Fri. Nov 22nd, 2024

ശ്രീനഗര്‍:

കശ്മീര്‍ താഴ് വരയില്‍ വീണ്ടും 28,000 അര്‍ധസൈനികരെ വിന്യസിച്ചു. ഇത്രയേറെപ്പേരെ വളരെ പെട്ടെന്ന് വിന്യസിക്കാനുള്ള കാരണം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ ആഴ്ച 100 കമ്പനി സൈനികരെയാണ് കേന്ദ്രം വിന്യസിച്ചത്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുക ലക്ഷ്യം വെച്ചാണ് സൈനിക വിന്യാസമെന്നാണ് ഔദ്യോഗിക വിശദീകരണം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ജമ്മു കാഷ്മീരില്‍ സന്ദര്‍ശനം നടത്തി മടങ്ങിയതിനു പിന്നാലെയാണ് കേന്ദ്രം സൈനിക വിന്യാസം ആരംഭിച്ചത്. ഇവിടത്തെ സര്‍ക്കാര്‍ രാജിവെച്ചതിനാല്‍ ഇപ്പോള്‍ രാഷ്ട്രപതി ഭരണത്തിലാണ്.

ജമ്മു കാശ്മീരില്‍ സൈനികരുടെ എണ്ണം കുറവാണെന്നും ഇതിനാലാണ് കൂടുതല്‍ സൈനികരെ വിന്യസിക്കുന്നത് എന്നുമാണ് കഴിഞ്ഞ ആഴ്ച ജമ്മു കാശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിംഗ് പറഞ്ഞത്. തിടുക്കത്തിലുണ്ടായ സൈനിക വിന്യാസം താഴ് വരയില്‍ യുദ്ധമടക്കമുള്ള പല അഭ്യൂഹങ്ങള്‍ക്കും കാരണമാകുന്നുണ്ട്.

ശ്രീനഗറിലെ പ്രശ്‌നബാധിത മേഖലകളിലും താഴ്‌വരയിലെ മറ്റിടങ്ങളിലുമാണ് ഇവരെ വിന്യസിച്ചത്. സി.ആര്‍.പി.എഫുകാരാണ് സംഘത്തില്‍ കൂടുതല്‍. അടുത്തിടെ ചില ആരാധനാലയങ്ങളുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇവയ്ക്കു കാവല്‍നില്‍ക്കുന്ന ഉദ്യോഗസ്ഥരെ വിദേശ ഭീകരര്‍ ലക്ഷ്യംവെക്കുന്നു എന്ന രഹസ്യാന്വേഷണവിവരത്തെ തുടര്‍ന്നായിരുന്നു ഇത്.

അതേസമയം കശ്മീരിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വേനലവധി 10 ദിവസം നേരത്തേ തുടങ്ങി. വ്യാഴാഴ്ച ഇവയെല്ലാം അടച്ചു. അമര്‍നാഥ് തീര്‍ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള ഭോജനശാലകളില്‍ ചിലത് പൂട്ടി. ഈ നടപടികളും സൈനികവിന്യാസവും ക്രമസമാധാനനില തകരാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണെന്നു കരുതി നാട്ടുകാര്‍ അവശ്യസാധനങ്ങള്‍ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *