ന്യൂഡെൽഹി:
കശ്മീര്‍ വിഷയത്തിൽ പരിഹാരമുണ്ടാക്കാൻ അമേരിക്കൻ സഹായം ആവശ്യമില്ലെന്ന് തുറന്ന് പറഞ്ഞു ഇന്ത്യ. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇക്കാര്യം അമേരിക്കയെ ബോധിപ്പിച്ചു.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായ മൈക് പോംപിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ്, കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട ഇന്ത്യൻ നിലപാട് ജയശങ്കര്‍ അറിയിച്ചത്. നേരത്തെ ഇക്കാര്യത്തിൽ അമേരിക്കയുടെ വാഗ്ദാനം ഡൊണാൾഡ് ട്രംപ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന്‍റെ മധ്യസ്ഥത ആവശ്യമില്ലായെന്ന മറുപടിയാണ് ഉണ്ടായിരിക്കുന്നത്. കശ്മീരിനെക്കുറിച്ച് ചർച്ചയുടെ ആവശ്യമുണ്ടെങ്കില്‍, അത്, ഇന്ത്യയും പാകിസ്ഥാനും മാത്രമായി നടത്തുമെന്നും ജയശങ്കർ, പോംപിയോടു വ്യക്തമാക്കി.
Wide ranging discussions with @SecPompeo on regional issues. pic.twitter.com/SOLxBDe3Q0
— Dr. S. Jaishankar (@DrSJaishankar) August 2, 2019
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് താല്പര്യമുണ്ടെങ്കിൽ, ജമ്മുകശ്മീരില്‍ താൻ മധ്യസ്ഥത വഹിക്കാം എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നത്. അമേരിക്ക ഏത് വിധത്തിലുള്ള സഹായവും നല്‍കാന്‍ തയ്യാറാണ്. മോദിക്കും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പ്രശ്നത്തിൽ പരിഹാരമുണ്ടാക്കാൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
മുൻപ്, കശ്മീര്‍ വിഷയം പരിഹരിക്കുവാൻ നരേന്ദ്രമോദി തന്നോട് സഹായം ആവശ്യപ്പെട്ടെന്ന ട്രംപിന്‍റെ പ്രസ്താവന വലിയ വിവാദമായിരുന്നു. എന്നാൽ, പാര്‍ലമെന്‍റിലിത് പ്രതിഷേധത്തിനിടയാക്കിയതോടെ ട്രംപ് സ്വമേധയാ സഹായവാഗ്ദാനം നൽകുകയായിരുന്നുവെന്ന വിശദീകരണമാണ് സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുമുണ്ടായത്. പക്ഷെ, സ്വന്തം നിലപാടിൽ മാറ്റം വരുത്താൻ ട്രംപ് തയ്യാറായിരുന്നില്ല.