Mon. Dec 23rd, 2024
#ദിനസരികള്‍ 836

ലോകത്തെ മതങ്ങളില്‍ ഏറ്റവും മഹത്തായത് ഹിന്ദുമതമാണെന്ന് വിശ്വസിച്ചു പോരുന്ന എസ്.എന്‍.ഡി. പിയടക്കമുള്ള ഹിന്ദുത്വ വര്‍ഗ്ഗീയ വാദികള്‍ ഹൈന്ദവ സന്യാസിയാണെന്ന് അവകാശപ്പെട്ടുകൊണ്ട് ബഹുമാനിച്ച് ആദരിച്ച് കൊണ്ടുനടക്കുന്ന ഒരാളാണല്ലോ നാരായണഗുരു. നാരായണഗുരുവിനെ ഹിന്ദു സന്യാസി എന്നു വിശേഷിപ്പിക്കുന്നതുതന്നെ ആക്ഷേപിക്കുന്നതിനു തുല്യമാണെങ്കിലും തങ്ങള്‍ തോളിലേറ്റി കൊണ്ടുനടക്കുന്ന നാരായണഗുരു, തന്റെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചത് കൃസ്ത്യാനികളായ ബ്രിട്ടീഷുകാരെയാണെന്ന് അറിയുമ്പോഴാണ് ഭാരതീയതയുടെ മേന്‍മയെപ്പറ്റി വാനോളം പൊങ്ങച്ചം പറഞ്ഞു നടക്കുന്നവരുടെ തലയൊന്ന് താഴുക. എന്നു മാത്രവുമല്ല, ബ്രിട്ടീഷുകാര്‍ ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും നാരായണഗുരു എന്ന സന്യാസിയെ നമുക്കു കിട്ടുകയുമില്ലായിരുന്നു. എന്നിട്ടും ഹിന്ദുമതത്തിന്റെ കള്ളിയിലേക്ക് – ഗുരുതന്നെ പല സാഹചര്യത്തിലും തനിക്ക് ജാതിയോ മതമോ ഇല്ല എന്നു വ്യക്തമാക്കിയിട്ടുണ്ട് – ഗുരുവിനെ കെട്ടിയിടാനുള്ള നീക്കങ്ങള്‍ക്കു മാത്രം ഒരു ശമനവുമില്ല എന്നതാണ് ഇന്നു നമ്മുടെ നാടനുഭവിക്കുന്ന ഗതികേട്.

പി.കെ. ബാലകൃഷ്ണന്‍  എഴുതിയ ‘നാരായണഗുരു’ എന്ന പുസ്തകത്തിലാണ് ബ്രിട്ടീഷുകാരാണ് തനിക്ക് സന്യാസം തന്നതെന്ന് ഗുരു പറയുന്നതായി രേഖപ്പെടുത്തിയിട്ടുള്ളത്. പി.കെ.ബി എഴുതുന്നു :-

ഒന്നാം ലോകമഹായുദ്ധം നടക്കുന്ന കാലത്ത് സ്വാമികളും ഒരു ശിഷ്യനുമായി ഇങ്ങനെ ഒരു സംഭാഷണമുണ്ടായി.

സ്വാമികള്‍ : ഇംഗ്ലീഷുകാര്‍ ജയിക്കാന്‍  നാമെല്ലാം പ്രാര്‍ത്ഥിക്കണം. നമുക്കൊക്കെ സന്യാസം നല്കിയ ഗുരുക്കന്മാരാണവര്‍.

ശിഷ്യന്‍ : സന്യാസം നല്കുക എന്നു എന്നുവെച്ചാല്‍ മന്ത്രോപദേശം ചെയ്തു കാഷായം നല്കുകയാണ് പതിവ്. തൃപ്പാദങ്ങള്‍ കല്പിച്ചതിന്റെ അര്‍ത്ഥം മനസ്സിലായില്ല.

സ്വാമികള്‍ : ശ്രീരാമന്റെ കാലത്തുകൂടി ശൂദ്രാദികള്‍ക്ക് സന്യസിപ്പാന്‍ പാടില്ലെന്നല്ലേ പറയുന്നത്? ഹിന്ദുക്കള്‍ സ്മൃതികള്‍ നോക്കി ഭരിക്കുന്നവരല്ലയോ ?

