു. മറ്റ് വിഷയങ്ങളിലും അവസാന സെമസ്റ്ററുകളില്‍ ഉയര്‍ന്ന മാര്‍ക്കുണ്ട്. ഈ പൊരുത്തക്കേടും വീട്ടിൽ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയതും തമ്മിൽ കൂട്ടി വായിച്ചാൽ ഇതിലെ കോപ്പിയടി വ്യക്തമായി മനസ്സിലാകും.
പരീക്ഷ ഹാളിലെത്തി ശിവരഞ്ജിത്ത് എഴുതിയ ഉത്തരക്കടലാസില്‍ പ്രണയലേഖനവും ഇംഗ്ലീഷില്‍ എഴുതിയ മലയാളം സിനിമപ്പാട്ടുകളുമാണെന്നും കണ്ടെത്തിയിരുന്നു. പരീക്ഷാ ചുമതലയുള്ളവരുടെ തെറ്റിദ്ധരിപ്പിക്കാന്‍ ഹാളില്‍ വെച്ച് ഉത്തരക്കടലാസില്‍ എന്തെങ്കിലും എഴുതി പിന്നീട് ശരി ഉത്തരം എഴുതിയ കടലാസ് ജീവനക്കാരുടെ സഹായത്തോടെ തിരുകിക്കയറ്റി മാര്‍ക്ക് നേടലാകും ലക്ഷ്യമെന്നാണ് പൊലീസ് കരുതുന്നത്. പരീക്ഷാഹാളില്‍ ഇന്‍വിജിലേറ്റര്‍ വരുമ്പോള്‍ ഉത്തരക്കടലാസില്‍ എന്തെങ്കിലും എഴുതുന്നുണ്ടെന്ന് വരുത്താനുള്ള നാടകമായിരുന്നു പ്രണയ ലേഖനങ്ങൾ.
ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ 16 കേട്ട് ഉത്തരക്കടലാസ്സുകൾ യൂണിവേഴ്സിറ്റി കോളേജിന് സര്‍വ്വകലാശാല നല്‍കിയതാണെന്ന് നേരത്തെ പരീക്ഷാ കണ്‍ട്രോളര്‍ വ്യക്തമാക്കിയിരുന്നു. കെട്ടുകളില്‍ ഒന്ന് എസ്.എഫ്.ഐ നേതാവായിരുന്ന പ്രണവിന് നല്‍കിയതാണെന്ന വിവരവും കോളേജ് അധികൃതര്‍ പൊലീസിന് കൈമാറി. പി.എസ്.സി. പോലീസ് കോണ്‍സ്റ്റബിൾ പരീക്ഷയില്‍ ഈ പ്രണവിനു ആയിരുന്നു രണ്ടാം റാങ്ക്. എസ്.എഫ്.ഐ യുടെ യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയൻ ഓഫീസിൽ നിന്നും ഉത്തരക്കടലാസ് കെട്ടുകൾ കണ്ടെടുത്തു. ഇതോടെ എസ്.എഫ്.ഐ നേതാക്കള്‍ കൂട്ടത്തോടെ ഉത്തരക്കടലാസ് കടത്തിയെന്ന് തെളിയുകയായിരുന്നു.
എസ്.എഫ്.ഐ. നേതാക്കളുടെ റാങ്കിന്റെ പുറകിലുള്ള തട്ടിപ്പ് മനസ്സിലാക്കിയതോടെ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ശക്തമായ സമരം നടത്തി. എന്നാൽ തികഞ്ഞ ലാഘവത്തോടെയാണ് ഇത്രയും ഗുരുതരമായ ആരോപണത്തെ മുഖ്യമന്ത്രിയും, ഉന്നത വിദ്യാഭ്യാസമന്ത്രിയും, പി.എസ്.സി. ചെയർമാനും പ്രതികരിച്ചത്.
പി.എസ്.സി യുടേത് കുറ്റമറ്റ സംവിധാനം ആണെന്നും അതിനെ സംശയത്തിന്റെ നിഴലിൽ നിർത്തരുതെന്നും ആയിരുന്നു പിണറായി പറഞ്ഞത്. അതായത് യാതൊരു അന്വേഷണവും നടത്താതെ മുൻവിധിയോടെ തങ്ങളുടെ വിദ്യാർത്ഥി പ്രസ്ഥാനത്തെ രക്ഷിച്ച്ചെടുക്കാനാണ് ഉത്തരവാദിത്വപ്പെട്ട ഒരു മുഖ്യമന്ത്രി ശ്രമിച്ചത്.
