Wed. Jan 22nd, 2025

ന്യൂഡൽഹി:

കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370–ാം വകുപ്പ് റദ്ദാക്കാനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു. ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് പി.ഡി.പി. എം.പി ഫയാസ് പാർലമെന്റിൽ വസ്ത്രങ്ങള്‍ പറിച്ചുകീറി.

ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കാനുള്ള ബില്ലും അമിത് ഷാ അവതരിപ്പിച്ചിരുന്നു. ജമ്മു കശ്മീരിനുള്ള ഭരണഘടനാ പരിരക്ഷ ഉറപ്പാക്കുന്ന അനുച്ഛേദം 370 പൂര്‍ണമായും എടുത്ത് കളയാനുള്ള ബില്ലാണ് അമിത് ഷാ അവതരിപ്പിച്ചത്.

പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധത്തെ മറികടന്നുകൊണ്ടായിരുന്നു അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്. ഉപരാഷ്ട്രപതിക്കുള്ള വിവേചനാധികാരം ഉപയോഗിച്ചാണ് ബില്‍ അവതരിപ്പിച്ചത്.

വളരെ സുപ്രധാനമായ നിയമനിര്‍മാണമാണ് നടക്കാന്‍ പോകുന്നതെന്നും അതിനാല്‍ തന്നെ പതിവ് ചട്ടങ്ങളും കീഴ്വഴക്കങ്ങളും മാറ്റിവെച്ച് ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കുകയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ ബില്‍ അവതരിപ്പിച്ചത്. എം.പിമാര്‍ക്ക് നേരത്തെ വിതരണം ചെയ്യാതെയാണ് പ്രമേയം അവതരിപ്പിച്ചത്.

1950ൽ ഭരണഘടന നിലവിൽ വന്നതു മുതൽ, അതിർത്തി സംസ്ഥാനത്തിനു പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പിനെ എതിർത്തുപോന്ന നയമാണു ബിജെപിക്കുള്ളത്. ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയാണ് 1950കളുടെ തുടക്കത്തിൽ ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക’ എന്ന മുദ്രാവാക്യമുയർത്തി 370–ാം വകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *