ഫ്ലോറിഡ:
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തിൽ ഇന്ത്യയ്ക്ക് നാലു വിക്കറ്റിന്റെ അനായാസ ജയം. 16 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 95 റൺസ് മാത്രമാണ് നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 17.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.
സ്കോർ ബോർഡിൽ ഒരു റൺസ് മാത്രമുള്ളപ്പോൾ ജോൺ കാംബെല്ലിനെ പുറത്താക്കി കൃണാൽ പാണ്ഡ്യയാണ് ഇന്ത്യൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തൊട്ടു പിന്നാലെ ലൂയിസിനെ ഭുവനേശ്വർ കുമാർ പുറത്താക്കി. 33 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ട കരീബിയൻ പടയ്ക്ക് പിന്നീട് തിരിച്ചുവരാനേ സാധിച്ചില്ല. 49 റണ്‍സെടുത്ത കീറണ്‍ പൊള്ളാര്‍ഡാണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍.
അരങ്ങേറ്റത്തില്‍ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ നവ്ദീപ് സൈനിയുടെ പ്രകടനമാണ് വിന്‍ഡീസിനെ 95 റൺസ് എന്ന ചെറിയ സ്കോറില്‍ ഒതുക്കിയത്. നാലോവറില്‍ 17 റണ്‍സ് മാത്രമാണ് സൈനി വിട്ടുകൊടുത്തത്. അവസാന ഓവര്‍ മെയ്ഡാനാക്കുകയും ചെയ്തു. ഇന്ത്യൻ നിരയിൽ സെയ്നിക്കു പുറമേ ഭുവനേശ്വർ കുമാർ രണ്ടും വാഷിംഗ്ടൺ സുന്ദർ, ഖലീൽ അഹമ്മദ്, കൃണാൽ പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കും തുടക്കം പിഴച്ചു. ശിഖർ ധവാൻ ഒരു റണ്ണെടുത്തും, ഋഷഭ് പന്ത് റണ്ണൊന്നുമെടുക്കാതെയും പുറത്തായി. 24 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 19 വീതം റൺസെടുത്ത നായകൻ വിരാട് കോഹ്ലിയും മനീഷ് പാണ്ഡെയുമാണ് ഇന്ത്യയെ ജയത്തിലേക്ക് അടുപ്പിച്ചത്. വിന്‍ഡീസിനായി ഷെല്‍ഡന്‍ കോട്ട്റെല്‍, സുനില്‍ നരെയ്ന്, കീമോ പോള്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. രണ്ടാം മത്സരം നാളെ നടക്കും.