ആരോപണവും അതു സ്ഥിരീകരിക്കുന്ന തെളിവുകളും സഹിതം പി.എസ്.സിയുടെ നിയമന നടപടികളിലെ സുതാര്യതയും നിഷ്പക്ഷതയുമാണ് മാധ്യമങ്ങളും, പ്രതിപക്ഷവും ചോദ്യം ചെയ്തത്. നിർഭാഗ്യവശാൽ അനേകലക്ഷം യുവജനങ്ങൾ വിശ്വസിക്കുകയും ഒപ്പം ജീവിതമാർഗ്ഗമായി കാണുകയും ചെയ്യുന്ന ഈ സ്ഥാപനത്തിനെതിരെ ഉയർന്ന ആരോപണം അർഹിക്കുന്ന പ്രാധാന്യത്തോടെ കൈകാര്യം ചെയ്യാനല്ല മറിച്ച്, തള്ളിക്കളയാനാണ് പി.എസ്.സി അധികൃതർ മത്സരിച്ചത്.
പക്ഷെ ശക്തമായ സമ്മർദ്ദത്തിൽ പിന്നീട് പി.എസ്.സി തന്നെ നടത്തിയ അന്വേഷണത്തിൽ സത്യം തെളിയുക തന്നെ ചെയ്തു. ജൂലൈ 22ന് നടന്ന പരീക്ഷയ്ക്കിടെ എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്തിനു 96 ഉം പ്രണവിന് 78ഉം മൊബൈൽ സന്ദേശങ്ങൾ വന്നിരുന്നെന്ന് പി.എസ്.സി. ചെയർമാൻ എം. കെ. സക്കീർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പരീക്ഷ തുടങ്ങിയ രണ്ട് മണി മുതൽ മൂന്നേകാല്‍ മണി വരെ സന്ദേശങ്ങളെത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പല ഫോണ്‍ നമ്പറുകളില്‍ നിന്നാണ് രണ്ട് പ്രതികള്‍ക്കും സന്ദേശങ്ങള്‍ ലഭിച്ചത്. ശിവരഞ്ജിത്തിന്റെ നമ്പറിലേക്ക് 7907508587, 9809269076 എന്നീ രണ്ട് നമ്പരിൽ നിന്നും എസ്എംഎസ് വന്നുവെന്നും പ്രണവിന്റെ 9809555095 എന്ന നമ്പരിലേക്ക് 7907936722, 8589964981, 9809269o76 എന്നീ നമ്പരുകളിൽ നിന്നും എസ്എംഎസ് വന്നുവെന്നും എം കെ സക്കീർ പറഞ്ഞു. എസ്.എം.എസ്. വന്ന ഒരു നമ്പരിലേക്ക് പരീക്ഷക്ക് ശേഷം പ്രണവ് തിരിച്ചു വിളിച്ചിരുന്നെന്നും സക്കീർ മാധ്യമങ്ങളോട് പറഞ്ഞു.
മൂന്ന് പേരും പരീക്ഷ എഴുതിയ കേന്ദ്രങ്ങളിലെ ഇൻവിജിലേറ്റർമാരും സൂപ്രണ്ടുമാരും അസാധാരണമായി ഒന്നും നടന്നില്ലെന്നാണ് മൊഴി നൽകിയത്. മൂന്ന് കേന്ദ്രങ്ങളിലെയും അഞ്ച് വീതം ഉദ്യോഗാർത്ഥികളും നൽകിയ മൊഴിയും സമാനരീതിയിൽ. എന്നാൽ സൈബർ സെൽ പരിശോധനയാണ് നിർണ്ണായകമായത്. പരീക്ഷക്കിടയിൽ പ്രതികൾ മൊബൈൽ ഉപയോഗിച്ച് എന്ന് തെളിഞ്ഞു. ഇതോടെ ഇൻവിജിലേറ്റർമാരുടെ സഹായം പ്രതികൾക്ക് കിട്ടിയെന്നു തെളിഞ്ഞു.
പരീക്ഷയിൽ ക്രമക്കേട് നടന്നെന്നു പി.എസ്.സി സ്ഥിരീകരിച്ചതിനു പിന്നാലെ സി.ബി.ഐ. അന്വേഷണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കി. മുഖ്യമന്ത്രി ഇതിനകം തന്നെ പി.എസ്.സി ക്കു ക്ളീൻ ചിറ്റ് കൊടുത്ത സാഹചര്യത്തിൽ ഈ കേസ് ഇനി കേരള പോലീസ് അന്വേഷിക്കുന്നതിൽ പ്രസക്തി ഇല്ലെന്നാണ് പ്രതിപക്ഷം പറയുന്നത്.
ക്രമക്കേട് തെളിഞ്ഞതോടെ പരീക്ഷയുടെ റാങ്ക് പട്ടികയിലെ ആദ്യ നൂറ് റാങ്കുകാരുടെ മൊബൈൽ വിവരങ്ങള്‍ പരിശോധിക്കാൻ ഒരുങ്ങുകയാണ് പി.എസ്.സി. പ്രതികൾ മൂന്ന് പേർക്കും ഇനി പി.എസ്.സി പരീക്ഷകൾ എഴുതാൻ ആജീവനാന്ത വിലക്കും പ്രഖ്യാപിച്ചു.
