Wed. Apr 24th, 2024
ന്യൂഡൽഹി :

ഈ വർഷത്തെ റാമോൺ മാഗ്‌സസെ പുരസ്കാരം പ്രശസ്ത മാധ്യമപ്രവർത്തകൻ രവീഷ് കുമാറിന്. എൻ.ഡി.ടി.വി യുടെ സീനിയർ എക്സിക്യൂട്ടീവ് എഡിറ്ററാണ് രവീഷ് കുമാർ. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാധ്യമപ്രവർത്തനത്തെ മാറ്റുവാൻ രവീഷ്‌കുമാറിനായി എന്ന്‌ പുരസ്‌കാര നിർണയ സമിതി വിലയിരുത്തി. മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനപരമായ എല്ലാ മൂല്യങ്ങളോടെയും, കൃത്യമായി വാര്‍ത്തകളുടെ എല്ലാ വശങ്ങളും പക്ഷഭേദമില്ലാതെ കൈകാര്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനാണ് രവീഷെന്നും സമിതി കൂട്ടിച്ചേർത്തു.

ഫിലിപ്പൈൻസ് പ്രസിഡന്റായിരുന്ന റാമോൺ മഗ്‌സസേയുടെ സ്മരണാർത്ഥം 1957 മുതലാണ്‌ ഈ പുരസ്‌കാരം നൽകുന്നത്‌. ആചാര്യ വിനോബാ ഭാവെ, മദർ തെരേസ, ബാബാ ആംതെ, അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയവരാണ് മുമ്പ് മഗ്‌സാസെ പുരസ്‌കാരത്തിന് അർഹരായ ഇന്ത്യക്കാർ.

ബീഹാറിലെ ജിത്‍വാർപൂർ ഗ്രാമത്തിൽ നിന്നുള്ള രവീഷ് കുമാർ തുടക്കത്തിൽ എൻ.ഡി.ടി.വി. ഫീൽഡ് റിപ്പോർട്ടർ ആയിരുന്നു. 1996 ഇൽ എൻ.ഡി.ടി.വി. ഹിന്ദി എന്ന പ്രത്യേക ചാനൽ എൻ.ഡി.ടി.വി നെറ്റ്‍വർക്ക് തുടങ്ങിയപ്പോൾ ദിവസം തോറുമുള്ള വാർത്താ ചർച്ചയുടെ ചുമതല രവീഷ് കുമാറിനായിരുന്നു. ”പ്രൈം ടൈം” എന്ന ആ ഷോ ഹിന്ദി പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധേയമായി. എന്‍.ഡി.ടി.വിയിലെ തന്നെ ഹം ലോഗ്, രവീഷ് കി റിപ്പോര്‍ട്ട് എന്നീ പരിപാടികളും അദ്ദേഹത്തിന്റേതാണ്.

മോദി 2014 ഇൽ അധികാരത്തിൽ വന്നത് മുതൽ സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകളെ വിമർശിക്കാനും, സർക്കാരിന്റെ സമ്മർദ്ദങ്ങൾക്ക് കീഴ്പ്പെടാതിരിക്കാനും ധൈര്യം കാണിച്ച അപൂർവ്വം മാധ്യമ പ്രവർത്തകരിൽ ഒരാളാണ് രവീഷ് കുമാർ. ജെ.എൻ.യു സമരകാലത്ത് വ്യാജവാർത്തകളും വർഗീയതയും ഭിന്നിപ്പും വളർത്തുന്ന മാധ്യമങ്ങളുടെ അപചയത്തിനെതിരെ ഒരു മണിക്കൂർ പ്രൈം ടൈമിൽ ഇരുട്ടിൽ നിന്ന് സംസാരിച്ചായിരുന്നു രവീഷ് കുമാർ പ്രതിഷേധിച്ചത്. ഇക്കാലത്തെ മാധ്യമപ്രവർത്തന രീതിയോടുള്ള സ്വയം വിമർശനമായാണ് അത് വിലയിരുത്തപ്പെട്ടത്. ഈ എപ്പിസോഡ് മാഗ്‌സസെ പുരസ്‌കാര നിര്‍ണയ സമിതി പ്രത്യേകം എടുത്തുപറയുന്നുണ്ട്. സംഘപരിവാർ രാഷ്ട്രീയത്തെ ഭയപ്പെട്ട്‌ മോദിയുടെ സ്തുതിപാടകരായി മാറിക്കൊണ്ടിരിക്കുന്ന ദേശീയ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും രവീഷ് വ്യത്യസ്തനാകുന്നതും അതുകൊണ്ട് തന്നെയാണ്.