എത്ര മനോഹരവും ഗംഭീരവുമായിട്ടാണ് ഹിന്ദുത്വ സംഹിതകളേയും ജാതിയില്‍ അധിഷ്ഠിതമായ സാമൂഹ്യവ്യവസ്ഥയേയും ഗുരു നിരാകരിക്കുന്നതെന്ന് നോക്കുക. സ്മൃതികളെ അടിസ്ഥാനപ്പെടുത്തിയുള്ള വ്യവസ്ഥയാണ് നിലവിലുണ്ടായിരുന്നതെങ്കില്‍ സന്യസിക്കാന്‍ അധികാരിയല്ലാത്ത തനിക്കൊന്നും ഒരിക്കലും ഈ വഴി തിരഞ്ഞെടുക്കാന്‍ കഴിയില്ലായിരുന്നുവെന്ന് ഈഴവ സമുദായത്തില്‍ ജനിച്ച നാരായണഗുരുവിന് നന്നായി അറിയാമായിരുന്നു. മനുഷ്യനായി തലയുയര്‍ത്തിപ്പിടിച്ചു നിൽക്കാൻ അധസ്ഥിതരെ പ്രാപ്തരാക്കുന്നതില്‍ ഇംഗ്ലീഷുകാര്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ടെന്ന് ഗുരു തിരിച്ചറിഞ്ഞു.

ഇംഗ്ലീഷുകാരോടുള്ള സ്നേഹമൊന്നുമല്ല അവര്‍ ജയിക്കണമെന്നാഗ്രഹിക്കാന്‍ നാരായണഗുരുവിനെ പ്രേരിപ്പിച്ചത്. മറിച്ച് അവര്‍ പരജായപ്പെട്ടാല്‍ ഇന്ത്യയില്‍ അവരുടെ ശക്തി കുറയുകയും പതിയെപ്പതിയെ സ്മൃതികളെ അടിസ്ഥാനമാക്കി നിയമം നിശ്ചയിക്കുന്ന ഹിന്ദുസവര്‍ണ മേലാളന്മാരുടെ കീഴിലേക്ക് വീണ്ടും പാവപ്പെട്ട അധസ്ഥിതര്‍ ചെന്നു ചേരുകയും ചെയ്യുമെന്നുള്ളതുകൊണ്ടാണ് വൈദേശിക ശക്തികളാണെങ്കിലും ബ്രിട്ടീഷുകാരന്‍ വിജയിക്കണമെന്ന് ഗുരു ആഗ്രഹിച്ചത്. അത്രമാത്രം സവര്‍ണ പ്രത്യയ ശാസ്ത്രങ്ങളെ അദ്ദേഹം വെറുത്തിരുന്നുവെന്നതാണ് വസ്തുത.

ഗുരുവിന്റെ ഈ പ്രസ്താവനയുടെ വ്യാപ്തി ഏറ്റവും നന്നായി മനസ്സിലാക്കേണ്ടവര്‍ എസ്. എന്‍. ഡി. പിയടക്കമുള്ള ശൂദ്രസംഘടനകളാണ്. എന്നാല്‍ അവരാകട്ടെ തങ്ങള്‍ പിന്നിട്ടു പോന്ന ഒരു കെട്ട കാലത്തിന്റെ ചരിത്രത്തെ വിസ്മരിക്കുന്നു. വീണ്ടും സവര്‍ണ ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന്റെ കുഴലൂത്തുകാരായി മാറി ജാതി വ്യവസ്ഥയെ പിന്തുണക്കുന്നു. എന്തൊരു വൈപരീത്യത്തിലേക്കാണ് അവര്‍ സഞ്ചരിച്ചെത്തിയിരിക്കുന്നതെന്ന് നോക്കുക.

         ജ്ഞാനം പുറുത്തു തനിയെ വരികില്ല, കണ്ണു

         വേണം വരുന്നതിനു കണ്ണിനു കാന്തിപോലെ –

എന്ന ഗുരുവചനത്തെ ഓര്‍ത്തു പോകുന്നു.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

  

One thought on “നാരായണ ഗുരുവിനെ മനസ്സിലാക്കാത്ത എസ്.എൻ.ഡി.പി.”

Leave a Reply

Your email address will not be published. Required fields are marked *