പക്ഷെ അതുകൊണ്ടായോ? കത്തിക്കുത്ത് കേസിന്റെ പേരിൽ മാത്രം യാദൃശ്ചികമായി കുടുങ്ങിയ ഈ മൂന്നു പേർ മാത്രമാണോ ഈ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുള്ളത്? വിശദമായി പരിശോധിച്ചാൽ അദ്ധ്യാപകർ ഉൾപ്പെടുന്ന വലിയൊരു സംഘം തന്നെ ഇതിനു പിന്നിൽ ഉണ്ടെന്നുള്ള സംശയം ബലപ്പെടുകയാണ്. കാരണം പരീക്ഷ തുടങ്ങി എട്ടു എട്ടു മിനിറ്റ് കഴിഞ്ഞപ്പോൾ മുതൽ ഉത്തരങ്ങൾ ഫോണുകളിൽ എത്തി തുടങ്ങി. അതായത് ചോദ്യപേപ്പർ ചോർന്നിട്ടുണ്ട് എന്നർത്ഥം. പരീക്ഷ എഴുതുന്നവർ ചോദിക്കാതെ തന്നെ ഉത്തരങ്ങൾ വന്നു കൊണ്ടിരുന്നു.
പ്രതികൾ യൂണിവേഴ്‌സിറ്റി കോളേജിൽ അല്ല പരീക്ഷ എഴുതിയതെങ്കിലും യൂണിവേഴ്‌സിറ്റി കോളേജിലും സെന്റർ ഉണ്ടായിരുന്നു. അവിടെ നിന്നും ആരെങ്കിലും ചോർത്തിയതാണോ എന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല ഈ ഒരു പരീക്ഷയിൽ മാത്രമാണോ ഇങ്ങനെ സംഭവിച്ചിട്ടുള്ളത്? മുൻകാലങ്ങളിലെ പി.എസ്.സി വഴി സർക്കാർ ജോലി തരപ്പെടുത്തിയ വിദ്യാർത്ഥി നേതാക്കൾ ഈ മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ സാധ്യതയില്ലേ? അതോ ആർക്കുവേണ്ടിയും പണം വാങ്ങി ഇങ്ങനെ ചോദ്യങ്ങൾ ചോർത്തി കൊടുക്കുന്ന സംഘങ്ങൾ സജീവമാണോ? തീർച്ചയായും അധ്യാപകരുടെയോ, യൂണിവേഴ്‌സിറ്റി ജീവനക്കാരുടെയോ സഹായമില്ലാതെ ഈ ചോദ്യപേപ്പർ ആർക്കും പുറത്തു കൊണ്ട് പോയി ഉത്തരങ്ങൾ ഫോൺ സന്ദേശങ്ങളായി അയച്ചു കൊടുക്കാൻ സാധിക്കുകയില്ല.
എന്തായാലും ലക്ഷക്കണക്കിന് യുവജനങ്ങളുടെ ഭാവിയെ ബാധിക്കുന്ന ഈ വിഷയത്തിൽ എല്ലാ മാധ്യമങ്ങളുടെയും, അധികാരികളുടെയും, പൊതു ജനങ്ങളുടെയും ശ്രദ്ധ പതിഞ്ഞില്ലെങ്കിൽ ഇത്തരം മാഫിയകൾ ഭരണഘടന സ്ഥാപനമായ പി.എസ്.സിയെ നോക്ക് കുത്തിയാക്കി പാവപ്പെട്ട ഉദ്യോഗാർത്ഥികളെ വഞ്ചിച്ച് അനർഹരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും എന്നുറപ്പാണ്. ഈ ജനവഞ്ചനക്കെതിരെ പൊതുസമൂഹം ജാഗരൂകരാകേണ്ടതുണ്ട്.
ഒരു കുത്തു കേസ് ഉണ്ടായിരുന്നില്ലെങ്കിൽ പി.എസ്.സി പരീക്ഷ അട്ടിമറിച്ച് ആദ്യ റാങ്കുകാരായ എസ.എഫ്.ഐ ക്കാർ ഇപ്പോൾ നെടുങ്കണ്ടം പോലുള്ള പോലീസ് സ്റ്റേഷനിൽ ചാർജ്ജെടുത്തേനേ. ഇതേ മാർഗ്ഗം ഉപയോഗിച്ച് എത്ര നേതാക്കൾ വിവിധ തസ്തികകളിൽ ഇതിനകം കയറിക്കൂടിയിരിക്കും?