മാധ്യമങ്ങളെ കാണാൻ മടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോളിവുഡ് നടൻ അക്ഷയ് കുമാറും രാഷ്ട്രീയം ചര്‍ച്ച ചെയ്യാത്ത അരാഷ്ട്രീയമായ, അഭിമുഖം നടത്തിയതിനെ ട്രോളിയും രവീഷ് കുമാർ രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രി മാങ്ങ കഴിക്കാറുണ്ടോ എന്നായിരുന്നു അഭിമുഖത്തിലെ അക്ഷയ് കുമാറിന്റെ ഒരു ചോദ്യം. ഇതിനെ പരിഹസിച്ചാണ് രവീഷ് കുമാർ മാങ്ങയെ കുറിച്ച് ഒരു പ്രെെം ടെെം ചർച്ച തന്നെ എൻ.ഡി.ടി.വി യിൽ നടത്തിയത്. രാഷ്ട്രീയം പറയേണ്ടതില്ലാത്ത ഈ തിരഞ്ഞെടുപ്പ് കാലത്ത് തങ്ങളും രാഷ്ട്രീയം പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും, മാങ്ങയെ കുറിച്ച് പറഞ്ഞ് ഇന്നത്തെ പ്രെെം ടെെം തുടങ്ങാമെന്നാണ് കരുതുന്നതെന്നും പറഞ്ഞാണ് രവീഷ് കുമാർ ചർച്ച ആരംഭിച്ചത്.

ഇതോടെ സംഘപരിവാറിൽ നിന്നും കടുത്ത വിമർശനങ്ങളും വധഭീഷണിയും രവീഷ് കുമാറിന് നേരിടേണ്ടി വന്നിരുന്നു. രവീഷ് പാകിസ്താനിലേക്ക് പോകണമെന്നായിരുന്നു അവരുടെ ആവശ്യം. രവീഷ് കുമാറിനെ ലക്ഷ്യം വെച്ച് ഒരാൾ സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ എൻ.ഡി.ടി.വി പുറത്തു വിട്ടിട്ടുണ്ട്. ‘രവീഷ് കുമാർ കേൾക്കാൻ വേണ്ടിയാണ് പറയുന്നത്. ഒരു ദിനം നീ എന്റെ കൈകൊണ്ട് മരിക്കും. മരിക്കേണ്ടെന്നുണ്ടെങ്കിൽ താൻ തന്റെ വീടായ പാക്കിസ്ഥാനിലേക്കു പോകണം’ എന്ന് വീഡിയോയിൽ പറയുന്നുണ്ട്.

അതിനിടെ ആര്‍.എസ്.എസിനെയും ബി.ജെ.പി യെയും വിമര്‍ശിക്കരുതെന്ന് മുസ്ലിങ്ങളോട് രവീഷ് കുമാർ ആവശ്യപ്പെട്ടെന്ന തരത്തിലുള്ള വ്യാജ വാർത്തകളും പ്രചരിക്കപ്പെട്ടിരുന്നു. വാട്സ് ആപ്പ് വഴിയായിരുന്നു പ്രധാന പ്രചാരണം നടന്നത്. ചില പ്രാദേശിക ഓണ്‍ലൈന്‍ സൈറ്റുകളും രവീഷിന്റെ ഫോട്ടോ ഉൾപ്പടെ ഇത് സംബന്ധിച്ച് വാർത്തകൾ പ്രസിദ്ധികരിച്ചു. എന്നാൽ രവീഷ് കുമാർ ഇത്തരം വ്യാജ പ്രചാരണങ്ങളെ ശക്തമായി പ്രതിരോധിച്ച് രംഗത്ത് വന്നിരുന്നു.

2016 ലെ മികച്ച മാധ്യമപ്രവര്‍ത്തകനുള്ള റെഡ് ഇങ്ക് പുരസ്കാരവും, രണ്ടു തവണ രാംനാഥ് ഗോയങ്ക പുരസ്‌കാരവും രവീഷിന് ലഭിച്ചിട്ടുണ്ട്. ബീഹാറിലെ ലയോള ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഡൽഹിയിലെ ദേശബന്ധു കോളേജിൽ നിന്നും ബിരുദവും, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ നിന്ന് ബിരുദാനന്തര ബിരുദവും അദ്ദേഹം കരസ്ഥമാക്കിയിരുന്നു. ലേഡി ശ്രീറാം കോളേജിലെ ചരിത്ര അദ്ധ്യാപികയായ നയന ദാസ് ഗുപ്തയാണ് രവീഷിന്റെ ഭാര്യ.

അഞ്ചുപേര്‍ക്കാണ് ഇത്തവണ മാഗ്‍സസെ പുരസ്‌കാരം ലഭിച്ചത്. മ്യാന്‍മറില്‍നിന്നുള്ള കോ സ്വി വിന്‍, തായ്‌ലന്‍ഡില്‍നിന്നുള്ള അംഗ്ഹാന നീലാപായിജിത്, ഫിലിപ്പൈൻസില്‍നിന്നുള്ള റേയ്മണ്ടോ പുജാന്റെ കായാബ്യാബ്, ദക്ഷിണ കൊറിയയില്‍നിന്നുള്ള കിം ജോങ് കി എന്നിവരാണ് പുരസ്‌കാരം ലഭിച്ച മറ്റു നാലുപേര്‍.

Leave a Reply

Your email address will not be published. Required fields are marked *